‘അവൻ പൊറുക്കാനാവാത്ത തെറ്റ് ചെയ്തു’; സിദ്ധു മൂസാവാലയുടെ കൊലപാതകത്തെ കുറിച്ച് മുഖ്യപ്രതി ഗോൾഡി ബ്രാർ

Mail This Article
പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി ഗോള്‍ഡി ബ്രാര്‍. ഒരിക്കലും പൊറുക്കാനാവാത്ത ചില തെറ്റുകൾ ചെയ്തത് കൊണ്ടാണ് മൂസാവാലയെ കൊലപ്പെടുത്തിയതെന്ന് ബ്രാർ തുറന്നുപറഞ്ഞു. ബിബിസിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കൊലപാതകത്തിന് പിന്നിലെ കാരണം ഗോൾഡി ബ്രാർ വെളിപ്പെടുത്തിയത്.
‘അവന്റെ അഹങ്കാരം കൊണ്ട് ഒരിക്കലും പൊറുക്കാനാവാത്ത ചില തെറ്റുകള്‍ ചെയ്തു. അവനെ കൊല്ലുകയല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. അവന്റെ പ്രവൃത്തികളുടെ അനന്തരഫലങ്ങള്‍ അവന് അഭിമുഖീകരിക്കേണ്ടി വന്നു. ഒന്നുകില്‍ അവന്‍ അല്ലെങ്കില്‍ ഞങ്ങള്‍. അത്രയേയുള്ളൂ’, ബ്രാര്‍ പറഞ്ഞു.
കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറന്‍സ് ബിഷ്‌ണോയിയും മൂസാവാലയും തമ്മില്‍ ബന്ധമുണ്ടായിരുന്നതായും ബ്രാർ വെളിപ്പെടുത്തി. ‘അവരെ തമ്മിൽ പരിചയപ്പെടുത്തിയത് ആരാണെന്ന് എനിക്ക് അറിയില്ല. അതിനെ കുറിച്ച് ഞാൻ ചോദിച്ചിട്ടുമില്ല. പക്ഷേ അവർ സംസാരിക്കാറുണ്ടായിരുന്നു. ലോറന്‍സിനെ സുഖിപ്പിക്കാന്‍ ഗുഡ്‌മോണിങ്, ഗുഡ്‌നൈറ്റ് മെസേജുകളും മൂസാവാല അയച്ചിരുന്നു’, ബ്രാർ പറഞ്ഞു.
കബഡി ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടാണ് താനും മൂസെവാലയുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും ബ്രാര്‍ കൂട്ടിച്ചേര്‍ത്തു.‘അവൻ ഞങ്ങളുടെ ശത്രുപക്ഷത്തുള്ളവരെ സഹായിച്ചു. ലോറൻസും മറ്റുള്ളവരും അവന്റെ പ്രവർത്തിയിൽ നിരാശരായി. തുടർന്ന് മൂസാവാലയെ ഭീഷണിപ്പെടുത്തുകയും ചെയ്തു’, ബ്രാർ കൂട്ടിച്ചേർത്തു.
എന്നാൽ പിന്നീട് ബിഷ്ണോയും മൂസാവാലയും തമ്മിലുള്ള പ്രശ്നങ്ങൾ ബിഷ്ണോയിയുടെ സുഹൃത്തായ വിക്കി മിദ്ദുഖേര വഴി പരിഹരിക്കപ്പെട്ടു. അതിനു ശേഷം വിക്കി മിദ്ദുഖേര കൊല്ലപ്പെട്ടതാണ് വീണ്ടും ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയത്. വിക്കിയുടെ കൊലപാതകത്തിനു പിന്നിൽ മുസാവാലയാണെന്ന് ബ്രാർ വിശ്വാസിച്ചു. ഇതാണ് ഗായകന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
‘സിദ്ധുവാണ് കൊലപാതകത്തിന് പിന്നിലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പൊലീസിനും മാധ്യമപ്രവർത്തകർക്കും വരെ അറിയാമായിരുന്നു. സിദ്ധു ചെയ്ത തെറ്റിനുള്ള ശിക്ഷ അവൻ അനുഭവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അവന്റെ കുറ്റങ്ങള്‍ക്ക് നിയമം ശിക്ഷ നല്‍കണമെന്ന് ഞങ്ങള്‍ അപേക്ഷിച്ചെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല. അതുകൊണ്ട് ഞങ്ങൾ നീതി നടപ്പാക്കി. നിയമം, നീതി എന്നിങ്ങനെയൊന്നും ഇന്ത്യയിൽ നിലവിലില്ല. അധികാരമാണ് എല്ലാത്തിനും മുകളിലായി നിലനില്‍ക്കുന്നത്. സാധാരണക്കാര്‍ക്ക് നീതി ലഭിക്കാനിടയില്ല’, ബ്രാര്‍ പറഞ്ഞു.
നിലവിൽ കാനഡയിൽ പ്രവർത്തിക്കുന്ന ബ്രാർ, യുഎപിഎ നിയമപ്രകാരം ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ആളാണ്. ബ്രാറിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കിയിട്ടുണ്ട്. ജാമ്യമില്ല വാറണ്ടും ഇയാള്‍ക്കെതിരെയുണ്ട്. ലോറൻസ് ബിഷ്ണോയി ഗുണ്ടാ സംഘത്തിലെ പ്രധാനിയായ ഗോൾഡി ബ്രാർ, സിദ്ദു മൂസവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.
2022 മേയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയിൽവച്ച് സിദ്ധു മൂസാവാല വെടിയേറ്റു മരിക്കുന്നത്. പഞ്ചാബിലെ ജവഹർകി ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ മൂസാവാലയും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. കാറിന്റെ സീറ്റിൽ വെടിയേറ്റ നിലയിലാണ് മൂസാവാലയെ കണ്ടെത്തിയത്. മൂസാവാലയുടെ എസ്‌യുവിയില്‍ നൂറോളം വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു.