‘വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ല, ദൈവത്തിനു മാത്രമേ സഹായിക്കാന് കഴിയൂ’; കടുത്ത മാനസിക സംഘർഷത്തിലാണെന്ന് സൂചന നൽകി ജസ്റ്റിൻ ബീബർ

Mail This Article
കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് സൂചന നൽകി പോപ് താരം ജസ്റ്റിൻ ബീബർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരിക പോസ്റ്റുകളാണ് ഗായകൻ മാനസിക പിരിമുറുക്കത്തിലാണെന്ന ആശങ്ക ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. ‘വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും ദൈവത്തിനോടു സഹായം ചോദിക്കുന്നു’ എന്നും ജസ്റ്റിൻ ബീബർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മെച്ചപ്പെട്ട വ്യക്തിയാകാൻ സ്വയം ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
‘ഞാൻ കുഴപ്പങ്ങളുള്ള വ്യക്തിയാണ്. അറിയാതെയെങ്കിലും ചില സമയങ്ങളിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇനിയും വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ആളുകളെ അറിയാതെ വേദനിപ്പിച്ചേക്കാം. പക്ഷേ സ്വാർത്ഥനാവാതെ വളരാനുള്ള ഒരു അവസരവുമായാണ് ഞാൻ ഇന്ന് ഉറക്കം ഉണർന്നത്. സ്നേഹം നമ്മെ ആകർഷിക്കുന്നു. സ്നേഹം നമ്മെ കളങ്കപ്പെടുത്തുന്നില്ല. ഏറ്റവും നല്ലതിൽ സ്നേഹം വിശ്വസിക്കുന്നു. സ്നേഹം എല്ലാം പ്രതീക്ഷിക്കുന്നു. സ്നേഹം തെറ്റുകളുടെ കണക്കുപുസ്തകം സൂക്ഷിക്കുന്നില്ല. ക്ഷമിക്കാനും ശത്രുക്കളെപ്പോലും സ്നേഹിക്കാനും നമ്മെ പ്രാപ്തരാക്കുന്നു.
ഞാൻ സ്വാർത്ഥനാണെന്നു പറഞ്ഞാൽ തുറന്നുകാട്ടപ്പെടുമോ എന്ന് ഭയന്നു. അത് ഞാൻ തുറന്നുസമ്മതിച്ചാൽ ചിലപ്പോൾ എല്ലാവരും എന്നെ സ്നേഹക്കാതെയും വിശ്വസിക്കാതെയുമാകും. മറ്റുള്ളവരുടെ അത്യാഗ്രഹങ്ങൾ കണ്ടെത്താൻ എളുപ്പമാണ്. എന്നാൽ നമ്മുടെ അതിമോഹങ്ങൾ തിരിച്ചറിയുക എന്നത് പ്രയാസമുള്ള കാര്യമാണ്. ദൈവത്തിനു മാത്രമാണ് നമ്മുടെ അത്യാഗ്രഹങ്ങളും സ്വാർത്ഥതയും മാറ്റാൻ സാധിക്കുക’ , ബീബർ പോസ്റ്റിൽ കുറിച്ചു.
അതേസമയം ജസ്റ്റിൻ ബീബറുടെ പോസ്റ്റുകൾക്കു താഴെ ആരാധകർ കൂട്ടമായി എത്തി ആശങ്ക അറിയിച്ചിരിക്കുകയാണ്. ‘അദ്ദേഹത്തിന് സഹായം ആവശ്യമാണ്, എനിക്ക് അത് മനസ്സിലാകുന്നുണ്ട്’ എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. നിരവധി ആളുകൾ ജസ്റ്റിൻ ബീബറിനു പ്രാർഥനകളും ആശംസകളും നേരുകയും ചെയ്തിട്ടുണ്ട്.
ഈ വർഷത്തെ മെറ്റ് ഗാലയിൽ നിന്നു ജസ്റ്റിൻ ബീബർ വിട്ടുനിന്നതും അദ്ദേഹം മാനസിക സംഘർഷത്തിലാണോ എന്ന ആശങ്ക ആരാധകർക്കിടയിലുണ്ടാക്കുന്നതിനു കാരണമായി. ജസ്റ്റിന്റെ ഭാര്യ ഹെയ്‌ലി മെറ്റ് ഗാലയിൽ പങ്കെടുത്തിരുന്നു. ഈ സമയം ഐസ്‌ലാൻഡിലാണ് ജസ്റ്റിൻ സമയം ചെലവഴിച്ചിരുന്നത്.