മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്..; വിഷുപ്പുലരിയെ ധന്യമാക്കും ഈണങ്ങൾ!

Mail This Article
പ്രകൃതി തന്നെ കണിത്താലമൊരുക്കി നിൽക്കുന്ന മേടപ്പുലരിയെക്കുറിച്ചും വിഷു ദിനത്തെക്കുറിച്ചുമെല്ലാം ഏറെ വര്‍ണിച്ചിട്ടുണ്ട് നമ്മുടെ പാട്ടെഴുത്തുകാർ. ഐശ്വര്യത്തിന്റെ പൊന്നിന്‍ കണിയുമായെത്തുന്ന വിഷു ദിനം ഗൃഹാതുരമായ ഓര്‍മയാവുന്നത് ഈ മനോഹര ഗാനങ്ങള്‍ കൊണ്ടു കൂടിയാണ്. വിഷു പക്ഷിയുടെ മംഗളനാദവും കണിക്കൊന്നപ്പൂവിന്റെ അഴകുമുള്ള ആ ഗാനങ്ങളിലൂടെ.
ഓരോ വിഷുദിനത്തിലും മലയാളിയുടെ മനസ്സിൽ വിരുന്നെത്തുന്ന ഗാനമാണ് കണി കാണും നേരം.
'കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ച്ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ...'
വരികളില്‍ തന്നെയുണ്ട് ഒരു പൊന്നിന്‍കണിയുടെ ചന്തം. പൂന്താനത്തിന്റെ വരികള്‍ക്ക് സംഗീത ശില്‍പി ജി.ദേവരാജനാണ് മലയാളി മനസ്സിലേക്ക് പതിയുന്ന ഈണം നല്‍കിയത്. കുട്ടിക്കാലത്ത് അമ്മ ചൊല്ലി കേട്ട ഒരു സ്തോത്രത്തിന്റെ ഓർമയിലാണ് മാസ്റ്റർ ഈ ഗാനം ചിട്ടപ്പെടുത്തിയത്. ചടുലത കുറച്ച് ഈണവും ചെറുതായി മാറ്റിയപ്പോൾ എന്നുമെന്നും മലയാളിക്ക് പ്രിയങ്കരമായി. 1964 ൽ പുറത്തിറങ്ങിയ ഓമനക്കുട്ടൻ എന്ന ചിത്രത്തിലെ ഗാനം പി.ലീലയും രേണുകയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
അടിമകള്‍ എന്ന ചിത്രത്തിലെ ഗാനവും ഏറെ പ്രശസ്തമാണ്.
'ചെത്തി മന്ദാരം തുളസി
പിച്ചകമാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ
കണി കാണേണം...'
മയില്‍പ്പീലി ചൂടി മഞ്ഞത്തുകില്‍ ചുറ്റി മണിക്കുഴലൂതി നില്‍ക്കുന്ന ആ മനോഹര രൂപം കണ്‍മുന്നില്‍ തെളിയുന്നു വയലാറിന്റെ വര്‍ണനകളില്‍.
'വിഷു പക്ഷി ചിലച്ചു, നാണിച്ചു ചിലച്ചു
വസന്തം ചിരിച്ചു കളിയാക്കി ചിരിച്ചു'
എന്നാണ് ഇലഞ്ഞിപ്പൂക്കൾ എന്ന ചിത്രത്തിലേക്കായി മധു ആലപ്പുഴ എഴുതിയത്. യേശുദാസിന്റെ ശബ്ദത്തിൽ ഏറെ ഹിറ്റായ ഗാനമാണിത്.
പി.ലീല പാടിയ സംക്രമവിഷുപക്ഷീ.. എന്ന പാട്ടിലും കടന്നു വരുന്നുണ്ട് മനോഹരമായ വിഷുവോര്‍മകള്‍. 1973 ല്‍ പുറത്തിറങ്ങിയ ചുക്ക് എന്ന ചിത്രത്തിലെ ഗാനമാണിത്.
