പഹൽഗാം ഭീകരാക്രമണം: അനിരുദ്ധിനും അർജിത്തിനും പിന്നാലെ സംഗീതപരിപാടി റദ്ദ് ചെയ്ത് ശ്രേയ ഘോഷാൽ

Mail This Article
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംഗീത പരിപാടി റദ്ദ് ചെയ്ത് ഗായിക ശ്രേയ ഘോഷാൽ. ‘ഓൾ ഹാർട്സ് ടൂർ’ എന്ന പേരിൽ നടത്തുന്ന സംഗീത പര്യടനത്തിന്റെ ഭാഗമായി ശനിയാഴ്ച സൂറത്തിൽ നടത്താനിരുന്ന പരിപാടിയാണ് ശ്രേയ റദ്ദ് ചെയ്തത്. പരിപാടിയുടെ സംഘാടകരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഓൾ ഹാർട്സ് ടൂറിന്റെ ഭാഗമായ എല്ലാ കലാകാരന്മാരോടും ആലോചിച്ചതിനു ശേഷം എടുത്ത തീരുമാനമാണിതെന്നും ടിക്കറ്റ് എടുത്ത എല്ലാവർക്കും തുക തിരികെ നൽകുമെന്നും സംഘാടകർ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ശ്രേയ ഘോഷാലിനെ ടാഗ് ചെയ്തുകൊണ്ടാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അനിരുദ്ധ് രവിചന്ദറും അർജിത് സിങ്ങും സംഗീതപരിപാടികൾ റദ്ദ് ചെയ്തത് വാർത്തയായിരുന്നു. പിന്നാലെയാണ് ശ്രേയ ഘോഷാലിന്റെ പരിപാടി സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നത്. രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുത്ത ഗായകരെ വാഴ്ത്തുകയാണ് സമൂഹമാധ്യമ ലോകം.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരമർപ്പിച്ച് സിനിമാ–സംഗീതരംഗത്തെ നിരവധി പേർ രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നീതി ഉറപ്പാക്കണമെന്നും രാജ്യം ഒറ്റക്കെട്ടായി പൊരുതണമെന്നും ആഹ്വാനം ചെയ്ത് നിരവധി പ്രമുഖരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് സമൂഹമാധ്യമ കുറിപ്പുകൾ പങ്കിട്ടത്.