റാപ്പ് സോങ്ങിൽ ഭക്തിഗാനത്തിന്റെ വരികൾ; സന്താനം 100 കോടി നൽകണം, മാനനഷ്ടത്തിന് കേസ്

Mail This Article
സിനിമയിലെ റാപ്പ് സോങ്ങിൽ ഭക്തിഗാനം ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് ഭാനുപ്രകാശ് റെഡ്ഡി. നാളെ റിലീസ് ചെയ്യുന്ന ‘ഡിഡി നെക്സ്റ്റ് ലെവല്‍’ എന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘കിസ്സ 47’ എന്ന ഗാനം സിനിമയിൽനിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നാണ് ആർഎസ്എസ് നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുപ്പതി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശ്രീ വെങ്കടേശ്വരനെ പ്രകീര്‍ത്തിക്കുന്ന പ്രശസ്ത ഭക്തിഗാനമായ ‘ശ്രീനിവാസ ഗോവിന്ദ’യിലെ വരികളാണ് ചിത്രത്തിലെ ഒരു റാപ്പ് ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുമെന്നും ആളുകള്‍ തമ്മിലുള്ള ഐക്യം തകരുന്നതിനു കാരണമാകുമെന്ന് ഭാനുപ്രകാശ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചിത്രത്തിലെ നായകനായ സന്താനത്തിനെതിരെയും നിഹാരിക എന്റർടൈൻമെന്റിനെതിരെയും അദ്ദേഹം മാനനഷ്ട കേസ് ഫയൽ ചെയ്തു. പരാതിയുടെ ഒരു കോപ്പി സെന്‍സര്‍ ബോര്‍ഡിന് അയച്ചിട്ടുണ്ട്. സിനിമകള്‍ക്ക് അനുമതി നൽകുമ്പോള്‍ സെൻസർ ബോർഡ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഭാനുപ്രകാശ് പ്രതികരിച്ചു.
പ്രേം ആനന്ദ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നിഹാരിക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയനപ്പള്ളിയും ആര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഓഫ്റോ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.