‘ഉൾക്കടലായി നാം’; സിത്താരയുടെ പുതിയ പാട്ട് ശ്രദ്ധ നേടുന്നു

Mail This Article
ഗായിക സിത്താര കൃഷ്ണകുമാറിന്റെ ഏറ്റവും പുതിയ ഗാനം ‘ഉൾക്കടലായി നാം’ ശ്രദ്ധ നേടുന്നു. സിദ്ദാർഥ് സെൽവരാജ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ചെയ്ത് വരികൾ എഴുതിയിരിക്കുന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിമാണ് ‘ഉൾക്കടലായി നാം’. അനന്തു വിജയന്‍ സംഗീതം നൽകിയിരിക്കുന്ന ഷോർട്ട് മ്യൂസിക്കൽ ഫിലിമിൽ അഭിമൽ ദിനേഷും നവ്നി സത്യനും ചേർന്നാണ് അഭിനയിച്ചിരിക്കുന്നത്.
പണ്ടെങ്ങോ പ്രണയിച്ചു പിരിഞ്ഞവരുടെ മനസിന്റെ വിഹ്വലതകളാണ് ഷോർട്ട് മ്യൂസിക്കൽ ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്നത്. വേർപിരിഞ്ഞിടത്തുനിന്നു നടന്നു നീങ്ങാൻ കഴിയാത്ത ആളും നടന്നുനീങ്ങിയ ആളും തമ്മിലുള്ള അന്തരം കാണിച്ചുതരാൻ ‘ഉൾക്കടലായി നാ’മിനു സാധിക്കുന്നുണ്ട്. രാത്രിയെ കൂട്ടുപിടിച്ച് ചിത്രീകരിച്ച മ്യൂസിക്കൽ ഷോർട്ട് ഫിലിം വളരെ നേർമയോടെ വിരഹത്തിന്റെ വേദന ഹൃദയത്തിലാഴ്ത്താൻ മാത്രം ശക്തമാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
എത്ര ആഗ്രഹിച്ചാലും തിരിച്ചുകിട്ടാത്ത ഓർമകളിലേക്ക് കൊണ്ടുപോകുന്ന ഗാനത്തിനു വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. ‘ഹൃദയസ്പർശിയായ ഗാനം’, ‘ഗംഭീര ഗാനം’, ‘ഭംഗിയുള്ള വരികളും പാട്ടും ഫ്രെയ്മും’, ‘സൂപ്പർ’ എന്നിങ്ങനെയാണ് ചില കമന്റുകൾ. സിത്താരയുടെ ആലാപനത്തെ അഭിനന്ദിച്ചും നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.