Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം കൊതിക്കുന്ന വേദിയിൽ പാടാൻ നീലാഞ്ജന

neelanjana നീലാഞ്ജന ജയന്ത്

സംഗീതത്തിനൊപ്പം സഞ്ചരിക്കുന്ന ഏതൊരാളുടേയും സ്വപ്നയിടമാണ് കാനെഗീ ഹാൾ. ന്യൂയോർക്കിലെ ഈ പാട്ടു സ്ഥലത്ത് ഒറു വരിയെങ്കിലും മൂളാനായാൽ അത് മറ്റെന്തിനേക്കാളും അമൂല്യമായ നിമിഷം തന്നെയാണ് ഏതൊരാൾക്കും. നീലാഞ്ജനയെന്ന പെൺകുട്ടിക്ക്, വെറും പന്ത്രണ്ടാം വയസിൽ അങ്ങനെയൊരു ഭാഗ്യം വന്നു ചേർന്നു. ഗോൾഡൻ വോയ്സ് ഓഫ് അമേരിക്കയെന്ന മത്സരത്തിലെ ജേതാവായതോടെയാണ് നീലാഞ്ജനയ്ക്ക് അപൂരവ്വ വേദിയിലെത്താനുള്ള അപൂർവ്വ അവസരമൊരുങ്ങിയത്. പണ്ഡിറ്റ് ശിവകുമാർ ശർമ്മ, ഉസ്താദ് സക്കീർ ഹുസൈൻ എന്നിവരടങ്ങുന്ന കാലം കണ്ട എക്കാലത്തേയും മികച്ച പ്രതിഭകൾക്കൊപ്പമാണ് നീലാഞ്ജന ജയന്ത് എന്ന പേരും എഴുതിചേർക്കപ്പെടുക. ബാംഗ്ലൂരുകാരിയാണ് നീലാഞ്ജന. ബന്നാർഘട്ട റോഡിലെ സംഹിത അക്കാദമിയിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഈ മിടുക്കി.

കുറച്ച് സഭാകമ്പമൊക്കെയുണ്ടെങ്കിലും കാനെഗിയിൽ നന്നായി പാടാനാകുമെന്ന ആത്മവിശ്വാസമുണ്ട്. സ്വയം അതിനായുള്ള പരിശീലനത്തിലാണിപ്പോൾ. നീലാഞ്ജന പറഞ്ഞു. ഐടി ഉദ്യോഗസ്ഥനായ ജയന്ത് ആനന്ദകൃഷ്ണന്റെയും സംഗീത ആനന്ദിന്റെയും ഏകമകളാണ് നീലാഞ്ജന. അമ്മ പറഞ്ഞതനുസരിച്ചാണ് നീലാഞ്ജന മത്സരത്തിലേക്ക് പാട്ടയച്ചത്. ഫ്രാങ്ക് സിന്താരയുടെ പ്രശസ്തമായ ജാസ് നമ്പർ ഫ്ലൈ മീ റ്റു ദി മൂൺ ആയിരുന്നു നീലാഞ്ജന പാടിയത്. ഇതേ പാട്ട് തന്നെയാണ് ഒക്ടോബറിൽ കാനെഗീ ഹാളിലും ഈ കുഞ്ഞു ഗായിക പാടുക.

Carnegie-Hall കാനെഗീ ഹാൾ

കുഞ്ഞു നാളിലെ ഏത് പാട്ട് കേട്ടാലും അത് അതേപടി സുന്ദരമായി നീലാഞ്ജന പാടിയിരുന്നുവെന്ന് അമ്മ സംഗീത ആനന്ദ് പറഞ്ഞു. അങ്ങനെയാണ് ആറാം വയസിൽ കർണാടിക് സംഗീതം പഠിപ്പിക്കാനയച്ചത്. ഇടംകൈ ഉപയോഗിച്ച് ശീലിച്ച നീലാഞ്ജനയ്ക്ക് വലംകൈ കൊണ്ട് താളം പിടിക്കേണ്ട സംഗീത ശൈലി തീരെ ആസ്വദിക്കാനായില്ല. പിന്നീട് ആ പഠനം ഉപേക്ഷിച്ച് താക്കഡഡമിയെന്ന മറ്റൊരു സ്ഥാപനത്തിൽ ചേരുകയായിരുന്നു. സംഗീതജ്ഞരായ രാജീവ് രാജഗോപാലും ബ്രൂസ് ലീ മാണിയും ചേർന്ന് തുടങ്ങിയ താക്കഡമിയാണ് നീലാ‍ഞ്ജനയുടെ സംഗീത ലോകം വിശാലമാക്കിയത്. നീലാഞ്ജനയെ പരിശീലിപ്പിച്ചതിന് താക്കഡമിയിലെ അധ്യാപിക രാഗിണി രാമചന്ദ്രനും ഗോൾഡൻ വോയ്സ് ഓഫ് അമേരിക്കയുടെ ആദരമുണ്ട്.

അമേരിക്കൻ ഫൈന്‍ ആർട്സ് ഫെസ്റ്റിവലിന്റെ നേതൃത്വത്തിൽ 2009ലാണ് ഗോൾഡൻ വോയ്സ് ഓഫ് അമേരിക്ക എന്ന മത്സരം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള ഗായകർക്ക് പ്രായഭേദമന്യേ ഈ മത്സരത്തിൽ പങ്കെടുക്കാം. കാനെഗി ഹാളിലും ബ്രൂണോ വാൾട്ടർ ഓഡിറ്റോറിയത്തിലും മത്സര വിജയികൾക്ക് പാടുവാൻ അവസരമുണ്ടാകും.