‘ഇതുപോലൊരു ഭ്രാന്തൻ ഫാൻ മറ്റാർക്കും കാണില്ല’; മോഹൻലാലിനുവേണ്ടി തരുൺ മൂർത്തി ട്രാക്ക് പാടുന്ന വിഡിയോ പുറത്ത്

Mail This Article
വീണ്ടും ആരാധകരെ അദ്ഭുതപ്പെടുത്തി ‘തുടരും’ സിനിമയിലെ ബിടിഎസ് വിഡിയോ. ചിത്രത്തിൽ മോഹൻലാലിനു പശ്ചാത്തലമായി എത്തുന്ന ‘കാടിറങ്ങി’ എന്ന ട്രാക്ക് സംവിധായകനായ തരുൺ മൂർത്തി പാടുന്നതിന്റെ വിഡിയോയാണ് പുതിയതായി പുറത്തുവിട്ടിരിക്കുന്നത്. ‘360 ഡിഗ്രി ഫാൻ ബോയ്’ എന്ന അടിക്കുറിപ്പോടെയാണ് തരുൺ മൂർത്തി വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ജേക്സ് ബിജോയ് സംഗീതം നൽകിയ ട്രാക്കാണ് തരുൺ മൂർത്തി പാടുന്നത്. ഇതിനു മുൻപ് ‘കാടേറും കൊമ്പാ’ എന്ന മാസ്സ് ട്രാക്ക് എഴുതിയത് തരുൺ മൂർത്തിയാണെന്ന കൗതുകം അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു. വിഡിയോ പുറത്തുവന്നതിനു പിന്നാലെ തരുൺ മൂർത്തിയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ‘ഇതുപോലൊരു ഭ്രാന്തൻ ഫാൻ ബോയ് മറ്റാർക്കും കാണില്ല’, ‘നിങ്ങൾ ഒരു സംഭവം തന്നെ’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ.
ചിത്രത്തിലെ ‘കൊണ്ടാട്ടം’, ‘എന്തൊരു ചേലാണ്’, ‘കഥ തുടരും’ തുടങ്ങിയ ഗാനങ്ങളും വലിയ ശ്രദ്ധനേടിയിരുന്നു. യൂട്യൂബിൽ തരംഗമായ ‘കൊണ്ടാട്ടം’ എന്ന ഗാനത്തിനും ജേക്സ് ബിജോയ് തന്നെയാണ് ഈണമൊരുക്കിയിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ട് എം.ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.