Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു സ്വപ്നം പോലെയാണ് ആ കടന്നുവരവ്

pop-alphonse

പോളണ്ടിലെ ക്രാക്കോവിൽ ലോകയുവജന സമ്മേളനത്തിൽ മാർപാപ്പയ്ക്കു മുന്നിൽ പാടാൻ അവസരം ലഭിച്ച അവസരത്തെക്കുറിച്ചു സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് മനോരമയുമായി പങ്കുവയ്ക്കുന്നു.

ഒരു സ്വപ്നം പോലെയാണു ആ കടന്നു വരവ്. പോളണ്ടിലെ ക്രാക്കോവിലെ ലോക യുവജന സമ്മേളനത്തിന്റെ വേദിയിൽ പാടുമ്പോൾ ഇങ്ങനെയൊരു ഭാഗ്യമുണ്ടാകുമെന്നു കരുതിയില്ല. ലോകത്തെ വിവിധ ക്രിസ്റ്റ്യൻ ബാൻഡുകളെയെല്ലാം ക്ഷണിച്ചു നടത്തുന്ന ലോക യുവജന സമ്മേളനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുന്നു വർഷം കൂടുമ്പോഴാണു നടത്തുന്നത്. കഴിഞ്ഞ ആറു തവണയും സമ്മേളനത്തിൽ പാടാൻ ക്ഷണം ലഭിച്ച ബാൻഡാണു ഞങ്ങളുടേത്. ഈ വർഷം വലിയൊരു ഭാഗ്യവുമുണ്ടായി.

∙ മാർപാപ്പയ്ക്കു മുന്നിൽ

ഞങ്ങളുടെ റെക്സ് ബാൻഡ് ആറാമത്തെ തവണയാണു ലോകയുവജന സമ്മേളനത്തിലേക്ക് എത്തുന്നത്. പ്രധeാന വേദിയിൽ തന്നെ പാടാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ഫ്രാൻസിസ് മാർപാപ്പ ആ വേദിയിലേക്ക് എത്തുമെന്ന് ഞങ്ങൾക്ക് എല്ലാം അറിയാമായിരുന്നു. എന്നാൽ ഞങ്ങളുടെ പരിപാടി കഴിഞ്ഞുള്ള സമയമാണു പ്രാർഥനയ്ക്കായി പാപ്പ എത്തുമെന്ന സമയമായി അറിയിച്ചിരുന്നത്. മലയാളവും ഹിന്ദിയും ഇടകലർത്തിയുള്ള നാഥനെ വാഴ്ത്തിപ്പാടാം എന്ന പാട്ടാണു അപ്പോൾ പാടിക്കൊണ്ടിരുന്നത്. പെട്ടെന്നാണു മാർപാപ്പ എത്തുന്നത്.

ആളുകൾ ആവേശഭരിതരായി പാപ്പായെ വരവേൽക്കുന്നു. പിന്നണിയായി ഞങ്ങളുടെ പാട്ടും. ശരിക്കും ത്രില്ലടിച്ച സമയം. ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കുന്നതിനുള്ള ഗാനമായി ഞങ്ങളുടെ പാട്ടു മാറുകയായിരുന്നു. കൂടിനിന്ന ജന സമൂഹത്തിന്റെ ഇടയിലൂടെ പാപ്പ എത്തുന്ന സമയമത്രയും ഞങ്ങൾ പാടുകയായിരുന്നു. പരിപാടിയുടെ സംപ്രേഷണം നടത്തിയ മാധ്യമങ്ങളിലെല്ലാം മലയാളമാണ് ആ സമയം മുഴങ്ങിയത് എന്നതു ഞങ്ങളെ കൂടുതൽ ആവേശത്തിലാക്കി.

∙ ലോക യുവജന സമ്മേളനം

മൂന്നു വർഷത്തിലൊരിക്കലാണു ലോക യുവജന സമ്മേളനം നടക്കുന്നത്. കഴിഞ്ഞ മാസം 24 മുതൽ 31 വരെയായിരുന്നു ഇത്തവണത്തെ സമ്മേളനം; പോളണ്ടിലെ ക്രാക്കോവിൽ. ഇതിനു മുൻപ് ആറു സമ്മേളനങ്ങളിൽ ഞങ്ങൾ പാടിയിട്ടുണ്ട്. കാനഡ, ജർമനി, സ്പെയിൻ, ഓസ്ട്രേലിയ, ബ്രസീൽ എന്നീ രാജ്യങ്ങളിലായിരുന്നു ഇതിനു മുൻപെയുള്ള ഞങ്ങൾ പങ്കെടുത്ത സമ്മേളനങ്ങൾ.

