Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവെള്ളൈ മഴൈ...

sujatha-ar

പാട്ടുകാർക്ക് ജലദോഷം വന്നിരുന്ന സമയത്ത് പാടിയ പാട്ടുകളിൽ ചിലത് കാലാതീതമായി മാറിയ കഥ കൗതുകത്തോടെ നമ്മൾ അറിഞ്ഞിട്ടുണ്ട്.  അങ്ങനെ സുഖമില്ലാതിരുന്ന സമയത്തായിരുന്നു ഗായിക സുജാതയെ  ഒരു ജിംഗിൾ പാടാൻ ഒരു ചെറിയ സംഗീത സംവിധായകൻ വിളിച്ചത്. സ്വരം മാറിയിരിക്കുകയാണെന്നൊക്കെ പറഞ്ഞെങ്കിലും എനിക്കീ ശബ്ദം മതിയെന്നായിരുന്നു ആ ചെറുപ്പക്കാരന്റെ മറുപടി. അപ്പോൾ പിന്ന പാടാൻ തന്നെ തീരുമാനിച്ചു...

ആ ജിംഗിളിനെ 30 സെക്കൻഡിൽ വന്നൊരു മാജിക് എന്നാണ് സുജാത പറഞ്ഞത്. അത്രയേറെ മനോഹരമായിട്ടായിരുന്നു 

ഗായകരുടെയും സംഗീതോപകരണങ്ങളുടെയും സ്വരഭംഗിയിൽ ആ ചെറുപ്പക്കാരൻ മാന്ത്രികത തീർത്തത്. ഇന്ത്യയുടെ സംഗീത മാന്ത്രികൻ എന്ന വിശേഷണത്തിലേക്കുള്ള റഹ്മാന്റെ പ്രയാണത്തിലെ ആദ്യ ഘട്ടത്തിലേ ഒപ്പമുണ്ട് സുജാതയും. 

അതിനു ശേഷം അദ്ദേഹത്തിന്റെ നിരവധി കുഞ്ഞൻ പാട്ടുകളിൽ സുജാതയുടെ പാദസരക്കിലുക്കം പോലുള്ള സ്വരമായിരുന്നു. ജിംഗിളുകളിൽ നിന്ന് മണിരത്നം ചിത്രത്തിന്റെ സംഗീത സംവിധായകനായപ്പോഴും ഈ സ്വരം തന്നെ വേണമായിരുന്നു അദ്ദേഹത്തിന്. റഹ്‍മാൻ സ്റ്റുഡിയോയിലെ സ്ഥിരം സാന്നിധ്യവുമായി. റഹ്മാന്റെ വീട്ടിലെ ഒരു അംഗത്തെ പോലെയും... റഹ്മാന്റെ  അമ്മയോടും ഇളയ സഹോദരിയോടും പിരിയാത്ത സൗഹൃദത്തിലുമായി. ലോകത്തിന്റെ നെറുകയിലേക്ക് ഈണങ്ങളുമായി റഹ്മാൻ കടന്നുചെല്ലുമ്പോഴും ആ ബന്ധം ഇന്നും ഒരു പുതുമഴയുടെ നൈർമല്യം പോലെ നിലനിന്നു പോരുന്നു.

ആ പാട്ടാണ് പുതുവെള്ളൈ മഴൈ...  ഇന്ത്യയുടെ മനസിൽ അന്നും ഇന്നും ഒരു മഞ്ഞു തുള്ളി പോലെ പൊഴി​​ഞ്ഞു വീണ മനോഹര ഗാനം. കാതൽ റോജാ വേ എന്ന പാട്ടിന്റെ ഹമ്മിങ് ആയിരുന്നു സുജാത ആദ്യം പാടിയത്. റോജയിലെ ഗാനങ്ങൾ തമിഴിന്റെ അതിരുകൾ വിട്ട് ഇന്ത്യയുടെ ഗാനമായി മാറി. സുജാതയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവുമായി...അന്നും ഇന്നും സുജാതയുടെ പാട്ടുകൾക്ക് ഒരു റോസാപ്പൂവിന്റെ ചേലുണ്ടെന്നു പറയുന്നതും ഇതുകൊണ്ടു കൂടിയാണ്...

ഒരു അനുജനോടു തോന്നുന്ന സ്നേഹമാണ് അന്നും ഇന്നും എനിക്കു തോന്നിയിട്ടുള്ളത്. പണ്ടത്തെ പോലെ അധികം കാണാറോ സംസാരിക്കാറോ ഇല്ല. ഏകദേശം ഒന്നര വർഷത്തോളമാകും ഇപ്പോൾ കണ്ടിട്ട്. കോടമ്പാക്കത്ത് ആദ്യം കണ്ട സ്റ്റുഡിയോ ഇന്ന് എത്രയോ വളർന്നിരിക്കുന്നു. എപ്പോൾ നോക്കിയാലും ഒരു ആയിരം പേരെങ്കിലും അവിടെ കാണും...ആ തിരക്കിനിടയിലേക്കു പോകണ്ടായെന്നു വയ്ക്കും...അതാണ്...പക്ഷേ ഇന്നും ഒരു മെസേജോ മെയിലോ അയച്ചാൽ അരമണിക്കൂറിനുള്ളിൽ മറുപടി വരും. അത്രയേറെ ആത്മ ബന്ധം എല്ലാവരോടും പുലർത്തുന്നതു കൊണ്ടാണ് അദ്ദേഹത്തോടൊപ്പമുള്ള റെക്കോഡ‍ിങ് എല്ലാവർക്കും അവിസ്മരണീയമാകുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്...സുജാത പറഞ്ഞു...വല്ലാത്തൊരു എനർജിയാണ് എല്ലാ പാട്ടുകാരിലേക്കും വാദ്യോപകരണ വിദഗ്ധരിലേക്കുമൊക്കെ അദ്ദേഹം പങ്കുവയ്ക്കുന്നത്. ഒരിക്കൽ സിംഗപ്പൂരിൽ റഹ്‍മാനൊപ്പം ഒരു ഷോയില്‍ പങ്കെടുക്കാൻ പോയി. എനിക്കാണെങ്കിൽ തീരെ സുഖമില്ലാതായി അവിടെ വച്ച്. മഞ്ഞപ്പിത്തമൊക്കെ പിടിപെട്ട്. നന്നായി പാടാന്‍ കഴിയുമോ എന്ന് വല്ലാത്ത പേടിയും. റഹ്‍മാൻ തന്നൊരു ഊർജ്ജത്തിലായിരുന്നു വേദിയിലെത്തിയത്. എന്റെ അടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു അന്ന്. എന്നെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് എന്റെ സ്വരം മാറിപ്പോയത്. എന്റെ വിശ്വാസം റഹ്‍മാൻ നമുക്കു തരുന്ന ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാകാം അതൊക്കെ എന്നാണ്....

എന്റെ സംഗീത ജീവിതത്തിൽ നിർണായകമായ കുറേ പാട്ടുകൾ എന്ന പോലെ എന്റെ മകള്‍  വന്നപ്പോഴും നല്ല പാട്ടുകൾ റഹ്മാൻ നൽകി...പിന്നെ ഒരുപാട് സന്തോഷം തോന്നിയൊരു വർത്തമാനവും അടുത്തകാലത്ത് പറഞ്ഞിരുന്നു...ഇപ്പോൾ ഒരു പാട്ട് ഓർക്കുമ്പോൾ സുജാതയുടെ മുഖമല്ല...ശ്വേതയുടെ മുഖമാണ് ഓർമവരുന്നതെന്ന്....