ആ ഗാനം അച്ഛൻ പ്രണയിനിക്കുവേണ്ടി എഴുതിയത്; വെളിപ്പെടുത്തി സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ

Mail This Article
സത്യൻ അന്തിക്കാട് എഴുതിയ സൂപ്പർഹിറ്റ് പ്രണയഗാനത്തിന്റെ ഓർമകൾ പങ്കുവച്ച് മകനും സംവിധായകനുമായ അഖിൽ സത്യൻ. അച്ഛനും അമ്മയും ഒരുമിച്ചു നിൽക്കുന്ന ചിത്രത്തിനു പശ്ചാത്തലമായി ‘ഒരു നിമിഷം തരൂ’ എന്ന ഗാനം ചേർത്ത ഫേസ്ബുക്ക് പോസ്ററിലൂടെയാണ് പാട്ടിനു പിന്നിലെ കഥ അഖിൽ സത്യൻ പങ്കുവച്ചത്. ജേസി സംവിധാനം ചെയ്ത ‘സിന്ദൂരം’ എന്ന സിനിമയ്ക്കു വേണ്ടി സത്യൻ അന്തിക്കാട് എഴുതിയ ‘ഒരു നിമിഷം തരൂ നിന്നിലലിയാൻ’ എന്ന ഗാനം മലയാളികളുടെ പ്രിയപ്പെട്ട പ്രണയഗാനങ്ങളിലൊന്നാണ്. റേഡിയോയിൽ പാട്ട് കേൾക്കുമ്പോൾ അമ്മയ്ക്കുവേണ്ടി എഴുതിയതാണെന്നു മനസ്സിലാവാൻ അമ്മയുടെ പേര് വാരികളിൽ ഉൾപ്പെടുത്തിയ സത്യൻ അന്തിക്കാട് ബ്രില്ല്യൻസിനെക്കുറിച്ചാണ് അഖിൽ സത്യന്റെ കുറിപ്പ്.
അഖിൽ സത്യന്റെ വാക്കുകൾ: ‘അച്ഛന്റെ ഇരുപതുകളിലാണ് ഈ സൂപ്പർഹിറ്റ് ഗാനം എഴുതുന്നത്. മലയാളത്തിലെ വലിയ പാട്ടെഴുത്തുകാർ തലയെടുപ്പോടെ നിന്നിരുന്ന കാലമായിരുന്നു അത്. എന്തായാലും ഈ ഗാനം നിത്യഹരിതമാവുകയും അദ്ദേഹമെഴുതിയ മികച്ച ഗാനങ്ങളിലൊന്നായി മാറുകയും ചെയ്തു. റേഡിയോയിലൂടെ പാട്ടുകേൾക്കുമ്പോൾ ഇത് ശരിക്കും ആർക്കുവേണ്ടി എഴുതിയതാണെന്ന് മനസ്സിലാക്കാൻ അച്ഛൻ അമ്മയുടെ പേരിന്റെ ആദ്യ ഭാഗം –നിർമല– എന്നും വരികളിൽ എഴുതിചേർത്തു.’
‘നിർമലേ എൻ അനുരാഗം തളിർത്തുവെങ്കില്‍’ എന്നതാണ് സത്യൻ അന്തിക്കാട് ഭാര്യയുടെ പേര് ചേർത്ത് എഴുതിയിരിക്കുന്ന ആ വരികൾ. സത്യൻ അന്തിക്കാടിന്റെ വരികൾക്ക് സംഗീതം നൽകിയത് എ.ടി.ഉമ്മർ ആണ്. യേശുദാസ് ആലപിച്ച ഗാനം ഇന്നും മലയാളികൾ നെഞ്ചോടു ചേർക്കുന്ന പ്രണയഗാനങ്ങളിലൊന്നാണ്.