'അന്നെന്നരികിൽ വന്നുവെന്നോ';മൃദുവായ താരാട്ടുപാട്ടോ അതോ പ്രിയതമയ്ക്കുള്ള ഉണർത്തുപാട്ടോ

Mail This Article
അന്നെന്നരികിൽ വന്നുവെന്നോ...
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
നിദ്രയല്ലാത്തൊരു നിദ്രയിൽ കാണുന്ന സ്വപ്നമല്ലാത്തൊരു സ്വപ്നം. മോഹൻലാൽ വെള്ളിത്തിരയിൽ ഇക്കാലമത്രയും അവതരിപ്പിച്ച ഓരോ കഥാപാത്രത്തെയും കാണുമ്പോൾ ഇങ്ങനെ കൊതിച്ചുപോകാറില്ലേ നമ്മളിൽ പലരും? സ്വപ്നമല്ലാത്തൊരു സ്വപ്നമായി, പ്രണയമായി, ചങ്ങാത്തമായി, വാത്സല്യമായി, കുറുമ്പും കുസൃതിയുമായി എന്നാണ് ലാലേട്ടൻ നമ്മുടെയൊക്കെ മനസ്സിൽ ഇടംപിടിച്ചത്. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ സോഷ്യൽമീഡിയ വാളുകളിൽ മുഴുവൻ ഇടതുതോൾ ചെരിച്ചുകൊണ്ടും കണ്ണിറുക്കിച്ചിരിച്ചുകൊണ്ടും ആ മുഖം നിറഞ്ഞുനിന്നപ്പോൾ, ഞാൻ വെറുതെയോർമിക്കുകയായിരുന്നു, മലയാളത്തിന്റെ പായൽപ്പച്ചച്ചുമരുകളിൽ ഈ മുഖം എന്നേ പതിഞ്ഞതാണെന്ന്. ഓരോ മലയാളിയും മനസ്സിലെ സ്വകാര്യചുമരിൽ എത്ര വർണങ്ങളിൽ, എത്രയെത്ര ഭാവങ്ങളിൽ ഈ മുഖം എന്നേ പകർത്തിവച്ചതാണെന്ന്.
ഏറ്റവുമിഷ്ടപ്പെട്ട കുറച്ചു മോഹൻലാൽപാട്ടുകളാണ് കഴിഞ്ഞദിവസം എന്റെയും പ്ലേ ലിസ്റ്റിൽനിന്നൊഴുകിയത്. പാട്ടുപാടിയഭിനയിക്കുന്ന ലാലിനോട് പണ്ടേ മലയാളിക്കൊരു ഇഷ്ടക്കൂടുതലുണ്ട്. അതുകൊണ്ടാകാം ഏറ്റവുമിഷ്ടപ്പെട്ട മോഹൻലാൽപ്പാട്ടേതെന്ന എന്റെ തിരഞ്ഞുപോക്കും വഴിമുട്ടിയത്. പാടുമ്പോൾ, നടനമാടുമ്പോൾ, വിരൽത്തുമ്പിലൊരു വീണയെ തൊടുമ്പോൾ, ചുണ്ടിലൊരു പുല്ലാങ്കുഴൽ ചേരുമ്പോൾ, കൈത്തലങ്ങളൊരു തബലയിലോ ഹാർമോണിയത്തിലോ പതിഞ്ഞമരുമ്പോൾ എന്തൊരഴകാണ് അദ്ദേഹത്തിനെന്ന് ഓരോ പാട്ടും ഓർമിപ്പിച്ചു. പാട്ടുകേട്ടുകേട്ടിരുന്ന് പാതിമയങ്ങിത്തുടങ്ങിയൊരു നേരത്താകണം പെട്ടെന്ന് ആ പാട്ടുവന്നുതൊട്ടത്.
ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ..ഏഴുവർണ്ണകളും നീർത്തി...
രാവുറങ്ങിത്തുടങ്ങിയൊരു മനസ്സിൽ രവീന്ദ്രസംഗീത്തിന്റെ മഴവില്ലു വിരിയുകയായിരുന്നു. ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രം ഞാൻ കണ്ടതെന്റെ സ്കൂൾ കാലത്തെപ്പോഴോ ആയിരിക്കണം. ഗസറ്റഡ് യക്ഷിയുടെയും സാഗർ കോട്ടപ്പുറത്തിന്റെയും കഥ പറഞ്ഞൊരു സാധാരണ സിനിമയിൽനിന്ന് എന്തിനാണ് പിന്നീട് ഞാൻ ആ പാട്ടുമാത്രം അടർത്തിയെടുത്ത് ഓർമച്ചെപ്പിൽ സൂക്ഷിച്ചതെന്നറിയില്ല. പിന്നീട് ആ ചിത്രം ആവർത്തിച്ചുകണ്ടതായി ഓർമയില്ല, പക്ഷേ എത്രയെത്രവട്ടം ആ പാട്ടിലേക്കും ആ പാട്ടു തുടങ്ങുന്ന തണുത്ത രാത്രിയുടെ ഏകാന്തതയിലേക്കും തിരിച്ചുപോയിരിക്കുന്നു. ഉറങ്ങിക്കിടക്കുന്ന ഏറ്റവും പ്രിയപ്പെട്ടൊരാൾ ഉണരുംവരെയുള്ള കാത്തിരിപ്പിലാണ് ആ പാട്ടു തുടങ്ങുന്നത്. മൃദുവായൊരു താരാട്ടുപാട്ടോ... അതോ പ്രിയതമയ്ക്കുവേണ്ടിയുള്ള ഉണർത്തുപാട്ടോ...ഓരോ കേൾവിയിലും ഞാൻ ആ കൂട്ടിരിപ്പു സങ്കൽപിച്ചുനോക്കിയിരിക്കണം... അപ്പോഴൊക്കെ ആ പാട്ടിലെ കടുംചുവന്നൊരു പനിനീർപ്പൂ എന്റെ ചുറ്റിലും വാസനിച്ചുമിരിക്കണം.
അന്നെന്നരികിൽ വന്നുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
ഇപ്പോഴും ഈ പാട്ടു കേൾക്കുമ്പോഴും ഞാൻ അറിയുന്നില്ലല്ലോ.
ഗാനം: ഏതോ നിദ്രതൻ
ചിത്രം: അയാൾ കഥയെഴുതുകയാണ്
രചന: കൈതപ്രം
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ.ജെ യേശുദാസ്
ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ
ഏഴുവർണ്ണകളും നീർത്തി..
തളിരിലത്തുമ്പിൽ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായ്
മൃദുപദമോടെ.. മധുമന്ത്രമോടെ..
അന്നെന്നരികിൽ വന്നുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ
ആവണിപ്പൂവായ് നീ നിന്നുവെന്നോ...
കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ
ഉള്ളം തുറന്നുവെന്നോ..
അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും
പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ
പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ...
അതിലൂറുമമൃതകണങ്ങൾ കോർത്തു നീ
അന്നും കാത്തിരുന്നെന്നോ..
അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും
അനുരാഗദൂതുമായ് പറന്നുവെന്നോ...
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...