‘ആ ദുഃഖം എനിക്ക് ഒരിക്കലും തീരില്ല രാജലക്ഷ്മി’; കാണുമ്പോഴൊക്കെ അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു: അനുസ്മരിച്ച് ഗായിക

Mail This Article
ഇന്നലെ അന്തരിച്ച ഷാജി.എൻ.കരുൺ എന്ന സംവിധാന പ്രതിഭയ്ക്ക് ആദരം അർപ്പിച്ച് ഗായിക രാജലക്ഷ്മി. ഷാജി.എൻ.കരുണിന്റെ ‘കുട്ടിസ്രാങ്ക്’ എന്ന സിനിമയിൽ 2 ഗാനങ്ങൾ രാജലക്ഷ്മി ആലപിച്ചിരുന്നു. രാജലക്ഷ്മിയെ ആ വർഷത്തെ മികച്ചഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കുകയും യുഗ്മഗാനമാണ് പാടിയത് എന്ന പേരിൽ പുരസ്‌കാരം നഷ്ടമാവുകയുമുണ്ടായി. ഷാജി.എൻ.കരുണിനെ പരിചയപ്പെട്ടതു മുതൽ മരണം വരെ തനിക്ക് പുരസ്കാരം ലഭിക്കാത്തതിന്റെ ദുഃഖം അദ്ദേഹം പങ്കുവച്ചിരുന്നു എന്ന് രാജലക്ഷ്മി പറയുന്നു. ഒരു മകളോടുള്ള സ്നേഹ വാത്സല്യങ്ങൾ തന്നോട് അദ്ദേഹം കാണിച്ചിരുന്നുവെന്നു രാജലക്ഷ്മി ഓർമിച്ചു. പിതൃതുല്യനായ, മഹാനായ കലാകാരന്റെ വിയോഗം തന്റെ സ്വകാര്യ നഷ്ടം കൂടിയാണെന്ന് രാജലക്ഷ്മി മനോരമ ഓൺലൈനിനോടു പറഞ്ഞു.
‘ഞാൻ ഷാജി സാറിന്റെ 'കുട്ടി സ്രാങ്ക്' എന്ന സിനിമയിൽ രണ്ട് പാട്ടുകൾ പാടിയിട്ടുണ്ട്. അതിന്റെ റെക്കോർഡിങ് എറണാകുളത്ത് വച്ചായിരുന്നു. അതിന്റെ സംഗീതസംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ഇപ്പോൾ ജീവിച്ചിരിപ്പില്ല. റെക്കോർഡിങ് സമയത്ത് ഷാജി സാറിനെ ഞാൻ കണ്ടിട്ടില്ല. അതുകഴിഞ്ഞ് സിനിമ റിലീസ് ആയി. അതിനുശേഷം സിനിമ അവാർഡിന് പരിഗണിച്ചു. ദേശീയ അവാർഡിൽ ആ വർഷം മികച്ച ഗായികയുടെ അവാർഡിന് എന്നെ പരിഗണിച്ചിരുന്നുവെന്നും, യുഗ്മഗാനമായതുകൊണ്ട് അത് തള്ളിപ്പോയി എന്നും വാർത്ത വന്നിരുന്നു.
ഞാൻ തിരുവനന്തപുരത്ത് സ്ഥിരതാമസം ആയപ്പോഴാണ് ഷാജി സാറിനെ നേരിട്ട് കാണുകയും പരിചയപ്പെടുകയും ചെയ്യുന്നത്. എന്നെ കണ്ട ഉടൻ അദ്ദേഹം പറഞ്ഞത് "രാജലക്ഷ്മി പാട്ട് നന്നായിരുന്നു, പക്ഷേ അതിന് ദേശീയ അവാർഡ് കിട്ടാത്തതിൽ വലിയ ദുഃഖമുണ്ട്. അത് രാജലക്ഷ്മിക്ക് കിട്ടേണ്ടതായിരുന്നു" എന്നാണ്. എപ്പോൾ കാണുമ്പോഴും ഷാജി സർ ഇതു തന്നെ പറയും. തിരുവനന്തപുരത്ത് ആയതുകൊണ്ട് തന്നെ ഷാജി സാറിനെ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടായിരുന്നു. സർക്കാർ പരിപാടികളിൽ ഒക്കെ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. കാണുമ്പോഴൊക്കെ പുരസ്കാര നഷ്ടത്തെക്കുറിച്ചു പറയുന്ന അദ്ദേഹത്തോട്, സാറ് എപ്പോഴും ഇത് പറഞ്ഞിട്ട് കാര്യമില്ലല്ലോ അതൊക്കെ കഴിഞ്ഞു പോയില്ലേ എന്ന് ഒരിക്കൽ ഞാൻ ചോദിച്ചു. അപ്പോഴും അദ്ദേഹം പറഞ്ഞു, "ആ ദുഃഖം എനിക്ക് ഒരിക്കലും തീരില്ല രാജലക്ഷ്മീ" എന്ന്.
