ശാന്തം, സ്വസ്ഥം; ഭാര്യയ്ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് യേശുദാസ്

Mail This Article
ഏറെ നാളുകൾക്ക് ശേഷം ഭാര്യ പ്രഭയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗാനഗന്ധർവൻ യേശുദാസ്. ആരോഗ്യനില മോശമായതിനെത്തുടർന്ന് യേശുദാസ് ചികിത്സയിലാണെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഗായകൻ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനു വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണു താമസം. കോവിഡ് കാലത്തിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല. 85ാം വയസ്സിലും വീട്ടിൽ സംഗീത പരിശീലനം മുടങ്ങാതെ തുടരുന്നുണ്ട്. ഇടയ്ക്ക് അമേരിക്കയിലെ വേദികളിൽ കച്ചേരികളും അവതരിപ്പിക്കുന്നു. പച്ചക്കറി വാങ്ങാനും ഷോപ്പിങ്ങിനും സ്വയം കാറോടിച്ചുപോകുന്ന യേശുദാസിന്റെ വിശേഷങ്ങൾ മുൻപൊരിക്കൽ സമൂഹമാധ്യങ്ങളിൽ നിറഞ്ഞിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗാനഗന്ധര്‍വന്‍ യേശുദാസ്. തലമുറകളായി പാടി ഓരോരുത്തരുടേയും ബാല്യവും കൗമാരവും യൗവനവും കടന്ന് മധ്യവയസ്സും വാർധക്യവുമൊക്കെ ആ ശബ്‍ദത്തിന്‍റെ ആലാപനമാധുരിയിൽ ലയിച്ചുചേർന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധിക ഭാര്യ പ്രഭയാണെന്നാണ് അടുപ്പമുള്ളവരും അദ്ദേഹവും പറയാറുള്ളത്. പാട്ടുകളിലൂടെയാണ് ഇരുവരും അടുക്കുന്നത്. പാട്ടിനോടുള്ള ഇഷ്ടമാണ് അദ്ദേഹത്തോടുള്ള ആരാധനയിലേക്ക് എത്തിച്ചതെന്ന് പ്രഭ മുൻപൊരിക്കൽ പറഞ്ഞിരുന്നു. പ്രഭയോടുള്ള പ്രണയത്തെക്കുറിച്ച് പറയുന്ന യേശുദാസിന്റെ വാക്കുകൾ പലവട്ടം വൈറലായിട്ടുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിൽ ഏറെ നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചെത്തിയിരിക്കുകയാണ് യേശുദാസ്.