‘രോമാഞ്ചം’; രമ്യ നമ്പീശന്റെ കവർ സോങ് ഏറ്റെടുത്ത് പ്രേക്ഷകർ

Mail This Article
നടിയും ഗായികയുമായ രമ്യ നമ്പീശന്റെ കവർ സോങ് വിഡിയോ ആരാധക ശ്രദ്ധ നേടുന്നു. തഗ് ലൈഫ് സിനിമയ്ക്കുവേണ്ടി എ.ആർ.റഹ്മാൻ സംഗീതം നൽകിയ ‘മുത്ത മഴൈ’ എന്ന ഗാനത്തിന്റെ കവർ സോങ്ങാണ് വൈറലാകുന്നത്. രമ്യ നമ്പീശൻ ഭംഗിയായി പാടി എന്നാണ് പ്രേക്ഷകപക്ഷം. ഭാവന, ശിൽപ ബാല ഉൾപ്പെടെയുള്ള പ്രമുഖർ വിഡിയോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ‘രോമാഞ്ചം’, ‘അടിപൊളി’, ‘തകർത്തു’ എന്നിങ്ങനെയാണ് ചില കമന്റുകൾ.
എ.ആർ.റഹ്മാൻ ചിട്ടപ്പെടുത്തിയ ‘മുത്ത മഴൈ’ എന്ന ഗാനത്തിന്റെ തമിഴ് വേർഷന്‍ ആലപിച്ചിരിക്കുന്നത് ദീ എന്ന ദീക്ഷിതയാണ്. എന്നാൽ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി വേർഷനുകളിൽ ഈ പാട്ട് പാടിയിരിക്കുന്നത് ചിന്മയി ശ്രീപദയാണ്. അമൃത സുരേഷാണ് മലയാളത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ ‘മുത്ത മഴൈ’ എന്ന ഗാനത്തിന്റെ തമിഴ് വേർഷന്‍ ചിന്മയി ആലപിച്ചിരുന്നു. പാട്ടിന്റെ ചിന്മയി വേർഷൻ ഒറിജിനലിനേക്കാൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തു.
മൂന്ന് പതിറ്റാണ്ടിന് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ഒരുക്കിയ ചിത്രമാണ് തഗ് ലൈഫ്. വലിയ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. എന്നാൽ ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ജനശ്രദ്ധ നേടിയിരുന്നു.