എന്നെ ഒരു മകളെ പോലെയാണ് അദ്ദേഹം കണ്ടിരുന്നത്. തിരുവനന്തപുരത്ത് വന്നതിനുശേഷം ഞങ്ങളുടെ അടുപ്പും വല്ലാതെ കൂടി. സ്നേഹവാത്സല്യത്തോടെയാണ് അദ്ദേഹം എന്നോട് ഇടപെട്ടിരുന്നത്. പലരും ഒരു വലിയ സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തോടു ബഹുമാനത്തോടെ ഇടപെടുമ്പോൾ ഞാൻ ഒരു മകളെപ്പോലെയായിരുന്നു അദ്ദേഹത്തിനോട് ഇടപെട്ടിരുന്നത്. അത് കാണുമ്പോൾ എല്ലാവർക്കും അദ്ഭുതമായിരുന്നു. പലരും ചോദിച്ചിട്ടുണ്ട് രാജലക്ഷ്മിക്ക് ഷാജി സാറിനോട് എങ്ങനെയാണ് ഇത്രയും അടുപ്പം വന്നത് എന്ന്. എനിക്കു പിതാവിനോടുള്ള സ്നേഹ ബഹുമാനങ്ങൾ ആയിരുന്നു അദ്ദേഹത്തോട് ഉണ്ടായിരുന്നത്. പിന്നീട് അദ്ദേഹത്തിനു വേണ്ടി പാടാൻ കഴിഞ്ഞിട്ടില്ല, അദ്ദേഹത്തിന്റെ സിനിമകളിലൊന്നും അധികം പാട്ടുകള്‍ ഉണ്ടാകാറില്ലല്ലോ.
3 മാസം മുൻപ് തിരുവനന്തപുരത്ത് വച്ച് നടന്ന ഒരു പരിപാടിയിൽ വച്ചാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. അന്ന് അദ്ദേഹം തീരെ അവശനായിരുന്നു. അന്നും പറഞ്ഞു എന്റെ അവാർഡ് നഷ്ടത്തെക്കുറിച്ച്. ആ പാട്ടുകൾ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്നും രാജലക്ഷ്മിക്ക് അവാർഡ് കിട്ടാത്തതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. ഏതു പരിപാടിക്ക് കണ്ടാലും, ഞാൻ എത്ര ആൾക്കൂട്ടത്തിനിടയിൽ നിന്നാലും എന്നെ കണ്ടാൽ ഉടനെ അദ്ദേഹം അടുത്തേക്കു വിളിക്കും, വിശേഷങ്ങൾ ചോദിക്കും. അങ്ങനെ ഒരു വലിയ അടുപ്പം അദ്ദേഹവുമായിട്ടുണ്ടായിരുന്നു.
കുറച്ചുനാളായി ശാരീരിക അവശതകൾ അദ്ദേഹത്തെ അലട്ടിയിരുന്നു. അവസാനമൊക്കെ കാണുമ്പോൾ വല്ലാതെ അശക്തനായിരുന്നു. പക്ഷേ പരിപാടികൾക്കു വരുമ്പോൾ അദ്ദേഹം ഇല്ലാത്ത ഊർജസ്വലത എടുത്തണിയും. അവസാനം കണ്ടപ്പോൾ അദ്ദേഹത്തിന് ചായയും ഭക്ഷണങ്ങളും ഒക്കെ എടുത്തു കൊടുത്തതു ഞാനാണ്. അദ്ദേഹത്തിന് അന്ന് തീരെ വയ്യായിരുന്നു. ഞാൻ ചോദിച്ചു സാറേ എന്തിനാണ് സുഖമില്ലാതെ വന്നത് എന്ന്, പക്ഷേ അദ്ദേഹം അത് സമ്മതിച്ചു തരില്ല. എനിക്കൊരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് പരിപാടിയെല്ലാം നന്നായി നടത്തി എല്ലാത്തിനും പങ്കെടുത്തു.
അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് വലിയ നഷ്ടമാണ്. പിതൃതുല്യനായ ഒരു മഹാ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ നഷ്ടം സിനിമ ലോകത്തിനു തന്നെ നികത്താൻ കഴിയാത്ത വിടവാണ്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നിടത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണ് ഞാൻ. മലയാള സിനിമയിലെ ഗായകരുടെ കൂട്ടായ്മയായ സമം പ്രതിനിധികളായി ഞങ്ങൾ കുറച്ചുപേർ ഒത്തുചേർന്ന് കലാഭവനിലേക്ക് പോവുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’, രാജലക്ഷ്മി പറഞ്ഞു.