മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ...; എന്തിനവളെ തനിച്ചാക്കി നീ പോയി?

Mail This Article
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്...
തേനോലും സാന്ത്വനമായി ആലോലംകാറ്റ്...
സന്ധ്യാരാഗവുംതീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നുനീ പൂന്തിങ്കളേ...
ഈയടുത്ത കാലത്ത് കലാഭവൻ ഷാജോൺ ഒരു ടിവി മ്യൂസിക് ഷോയിൽ പാടുന്നതു കേട്ടതിൽപിന്നെയാണ് ഈ പാട്ട് വീണ്ടും ഇടയ്ക്കിടെ ചുണ്ടിൽ മധുരമുള്ളൊരീണമായി വരാൻ തുടങ്ങിയത്. ചേരലിന്റെയും പിരിയലിന്റെയും വേദന നിറയുന്ന ഈ വരികൾ കൈതപ്രത്തിന്റേതാണ്. ജോൺസൺ മാഷിന്റെ സംഗീതം. യേശുദാസിന്റെ ശബ്ദത്തിൽ എത്രയോവട്ടം കേട്ടിരിക്കുന്നു ഈ ഗാനം. സുഹാസിനി; തിരക്കാഴ്ചയിൽ എപ്പോഴും ഇഷ്ടം തോന്നിപ്പിക്കുന്നൊരു നായികാമുഖം. മന്ദഹാസത്തിന്റ തുമ്പത്തെപ്പോഴുമൊരു മൗനവും അതിനൊപ്പമൊരു നൊമ്പരവും ഉള്ളിലടക്കുന്ന എത്രയോ സുഹാസിനികളെ കണ്ടിരിക്കുന്നു ജീവിതത്തിൽ. പ്രണയം കയ്യെത്തുംദൂരെ നഷ്ടപ്പടുമ്പോഴും ഉള്ളിലൊരു സങ്കടമടക്കി പുഞ്ചിരിക്കുന്നു സുഹാസിനികൾ...
പണ്ടെങ്ങോ കണ്ടു പാതിമറന്ന ‘സമൂഹം’ എന്ന സത്യൻ അന്തിക്കാട് ചിത്രം വീണ്ടും ഓർമിപ്പിച്ചതും അവളെയാണ്. രാജലക്ഷ്മി. അതായിരുന്നു അവളുടെ പേര്. ആ പേരും ഞാൻ മറന്നിരുന്നു. പക്ഷേ ആ മുഖം ഓർമയിൽ നന്നെ തെളിഞ്ഞുനിന്നു. ആ പെൺമനസ്സിലെ സങ്കടം ഓരോ ഓർമയിലും ഉള്ളറിഞ്ഞു. സുധാകരന്റെ മുറപ്പെണ്ണായിരുന്നു അവൾ. മണ്ണും പറമ്പും കൃഷിയുമൊക്കെയായി ജീവിച്ചൊരു തനിനാട്ടുമ്പുറത്തുകാരന്റെ ഭാര്യയായി, കുടുംബിനിയായി, അദ്ദേഹത്തിന്റ കുഞ്ഞുങ്ങളുടെ അമ്മയായി, പേരക്കിടാങ്ങളുടെ നല്ല മുത്തശ്ശിയായി സന്തോഷത്തോടെ ജീവിക്കേണ്ടിയിരുന്നവൾ. എത്ര അപ്രതീക്ഷിതമായാണ് രാജലക്ഷ്മിയുടെ ജീവിതവും അവളുടെ പ്രണയവും തിരുത്തപ്പെട്ടത്. ആൾക്കൂട്ടത്തിനു മുന്നിൽ ആദ്യമായി സംസാരിക്കേണ്ടിവന്നപ്പോൾ സഭാകമ്പം കൊണ്ട് ചുണ്ടുവിറച്ച രാജലക്ഷ്മി എത്ര ആകസ്മികമായാണ് പിന്നീട് അന്നാട്ടിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് ജനസാരഥിയായി മാറിയത്. അധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും കസേരയിലേക്കു കയറിയിരുന്നതോടെ പ്രിയപ്പെട്ട, ഏറ്റവും പ്രിയപ്പെട്ട ഏതെല്ലാം ഇടങ്ങളിൽനിന്നാണ് അവൾ ആട്ടിയിറക്കപ്പെട്ടത്.
പക്ഷേ അതൊന്നുമായിരുന്നില്ല അവളെ വേദനിപ്പിച്ചത്. അവൾ പ്രാണനോളം സ്നേഹിച്ച സുധാകരന്റെ ഹൃദയത്തിൽനിന്നുകൂടി പടിയിറങ്ങേണ്ടിവന്നപ്പോഴല്ലേ അവൾ ആരുമല്ലാതെ, ആരുമില്ലാതെ മാഞ്ഞുമാഞ്ഞുപോയത്. ഈ പാട്ട് സുധാകരന്റെയും രാജലക്ഷ്മിയുടെയും നല്ലോർമകളുടെ സമാഹാരമാണ്. ഒരുമിച്ചു മൂളിപ്പാടി നടന്ന നാട്ടിടവഴികൾ, വഴുതിവീഴാതെ കൈചേർത്തുപിടിച്ചു നടന്ന പാടവരമ്പുകൾ.. പുഞ്ചിരി സമ്മാനിച്ച പരിചയക്കൂട്ടങ്ങൾ.. ഏറ്റവുമടുപ്പത്തോടെ ഇടപഴകിയ വീട്ടകങ്ങൾ.. പഴയോർമകളുടെ ഓരോ ഫ്രെയിമിലും അവൾ ഇപ്പോൾ തിരയുന്നത് അയാളെ മാത്രമാണ്. ആൾക്കൂട്ടത്തിൽനിന്നൊരിക്കൽ അവളെത്തേടി അയാൾ വീണ്ടും വരുമെന്ന പെൺപ്രതീക്ഷയിലേക്കുകൂടിയാണ് പോക്കുവെയിൽ ചാഞ്ഞുവീഴുന്നത്.
ഗാനം: തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
ചിത്രം: സമൂഹം
ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ജോൺസൺ
ആലാപനം: കെ.ജെ.യേശുദാസ്
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )
പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപ്പന്തലിൽ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )
കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)