‘സംക്രമവിഷു പക്ഷീ
സംവത്സരപക്ഷീ
പൊന്‍മണിച്ചുണ്ടിനാല്‍ കാലത്തിന്‍ ചുമരിലെ
പുഷ്പ പഞ്ചാംഗങ്ങള്‍ മാറ്റി
നീയെത്ര പുഷ്പ പഞ്ചാംഗങ്ങള്‍ മാറ്റി’
ഏറെ ഹൃദ്യമായ ഒരു ഗാനമാണ് അമ്മയെ കാണാന്‍ എന്ന ചിത്രത്തില്‍ എസ്.ജാനകി പാടിയ 'കൊന്നപ്പൂവേ കിങ്ങിണിപ്പൂവേ ഇന്നെന്നെ കണ്ടാല്‍ എന്തു തോന്നും കിങ്ങിണിപ്പൂവേ...' എന്ന ഗാനം. പി.ഭാസ്‌ക്കരന്റെ വരികള്‍ക്ക് കെ.രാഘവനാണ് ഈണം നൽകിയിരിക്കുന്നത്. പ്രണയ ഗാനമാണെങ്കിലും വിഷുവിനെ ഓർമിപ്പിക്കുന്നു ഈ പാട്ട്.
നിറവാർന്ന വിഷുവിന്റെ ആഹ്ലാദച്ചിത്രം മുന്നിലെത്തിക്കുന്നു, 'സമ്മാനം' എന്ന ചിത്രത്തില്‍ വാണി ജയറാം പാടിയ
'എന്റെ കൈയ്യില്‍ പൂത്തിരി
നിന്റെ കൈയ്യില്‍ പൂത്തിരി
എന്നും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി' എന്ന ഗാനം.
കേള്‍ക്കുന്ന മാത്രയില്‍ പൊന്നിന്‍ കസവണിഞ്ഞ വിഷുദിനം പോലെ മനസ്സ് കുളിര്‍പ്പിക്കുന്ന പാട്ടാണ്, ദേവാസുരത്തിലെ
'മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്..
പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്'
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ. എം.ജി.ശ്രീകുമാറും അരുന്ധതിയും ചേര്‍ന്നാണ് ആലാപനം.
അതു പോലെ ഇമ്പമാര്‍ന്ന ഗാനമാണ് മഴവില്‍ക്കാവടിയില്‍ വേണുഗോപാല്‍ പാടിയ ഗാനം. കൈതപ്രവും ജോണ്‍സണും ചേര്‍ന്നൊരുക്കിയ ഗാനം ഉത്സവമേളം പോലെ ആഹ്ലാദ പെരുക്കങ്ങൾ തീർക്കും.
‘മൈനാകപ്പൊന്‍മുടിയില്‍
പൊന്നുരുകിത്തൂവിപ്പോയ്
വിഷുക്കണി കൊന്നപോലും
താലിപ്പൊന്‍ പൂവണിഞ്ഞു
തൂമഞ്ഞും പൊന്‍മുത്തായ്
പൂവെല്ലാം പൊന്‍പണമായ്...'
കാരുണ്യം എന്ന ചിത്രത്തിലേക്കായെഴുതിയ 'മറക്കുമോ നീയെന്റെ മൗനഗാനം' എന്ന ഗാനത്തിലും കൈതപ്രം വിഷുസ്മൃതികള്‍ കൊണ്ടുവരുന്നുണ്ട്.
'വടക്കിനി കോലായില്‍
വിഷുവിളക്കറിയാതെ
ഞാന്‍ തന്ന കൈനീട്ടമോര്‍മയില്ലേ..
വിടപറഞ്ഞകന്നാലും മാടി മാടിവിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയില്‍പ്പീലികള്‍..'
ലാല്‍സലാം എന്ന വിപ്ലവചിത്രത്തിനായി ഒഎന്‍വി എഴുതിയ ഗാനത്തിലും മനോഹരമായ ഒരു വിഷുച്ചിത്രം തെളിയുന്നു.
ആരോ പോരുന്നെൻ കൂടെ എന്ന ഗാനത്തിൽ.
"ചക്കക്കുപ്പുണ്ടോ
പാടും ചങ്ങാലി പക്ഷീ
വിത്തും കൈക്കോട്ടും..
കൊണ്ടേ എത്താന്‍ വൈകല്ലേ..
വയലേലകൾ പാടുകയായ്
കാഞ്ഞെരിയുന്നവരേ
പുതുതാമൊരു ലോകമിതാ വരവായ്''
എം.ജി.ശ്രീകുമാറും സുജാതയും പാടിയ അതി മനോഹരമായ ഗാനമാണിത്.
