‘ഇന്ത്യൻ ആർമിക്ക് സല്യൂട്ട്’; ‘ഓപ്പറേഷന് സിന്ദൂർ’ പ്രശംസിച്ച് അദ്നാൻ സമിയും അനിരുദ്ധ് രവിചന്ദറും

Mail This Article
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ഗായകർ. ‘ഇന്ത്യൻ ആർമിക്ക് സല്യൂട്ട്’ എന്നായിരുന്നു അനിരുദ്ധ് രവിചന്ദർ പ്രതികരിച്ചത്. ഓപ്പറേഷൻ സിന്ദൂർ എന്ന് എഴുതിയ ചിത്രം ‘ജയ് ഹിന്ദ്’ എന്ന അടിക്കുറിപ്പോടെ ഗായകൻ അദ്നാൻ സമി പങ്കുവച്ചു.
പഹൽഗാം ആക്രമണത്തിനു പിന്നാലെ അദ്നാൻ സമിയുടെ പൗരത്വത്തെ ചേദ്യം ചെയ്ത് പാക്കിസ്ഥാൻ മുൻ മന്ത്രി സി.എച്ച്.ഫവാദ് ഹുസൈൻ രംഗത്തുവന്നത് വലിയ വിവാദമായിരുന്നു. പാക്ക് പൗരർ ഇന്ത്യ വിടണമെന്ന കേന്ദ്ര നിർദേശത്തിനു പിന്നാലെ ‘അദ്നാൻ സമിയുടെ കാര്യം എങ്ങനെ’ എന്ന ചോദ്യമാണ് ഫവാദ് ഉന്നയിച്ചത്. തുടർന്ന് ‘അക്ഷരാഭ്യാസമില്ലാത്ത ഈ വിഡ്ഢിയോട് ആര് മറുപടി പറയുന്നു’, എന്ന് പുച്ഛത്തോടെ അദ്നാൻ തിരിച്ചടിക്കുകയും ചെയ്തിരുന്നു. 2016 മുതൽ അദ്നാൻ സമി ഇന്ത്യൻ പൗരനാണ്. പാക്ക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനിൽ ജനിച്ച സമി, 2015 ലാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയത്. തൊട്ടടുത്ത വർഷം ജനുവരിയിൽ പൗരത്വം ലഭിച്ചു.
അതേസമയം ‘കണ്ണിനു കണ്ണ് എന്ന രീതി ലോകം മുഴുവൻ അന്ധമാക്കും’ എന്ന ഗാന്ധി വചനം ഗായകൻ ഷഹബാസ് അമൻ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചു. പോസ്റ്റിനു താഴെ ഒട്ടേറെ പേര‍്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്നേഹപൂർവം വിയോജിക്കുന്നു എന്നാണ് പലരും കുറിച്ചിരിക്കുന്നത്.