വിവാദങ്ങൾക്കിടെ പാട്ട്; ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി ദിവ്യ എസ് അയ്യർ

Mail This Article
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ പാട്ടു പാടി കയ്യടി നേടി സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ. ചടങ്ങിന്റെ ഭാഗമായി സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് ദിവ്യ അതിഥി ഗായികയായി എത്തിയത്. ഉർവശി അഭിനയിച്ച ‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന ചിത്രത്തിലെ ‘കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും നേരം’ എന്ന ഗാനമാണ് ദിവ്യ ആലപിച്ചത്. ദിവ്യ എസ് അയ്യർ വേദിയിൽ പാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ നടി ഉർവശിയുമായി സൗഹൃദസംഭാഷണം നടത്തുന്നതിനിടെ അവിചാരിതമായി സ്റ്റീഫൻ ദേവസി ദിവ്യ എസ് അയ്യരെ വേദിയിലേക്ക് പാട്ടു പാടാൻ ക്ഷണിക്കുകയായിരുന്നു. വേദിയിെത്തിയ ദിവ്യ പ്രിയതാരം ഉർവശിയെ നേരിൽ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ചു. അതിനുശേഷം ഉർവശി അഭിനയിച്ച സിനിമകളിലെ രണ്ടു പാട്ടുകളും പാടി.
വലിയ കയ്യടികളോടെയാണ് ദിവ്യയുടെ പാട്ടുകളെ കാണികൾ സ്വീകരിച്ചത്. ദിവ്യയെ മന്ത്രി സജി ചെറിയാൻ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി പാടേണ്ടി വന്നിട്ടും ഭംഗിയായി പാടി എന്നാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന കമന്റ്. രാഷ്ട്രീയ വിവാദങ്ങൾ കത്തി നിൽക്കുന്നതിന് ഇടയിലാണ് ദിവ്യയുടെ പാട്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിനെ തുടർന്ന് ദിവ്യ എസ് അയ്യർ കടുത്ത സൈബറാക്രമണം നേരിട്ടിരുന്നു. എന്നാൽ, താന്‍ പറഞ്ഞതു സ്വന്തം അനുഭവത്തില്‍നിന്നുള്ള കാര്യമാണെന്നും ഒരാളെ കുറിച്ചു നല്ലതു പറയുന്നതിന് എന്തിനാണു മടിക്കുന്നത് എന്നുമായിരുന്നു ദിവ്യ എസ്. അയ്യരുടെ മറുചോദ്യം.