ഒഎന്‍വിയുടെ വരികള്‍ക്ക് ശരത്ത് സംഗീതം നല്‍കിയ ഹൃദ്യമായൊരു ഗാനമുണ്ട്.
'വിഷുക്കിളി കണിപ്പൂ കൊണ്ടു വാ
മലര്‍ക്കുടന്നയില്‍ തേനുണ്ണാന്‍ വാ..'
ചിത്ര പാടിയ ഈ മനോഹര ഗാനം, ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലേതാണ്. പുനരധിവാസം എന്ന ചിത്രത്തില്‍ ജി. വേണുഗോപാല്‍ പാടിയ പാട്ടിലും വരുന്നുണ്ട് വിഷു.
'പാടുന്നു വിഷു പക്ഷികള്‍
മെല്ലെ മേട സംക്രമ സന്ധ്യയില്‍
ഒന്ന് പൂക്കാന്‍ മറന്നേ പോയൊരു
കൊന്നതന്‍ കുളിര്‍ ചില്ലമേല്‍'
സ്‌നേഹ സാന്ദ്രമായ് പോകുന്നു നീയീ പാഴ്‌തൊടിയിലെ കണിക്കൊന്നപോല്‍
എന്നാണ് ഭാവ സാന്ദ്രമായ ഈ പാട്ട് അവസാനിക്കുന്നത്.
ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തില്‍ ഷിബു ചക്രവര്‍ത്തി എഴുതിയ ഗാനമാണ്,
'കണിക്കൊന്നകള്‍ പൂക്കുമ്പോള്‍
മണിത്തൊങ്ങലും ചാര്‍ത്തുമ്പോള്‍
ആരേകും വിഷു കൈനീട്ടം'
രവീന്ദ്രൻ മാഷിന്റെ സംഗീതത്തില്‍ സുജാത മോഹൻ പാടിയ പാട്ട് വിഷുവിന്റെ ഊഷ്മള സാന്നിധ്യം ഓര്‍മിപ്പിക്കുന്നതാണ്.
കൊന്നപ്പൂ പൂക്കുന്നൊരെന്റെ നാട്ടില്‍. പൊന്നാര്യന്‍ കൊയ്യുന്നോരെന്റെ നാട്ടില്‍... വരികൊണ്ടും സംഗീതം കൊണ്ടും ആലാപനം കൊണ്ടും മികച്ച ഒരു ഗാനമാണിത്. മലയാളിയില്‍ ഗൃഹാതുരസ്മരണയുണര്‍ത്തുന്ന രചന ഗീരീഷ് പുത്തഞ്ചേരിയുടേതാണ്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ ഗാനം പി.ജയചന്ദ്രന്റെ ആലാപന മാധുര്യവും രവീന്ദ്രന്റെ മാസ്മരികമായ ഈണവും കൊണ്ട് ഏറെ പ്രശസ്തമായ ഗാനമാണ്.
രവീന്ദ്രന്റെ ഈണത്തില്‍ ഗിരീഷ് പുത്തഞ്ചേരി എഴുതി ഏറെ ഹിറ്റായ നന്ദനത്തിലെ ഗാനം കണ്ണിന് കണിയായ കണ്ണനുള്ള സംഗീതതാര്‍ച്ചന തന്നെയാണ്.
'മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി
മഞ്ഞപ്പട്ടാംബരം ചാര്‍ത്തി
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം'
'ഗോദ' യിൽ ഷാന്‍ റഹ്മാന്‍ ഈണം നല്‍കി സിതാര കൃഷ്ണകുമാര്‍ പാടിയ ഗാനത്തിലുമുണ്ട് വിഷു സാന്നിധ്യം. ഏറെ ഹിറ്റായ ഈ പാട്ടിന് വരികളെഴുതിയത് മനു മഞ്ജിത്താണ്.
'പൊന്നും കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും
ചന്തം മിനുങ്ങണ മിന്നല്‍ക്കൊടി ആരിവളേ...'
കണ്ണനും കണിയും കൈനീട്ടവും കാത്തിരിപ്പും ഒത്തു ചേരലുമെല്ലാം പറയുന്ന വിഷുപ്പാട്ടുകള്‍ സ്‌നേഹവും സ്വപ്‌നങ്ങളും പ്രത്യാശയും പങ്കുവയ്ക്കുന്നവയാണ്.