എം എം കീരവാണിക്കു ജന്മദിനാശംസകൾ

തമിഴിന്റെ സംഗീത സംവിധായകന്‍ കീരവാണിയുടെ പിറന്നാളാണിന്ന്. 1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിലാണ് കൊഡൂരി മരകതമണി കീരവാണിയെന്ന എം എം കീരവാണിയുടെ ജനനം. കെ. ചക്രവർത്തിയെന്ന പ്രതിഭയുടെ കീഴിലാണ് കീരവാണിയുടെ ചലച്ചിത്ര സംഗീത യാത്ര ആരംഭിക്കുന്നത്. 1990ൽ കൽക്കിയെന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധാന രംഗത്തെത്തിയെങ്കിലും ചിത്രം പുറത്തിറാങ്ങാത്തതിനാൽ പാട്ടും ശ്രദ്ധ നേടിയില്ല. 

അതേ വർഷം മൗലിയുടെ മനസു മമത എന്ന സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ കീരവാണിയെന്ന പേരുറപ്പിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. തൊട്ടടുത്ത വർഷം ക്ഷണാ ക്ഷണം എന്ന രാം ഗോപാൽ വർമ ചിത്രത്തിലൂടെ കീരവാണി ഇന്ത്യയുടെ ശ്രദ്ധ നേടി. മ്യൂസിക് ചാർട്ട് ബീറ്റുകളിലെങ്ങും കീരവാണി പാട്ടുകൾ നിറഞ്ഞ ആ നാളുകൾക്കു ശേഷം പിന്നീടദ്ദേഹത്തിനു തിരി‍ഞ്ഞു നോക്കേണ്ട വന്നില്ല. ഇതുവരെ വിവിധ ഭാഷകളിലായി 220ഓളം ചിത്രങ്ങൾക്കു കീരവാണി ഈണമിട്ടു. 1997ല്‍ അണ്ണാമയ്യയിലെ ഗാനങ്ങൾക്കു ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. മഗധീര, ക്രിമിനൽ തുടങ്ങി അഞ്ചു സിനിമകൾക്കു ഫിലിം ഫെയർ അവാർ‍ഡും കീരവാണിയെ തേടിവന്നു. അഴകൻ എന്ന സിനിമയ്ക്കു പാട്ടൊരുക്കിയതിനു തമിഴ്നാടു സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർ‍ഡും കീരവാണിക്കു ലഭിച്ചു. മലയാളവും നെഞ്ചോടു ചേർത്തു കീരവാണി ഈണങ്ങൾ  ആവോളം. സൂര്യമാനസം, നീലഗിരി, ദേവരാഗം എന്നിവയാണു മലയാളത്തിൽ കീരവാണി ഈണമിട്ട പ്രധാന ചിത്രങ്ങള്‍. 

എസ് പി ബാലസുബ്രഹ്മണ്യം, കെ. എസ് ചിത്ര എന്നിവരുടെ സ്വരമാണ് കീരവാണി തന്റെ ഈണങ്ങളില്‍ ഏറ്റവുമധികം ഉപയോഗിച്ചതെന്നാണ് മറ്റൊരു പ്രേത്യകത. അതുപോലെ എസ് എസ് രാജമൗലിയെന്ന അനന്തിരവന്റെ ചിത്രങ്ങളിലെല്ലാം ഈണമിട്ടതും കീരവാണി തന്നെ. ഈണങ്ങളൊരുക്കി ഇന്ത്യൻ സംഗീത ലോകത്ത് യാത്ര തുടരുവാനാകട്ടെ കീരവാണിക്ക്. ജന്മദിനാശംസകൾ.