മരിച്ചിട്ട് 16 വർഷം, എന്നിട്ടും 600 മില്യൺ ഡോളർ വരുമാനം; ടെയ്‌ലർ സ്വിഫ്റ്റിനെ കടത്തിവെട്ടി ആ ഗായകൻ

Mail This Article
ജനപ്രീതിയിൽ മുന്നിലായിരുന്നെങ്കിലും തുച്ഛമായ പ്രതിഫലമായിരുന്നു പണ്ട് ഗായകർക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് ലക്ഷങ്ങളും കോടികളും വാങ്ങി പാട്ട് പാടുന്ന ഗായകരാണ് ലോകമെമ്പാടുമുള്ളത്. പാട്ടിലൂടെ മാത്രമല്ല സംഗീത പരിപാടികളിലൂടെയും മറ്റ് വ്യവസായങ്ങളിലൂടെയും കോടികണക്കിന് രൂപയാണ് ഓരോ ഗായകരും പ്രതിവർഷം സമ്പാദിക്കുന്നത്. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഗായകൻ ആരാണെന്ന ചോദ്യത്തിന്റെ ഉത്തരം അദ്ദേഹം ഇപ്പോൾ ജീവനോടെയില്ല എന്നതാണ്.
ഫോർബ്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 16 വർഷങ്ങൾക്ക് മുൻപ് ഇഹലോക വാസം വെടിഞ്ഞ മൈക്കിൾ ജാക്സണാണ് ഇന്നും ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. പഴയ പാട്ടുകളുടെ ലൈസൻസ് ഉടമ്പടിയിലൂടെയും എംജെ എന്ന മ്യൂസിക്കൽ ബയോപ്പിക്കിന്റെ വിൽപനയിലൂടെയും മറ്റുമായി 600 മില്യൺ ഡോളറാണ് 2024 ൽ മാത്രം മൈക്കിൾ ജാക്സണ് ലഭിച്ചത്. ഇതാണ് മറ്റ് പ്രമുഖ ഗായകരെക്കാൾ മുന്നിലെത്താൻ മൈക്കിൾ ജാക്ക്സണെ സഹായിച്ചത്. 2009ൽ അദ്ദേഹം മരിച്ചതിനു ശേഷം മാത്രം 3.2 ബില്യൺ ഡോളർ സമ്പാദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഗായികയായ ടെയ്‌ലർ സ്വിഫ്റ്റിനെക്കാൾ കൂടുതലാണ് മൈക്കിൾ ജാക്സന്റെ വരുമാനം എന്നതാണ് ഏറ്റവും ശ്രദ്ധേയം. ടെയ്‌ലർ സ്വിഫ്റ്റിന്റെ 2024 ലെ വരുമാനം 400 മില്യൺ ഡോളറാണ്. അമേരിക്കൻ നടനും എഴുത്തുകാരനുമായ ഡ്വെയ്ൻ ജോൺസനാണ് മൂന്നാമത് ഏറ്റവും കൂടുതൽ വരുമാനമുള്ള പ്രമുഖൻ. 88 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ വരുമാനം.