‘തനനം തനനം...’ ഈ പാട്ട് മൂളാത്തവരുണ്ടോ?; പ്രണയികളുടെ ഭരതൻ–ഔസേപ്പച്ചൻ ക്ലാസിക്

Mail This Article
താരും തളിരും മിഴിപൂട്ടി...
താഴെ ശ്യാമാംബരത്തിൻ നിറമായി...
ചില പാട്ടുകൾ കേൾക്കുമ്പോൾ വർഷങ്ങളേറെ മുൻപത്തെ ഏതേതോ ഓർമയിലേക്ക് മനസ്സു തിരികെപ്പറക്കുന്നതുപോലെ തോന്നാറില്ലേ?. ഏതോ ഒരിഷ്ടകാലത്തു കേട്ട പാട്ടുകൾ കുറെക്കാലം കഴിഞ്ഞ് വീണ്ടും കേൾക്കുമ്പോൾ എന്തിനെന്നറിയാതെ മനസ്സ് വീണ്ടും ആ ഇഷ്ടത്തിന്റെ കുളിരുതേടാറില്ലേ?. ഏതോ നോവുകാലത്ത് ഗദ്ഗദമടക്കി കേട്ട പാട്ടുകൾ ഇപ്പോൾ വീണ്ടും കേൾക്കുമ്പോൾ കണ്ണീരുവറ്റിയ മുറിപ്പാടുകളിൽ വീണ്ടും ചോര കിനിയാറില്ലേ. പാട്ടിനു മാത്രമാകുന്നൊരു മാജിക് ആയിരിക്കാം അത്. ആദ്യം കേട്ട ഓർമയിലേക്കും അക്കാലത്തെ ഇഷ്ടങ്ങളിലേക്കും നഷ്ടങ്ങളിലേക്കും നൊമ്പരങ്ങളിലേക്കും പ്രണയത്തിലേക്കും പിൻനടത്തുന്ന പാട്ടുമാജിക്.
പലർക്കും അതുപോലൊരു പാട്ടാണ് ‘താരും തളിരും മിഴിപൂട്ടി’ എന്നു തുടങ്ങുന്ന ഗാനം. ആകാശവാണിയിലെ നട്ടുച്ച ഒരുമണിനേര ഗാനോത്സവങ്ങളിലായിരിക്കണം ഈ പാട്ട് ഞാൻ ആദ്യമായി കേട്ടത്. അന്ന് ഞാൻ ‘ചിലമ്പ്’ എന്ന ചിത്രം കണ്ടിട്ടില്ല. ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആ ചിത്രത്തിലെ കാൽച്ചിലമ്പിന്റെ കുടുംബകഥ കേട്ടിട്ടില്ല. പള്ളിവാളിനും കാൽച്ചിലമ്പിനുമായി അങ്കം കുറിക്കാൻപോലും മടിക്കാത്ത പരമുവിനെക്കുറിച്ചറിയില്ല. തറവാട്ടിലെ ആർക്കും പ്രവേശനമില്ലാത്ത നിലവറയ്ക്കുള്ളിൽ കാലങ്ങളായി ഒരു നിധിപോലെ സൂക്ഷിച്ച ഏറ്റവും വിലപ്പെട്ട ആ ചിലമ്പ് പരമുവിനു കൈമാറുന്ന അംബികയുടെ പ്രണയവും അറിയില്ല. എന്നിട്ടും ആ പാട്ടിലെ നൊമ്പരം എന്നെ ഉൾത്തൊടുന്നുണ്ടായിരുന്നു.
സ്വന്തം കുടുംബത്തെ മുഴുവൻ ചോരക്കറയിലാഴ്ത്തിയ ആ കാൽച്ചിലമ്പു തിരികെ സ്വന്തമാക്കാതെ അടങ്ങുകയില്ലായിരുന്നു പരമുവിന്റെ ചുടുയൗവനം. പടിയിറങ്ങേണ്ടിവന്ന തറവാട്ടിലെ പിതൃക്കളുടെ ഓർമകൾ അവനെ വേട്ടയാടാൻ തുടങ്ങിയപ്പോഴാകണം ആ കാൽച്ചിലമ്പു തേടി അവൻ ഇറങ്ങിത്തിരിച്ചത്. എന്നാൽ ചെന്നെത്തുന്നതാകട്ടെ ആ കാൽച്ചിലമ്പിലേക്കു മാത്രമായിരുന്നില്ലല്ലോ. ചിലമ്പിനൊപ്പം അവന്റെ സുന്ദരമായ മറ്റൊരു കണ്ടെത്തലായി അംബിക എന്ന പെൺകുട്ടി. പ്രണയത്തിന്റെ പള്ളിവാൾച്ചിലമ്പുമായി അവൾ അത്രകാലം പരമുവിന്റെ തിരഞ്ഞുവരവിനുവേണ്ടി കാത്തിരിക്കുകയായിരുന്നെന്നുപോലും തോന്നി. ശോഭനയും റഹ്മാനും ചേർന്നുള്ള ഇഷ്ടജോഡിയെ നെഞ്ചിലേറ്റിയവർക്ക് ഈ ഗാനം മറക്കാൻ കഴിയില്ല. ഔസേപ്പച്ചന്റെ സംഗീതത്തിൽ യേശുദാസും ലതികയും ചേർന്ന് ആലപിച്ച ഈ ഗാനം മലയാളികളിൽ പലരും ഇന്നും അവരുടെ പ്രണയഗൃഹാതുരതയോടു ചേർത്തുവയ്ക്കുന്നുണ്ടാകും.
ഗാനം: താരും തളിരും മിഴിപൂട്ടി
ചിത്രം: ചിലമ്പ്
രചന: ഭരതൻ
സംഗീതസംവിധാനം: ഔസേപ്പച്ചൻ
ആലാപനം: യേശുദാസ്, ലതിക
താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
കേകയായ് കേഴുമ്പോൾ
കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്
ദൂരെയേതൊ കാനനത്തിൽ
പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്
പുത്തിരി താളത്തിൽ കൊത്തിയപ്പോൾ
കാൽത്തള കിലുങ്ങിയോ
തനന തനന തനന
എന്റെ കണ്മഷി കലങ്ങിയോ
തനന നനന നനനനനന
കാൽത്തള കിലുങ്ങിയോ
കണ്മഷി കലങ്ങിയോ
മാറത്തെ മുത്തിന്ന് നാണം വന്നോ
ഉള്ളിൽ ഞാറ്റുവേലാ കാറ്റടിച്ചോ
തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരു
പട്ടു ഞൊറിയിട്ട കോമരമാകും
തുള്ളി ഉറഞ്ഞു ഞാൻ
തനന തനന തനന
കാവാകെ തീണ്ടുമ്പോൾ
തനന നനന നനനനനന
തുള്ളി ഉറഞ്ഞു ഞാൻ
കാവാകെ തീണ്ടുമ്പോൾ
മഞ്ഞപ്രസാദത്തിൽ ആറാടി
വരൂ കന്യകെ നീ കൂടെ പോരൂ