‘യന്ത്രതോക്കുകളെക്കാൾ മൂർച്ചയുള്ള വരികൾ’; തരംഗമായി വേടന്റെ സിനിമ പാട്ട്

Mail This Article
വീണ്ടും തരംഗമായി റാപ്പർ വേടന്റെ സിനിമ പാട്ട്. അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ എന്ന ചിത്രത്തിലെ ‘വാടാ വേടാ’ എന്ന ഗാനമാണ് യൂട്യൂബിൽ തരംഗമായി മാറിയിരിക്കുന്നത്. വേടന്റെ വരികൾക്ക് ജേക്സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയിയും വേടനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കാടിന്റെ മക്കളോടുള്ള ഭരണകൂടത്തിന്റെ അനീതിക്കെതിരെയുള്ള ശക്തമായ പ്രതികരണമാണ് പാട്ടിലെ വരികൾ. വേടൻ കൈവിലങ്ങ് പൊട്ടിച്ചെറിയുന്നതും സ്വാതന്ത്ര്യത്തിന്റെ തൈ നടുന്നതും ഗാനരംഗങ്ങളിൽ കാണാം. സിനിമയിലെ പല രംഗങ്ങളും പാട്ടിൽ ചേർത്തിട്ടുണ്ട്. പുറത്തിറങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പാട്ട് ട്രെൻഡിങ്ങിലെത്തി. വേടന്റെ വരികൾ ആരാധകർ നെഞ്ചോട് ചേർത്തു വയ്ക്കുകയാണ്. ‘ആ വരിയിലെ വികാരം തീ ആണ്’, ‘എങ്ങനെ എഴുതാൻ പറ്റുന്നു ഇങ്ങനെ’, ‘യന്ത്രതോക്കുകളെക്കാൾ മൂർച്ചയുള്ള വരികൾ’, ‘കനൽ കൊണ്ട് എഴുതി’, എന്നിങ്ങനെയാണ് ചില കമന്റുകൾ.
അറസ്റ്റിനും വിവാദങ്ങൾക്കും ശേഷം വേടന്റാതായി പുറത്തിറങ്ങുന്ന സിനിമാഗാനമാണ് നരിവേട്ടയിലേത്. ‘തെരുവിന്റെ മകൻ’, ‘മോണലോവ’ എന്നീ സ്വന്തം ഗാനങ്ങൾ വേടൻ നേരത്തെ പുറത്തിറക്കിയിരുന്നു. രണ്ടു ഗാനങ്ങൾക്കും വലിയ ജനശ്രദ്ധയാണ് ലഭിച്ചിരുന്നത്. അറസ്റ്റിനു ശേഷം വീണ്ടും വേദിയിലെത്തിയപ്പോഴും വലിയ സ്വീകരണമാണ് വേടന് ലഭിച്ചത്.
‘ഇഷ്‌ക്’ എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘നരിവേട്ട’. ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ടൊവീനോ തോമസാണ് ചിത്രത്തിലെ നായകൻ. സുരാജ് വെഞ്ഞാറമൂടും തമിഴ് സംവിധായകനും നടനുമായ ചേരനും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.