യഥാർഥ അനുഭവങ്ങളുടെ ‘അപ്പ’; ഫാദേഴ്സ് ഡേയിൽ ശ്രദ്ധ നേടി വിജയ് യേശുദാസിന്റെ വിഡിയോ

Mail This Article
ഫാദേഴ്സ് ഡേയിൽ അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ‘അപ്പ’ എന്ന മ്യൂസിക്കൽ ആൽബം പുറത്തിറക്കി വിജയ് യേശുദാസ്. ജിനോയ് ജോർജ് സംഗീതം നൽകിയിരിക്കുന്ന മ്യൂസിക്ക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സച്ചിൻ പാലക്കിലാണ്. ജിനോയ് ജോർജിന്റെ ജീവിതത്തിലെ യഥാർഥ അനുഭവങ്ങളാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. വൈശാഖ് സോമനാഥിന്റേതാണ് വരികൾ.
ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ ഘട്ടത്തിലും തണലായി നിൽക്കുന്ന ഒരു പിതാവിന്റെയും അയാളുടെ മകന്റെയും ജീവിതത്തിലൂടെയാണ് ഗാനം മുന്നോട്ടു പോകുന്നത്. മനോജ്.കെ അച്ഛനായി എത്തുന്ന വിഡിയോയിൽ മകനായി അഭിനയിക്കുന്നത് ഗായകൻ സിദ്ധാർഥ് മേനോനാണ്. ദേവി അജിത്ത്, സൂരജ്, മുഹമ്മദ് നോറൈസ് ഷാ തുടങ്ങിയവരും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ടോണിവേഴ്സ് മീഡിയ പ്രൊഡക്ഷൻസ്, ജിനോയ് ജോർജ് പ്രൊഡക്ഷൻസ്, വിന്റർ ഫോക്സ് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് മ്യൂസിക് വിഡിയോ നിർമിച്ചിരിക്കുന്നത്. രാഹുൽ ദിനേശ് തിരക്കഥയൊരിക്കിയ ആൽബത്തിന്റെ ഛായാഗ്രഹണം നിഖിൽ ജോണാണ്. ജിനോയ് ജോർജിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
എഡിറ്റർ: സെറ്റിഫിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ടോണി ജേക്കബ്, സ്റ്റിൽസ്: എഡ്വിൻ ഷാജൻ, വൈശാഖ് കെ.പി, ഡി.ഐപോയറ്റിക്. കൺസെപ്റ്റ്: ബെനോയ് ജോർജ്, ടൈറ്റിൽ ഡിസൈൻ: അജന്യ.പി.കുമാർ, സംഗീത നിർമാണം: ജോനാഥൻ ജോസഫ്, പ്രീമിക്സ്: അലൻ പോൾ ലാൽ, മിക്സിങ് & മാസ്റ്ററിങ്: ബാലു തങ്കച്ചൻ.