15 ലക്ഷത്തോളം പേരാണു ഇത്തവണത്തെ സമ്മേളനത്തിനെത്തിയത്. ക്രാക്കോവിലെ വിവിധ വേദികളിൽ സംഗീത പരിപാടികൾ ക്രിസ്റ്റ്യൻ ബാൻഡുകൾ നടത്തിക്കൊണ്ടേയിരുന്നു. എല്ലാം വലിയ ബാൻഡുകൾ തന്നെ. സ്വന്തമായി കംപോസ് ചെയ്യുന്ന രാജ്യാന്തര ക്രിസ്റ്റ്യൻ ബാൻഡുകളേയാണു യുവജന സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നത്. വത്തിക്കാന്റെ മേൽനോട്ടം പരിപാടിക്കുണ്ട്.

rex-band1

∙ റെക്സ് ബാൻഡ്

റെക്സ് ബാൻഡ് എന്നാണു ബാൻഡിന്റെ പേര്. ജീസസ് യൂത്തിന്റെ സംഗീത വിഭാഗമായി 25 വർഷം മുൻപാണു ബാൻഡ് ആരംഭിക്കുന്നത്. രജത ജൂബിലി വർഷത്തിലാണു ബാൻഡ് ഇപ്പോൾ കടന്നു പോകുന്നത്. കരുണ എന്ന ആശയത്തിൽ മേഴ്സി ആൽബം ഈ വർഷം ഞങ്ങളുടേതായിട്ടുണ്ട്. കരുണയുടെ വർഷമെന്നാണല്ലോ മാർപാപ്പ ഈ വർഷത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

സെലബ്രേറ്റിങ് മേഴ്സി എന്ന പേരിൽ ലോകപര്യടനം ഈ വർഷം ഞങ്ങൾ നടത്തി. ജൂലൈ ആറിനു കാനഡയിൽ ആരംഭിച്ച പര്യടനം പോളണ്ടിലെ യുവജന സമ്മേളനം കൊണ്ടാണ് അവസാനിപ്പിച്ചത്. അമേരിക്കയിലും ഇതിനിടെ പരിപാടി നടത്തി. ഉഴവൂർ സ്വദേശി മനോജ് സണ്ണിയാണു റെക്സ് ബാൻഡിന്റെ ആദ്യ കോഓർ‍ഡിനേറ്റർ. രാജാവിന്റെ പാട്ടുകാർ എന്ന അർഥത്തിലാണു റെക്സ് ബാൻഡ് എന്ന പേരു നിർദേശിക്കപ്പെട്ടത്. 

ഞാൻ, സ്്റ്റീഫൻ ദേവസി, ഷിൽട്ടൺ പിൻഹീറോ, ഹെക്ടർ ലൂയിസ് എന്നിവരാണു ഗ്രൂപ്പിലെ കംപോസേഴ്സ്. മറ്റു ചില തിരക്കു കാരണം സ്റ്റീഫൻ ലോക യുവജന സമ്മേളനത്തിന് എത്തിച്ചേർന്നില്ല. ആലുവ സ്വദേശി ജോർജ് വർഗീസാണ് ഇത്തവണത്തെ യാത്രയിൽ ഞങ്ങളുടെ കീബോർഡിസ്റ്റ് ആയത്.ഷെൽട്ടൺ പരസ്യ കമ്പനിയിലെ ക്രീയേറ്റീവ് ഹെഡാണ്. ഹെക്ടർ കൊച്ചിക്കാരനാണ്. ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാണ്.

സെന്റ് തെരേസാസ് കോളജിലെ അധ്യാപികയായ ബീന മനോജ്, ലിന്റൺ ബി. അരൂജ, സെബാസ്റ്റ്യൻ ആൻഡ്രൂസ്, ജോർജ് ഇട്ടിയിൽ, ഡെൽഹിയിൽ നിന്നുള്ള ടിംസൺ തുടങ്ങിയവരും ഗായകരായുണ്ട്. ജോർജ് ജർമനിയിൽ നിന്നാണ് ഞങ്ങളുടെ സംഘത്തിലെത്തിയത്. സെബാസ്റ്റ്യൻ അമേരിക്കയിലാണു സ്ഥിരതാമസം. മനോജ് ജോൺ ഡേവിഡാണ് സൗണ്ട് റിലേഷൻ നോക്കുന്നത്. ആന്റണി മാത്യു ഓർക്കസ്ട്ര, ഷോമി ഡേവിസ് പെർക്കഷൻ. കൂടാതെ ഉമേഷ്, ജെയ്ബി, ജിപ്സൺ എന്നിവർ കൊറിയോഗ്രഫേഴ്സുമായുണ്ട്. 

തുടക്കത്തിൽത്തന്നെ വിദേശ രാജ്യങ്ങളിലടക്കം മികച്ച വേദികൾ ബാൻഡിന് ലഭിച്ചു. വിവിധ മേഖലകളിലുള്ളവർ എല്ലാവരും ഒരു മാസക്കാലം ബാൻഡിനായി മാറ്റിവയ്ക്കും. 25ാം വർഷത്തിൽ ഒരു മഹാഭാഗ്യം ലഭിച്ച ആഹ്ലാദത്തിലാണ് ഞങ്ങൾ എല്ലാവരും.

Your Rating: