Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പറാണ് ബോളിവുഡിലെ ഈ കുഞ്ഞൻ സംഗീത സംവിധായകൻ

amaal-malik

ബോളിവുഡിലെ സംഗീത സംവിധായകർക്കിടയിലെ കുഞ്ഞനാണ് അമാൽ മാലിക്. ലോകം ഉറ്റുനോക്കുന്നൊരാളുടെ ജീവിതം പകർത്തിയ ചിത്രത്തിന് ഈണമിട്ടതോടെ സംഗീത സംവിധാന രംഗത്ത് ഈ യുവപ്രതിഭ ചുവടുറപ്പിക്കുകയാണ്. ഇനി വരും കാലവും അമാലിന്റെ സംഗീതത്തെ നമുക്ക് കാത്തിരിക്കാം എന്നു വീണ്ടും തെളിയിക്കുകയാണ് ഈ ചിത്രം. വ്യത്യസ്തമായ സംഗീതമാണ് ഇന്ത്യൻ ഏകദിന ടീമിന്റെ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ കഥ പറഞ്ഞ സിനിമയ്ക്കു നൽകിയതെന്ന് അമാൽ നേരത്തെ പറഞ്ഞിരുന്നു . അത് അക്ഷരംപ്രതി ശരിവയ്ക്കുകയാണ് സിനിമയിലെ പാട്ടുകൾ. സിനിമ പുറത്തിറങ്ങിയതോടെയാണ് ഗാനത്തിന്റെ പ്രസക്തി കൂടുതൽ വ്യക്തമായത്. സിനിമയുമായി ഒരുപാട് ആഴംപുലർത്തുകയും സിംഗിൾ ആൽബമായി ശ്രദ്ധ നേടാനാകുന്നുവെന്നതുമാണ് ഈ പാട്ടുകളുടെ പ്രത്യേകത. 

"ഒരു സിനിമയ്ക്ക് സംഗീതം നൽകുകയെന്നത് എക്കാലത്തേയും സ്വപ്നമായിരുന്നു. അത് യാഥാർഥ്യമായി. ധോണി അഭിനയിച്ച കുറേ പരസ്യ ചിത്രങ്ങള്‍ക്ക് ഈണമിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവിതം ആവിഷ്കരിക്കുന്ന സിനിമയുെ‍ട സംഗീതം മുഴുവൻ കൈകാര്യം ചെയ്യാനാകുമെന്ന് കരുതിയിട്ടേയില്ല" അമാൽ പറഞ്ഞു. ഇരുപത്തിയഞ്ചുകാരനായ അമാൽ ആദ്യമായാണ് ഒരു സിനിമയു‌ടെ മുഴുവൻ പാട്ടുകൾക്കും ഈണമിട്ടത്. 

ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. റോക്ക് സംഗീതവും കൂടി ഇഴചേർത്ത പാട്ടുകൾ. സിനിമയുടെ ആഘോഷവും അതിനുള്ളിലെ പ്രചോദിപ്പിക്കുന്ന ഘടകങ്ങളും കണക്കിലെടുത്താണ് ഈണമൊരുക്കിയത്. സിനിമ കണ്ടില്ലെങ്കിലും പാട്ടുകൾ മനസിലേക്കങ്ങ് പതിഞ്ഞു പോകും അതുകൊണ്ടു തന്നെ. 

സംവിധായകൻ നീരജ് പാണ്ഡേയും മനസുതുറന്ന അഭിനന്ദനമാണ് തന്റെ ചിത്രത്തിനായി സംഗീതം ചിട്ടപ്പെടുത്തിയാൾക്കു നൽകിയത്. ഒട്ടേറെ സംഗീത സംവിധായകരെ ചിത്രത്തിൽ ഉള്‍പ്പെടുത്തണമെന്നായിരുന്നു നീരജ് പദ്ധതിയിട്ടിരുന്നത്. പക്ഷേ അമാൽ ചിട്ടപ്പെടുത്തി കേൾ‌പ്പിച്ച ആദ്യ ഗാനം കേട്ടതോടെ നീരജ് ആ തീരുമാനം മാറ്റുകയായിരുന്നു. ഒരുപാട് വേഗത്തിലായിരുന്നു പാട്ടുകൾ ചിട്ടപ്പെടുത്തി കഴിഞ്ഞത്. ഓരോ പാട്ടും സിനിമയ്ക്ക് ഒഴിച്ചു കൂടാനാകാത്തതാണ്. കഥാതന്തുവിന് പാട്ടു നൽകുന്ന ഭംഗി ഏറെയാണ്. ആസ്വാദകനെ സിനിമയ്ക്കൊപ്പം യാത്ര ചെയ്യിപ്പിക്കുന്ന സംഗീതം. ധോനിയുടെ ജീവിതത്തിന്റെ ആത്മാവ് എന്താണെന്ന് ഈ സിനിമയിലെ ഓരോ ഗാനത്തിലുമുണ്ട്,.

മനോജ് മുണ്ടാഷിർ ആണ് ഗാനങ്ങൾ രചിച്ചത്. ആദ്യ സംഗീത സംവിധാനം ഇത്രയേറെ ഗംഭീരമാക്കുവാനായതിന്റെ ക്രെഡിറ്റ് നീരജ് നൽകുന്നത് സംവിധായൻ നീരജിനും ഗാനരചയിതാവ് മനോജിനുമാണ്. ഇരുവരും ചേർന്ന് തനിക്കു തന്ന സ്വാതന്ത്ര്യവും തുറന്നിട്ട ക്രിയാത്മകമായ ലോകവുമാണ് അതിനു കാരണമെന്നാണ് അമാലിന്റെ പക്ഷം. ഇതൊരു സാധാരണ ചിത്രമോ സാധാരണ സംഗീതമോ അല്ലെന്ന് ഇത്ര ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതും അതുകൊണ്ടാണ്. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇത്രയും ബൃഹത്തായ സിനിമയുടെ ഭാഗമാകുവാനായതിൽ ഏറെ സന്തോഷമുണ്ട്. അമാൽ പറ‌ഞ്ഞു. 

2014ൽ പുറത്തിറങ്ങിയ ജെയ് ഹോയിലാണ് അമാലിന്റെ പാട്ട് ആദ്യമായി കേട്ടത്. ഓൾ ഈ സ് വെൽ, ഹീറോ, എയർ ലിഫ്റ്റ്, മസ്തിസാദേ, ഭാഗി, അസ്ഹർ, സരബ്ജിത്, ബാർ ബാർ ദേഖോ എന്നീ ചിത്രങ്ങളിലും അമാലിന്റെ ഗാനങ്ങളുണ്ട്.

ഭാഗിയിലെ സബ് തേരാ, അസ്ഹറിലെ ബോൽ ദോ നാ സരാ, തൂ ഹീ നാ ജാനേ, ജീത് നേ കേ ലിയേ, സരബ്ജിത്തിലെ സലാമത്, ബാർ ബാർ ദേഖോയിലെ സൗ ആസ്മാൻ എന്നീ പാട്ടുകളാണ് അടുത്തകാലത്തിറങ്ങിയ അമാൽ ഹിറ്റുകൾ. 

Your Rating: