Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാനും സമി യൂസഫും ഒന്നിക്കുന്നു

A R Rahman and Sami Yusuf

പ്രതിഭാശാലികൾ ഒന്നിക്കുമ്പോൾ അത് ലോകത്തിനൊരു വിരുന്നായിരിക്കും. സംഗീത ലോകത്തോട് ഒരു ഒന്നാന്തരം വിരുന്നിനായി കാത്തിരിക്കാൻ ആവശ്യപ്പെടുകയാണ് ഇന്ത്യൻ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ. ഇസ്ലാമിക ലോകത്തെ അതിപ്രശസ്തനായ ഗായകൻ സമി യൂസഫുമായി ചേർന്നാണ് എ ആർ റഹ്മാൻ വിസ്മയം സൃഷ്ടിക്കാനൊരുങ്ങുന്നത്. സമി യൂസഫുമായി ചേർന്ന് ഗാനം ചിട്ടപ്പെടുന്ന ചിത്രം ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്താണ് റഹ്മാൻ ഇരുവരും ഒന്നിക്കുന്നതിന്റെ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ പത്ത് വർഷമായി സമിയുമായി സൗഹൃദത്തിലാണെങ്കിലും സംഗീതത്തിനായി ആദ്യമായാണ് ഒരുമിക്കുന്നതെന്നും റഹ്മാൻ എഫ് ബി യിൽ കുറിച്ചിട്ടുണ്ട്.

പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദി മജീദിയുടെ മുഹമ്മദ് എന്ന ചിത്രത്തിലൂടെയാണ് സംഗീത ലോകത്തെ പ്രതിഭകൾ ഒന്നിക്കുന്നത്. ചിൽഡ്രൻ ഓഫ് ഹെവൻ, ദ കളർ ഓഫ് പാരഡൈസ്, ദ വില്ലോ ട്രീ, ദ സോങ് ഓഫ് സ്പാരോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇറാനിയൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിച്ച പ്രശസ്ത സംവിധായകൻ മജീദി മജീദി ചിത്രമായ മുഹമ്മദ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. ഏകദേശം 200 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ചിത്രം പ്രവാചകന്റെ ജീവിതത്തിലെ രണ്ട് ഘട്ടങ്ങളുടെയാണ് കഥ പറയുന്നത്. ഇറാനിൽ നിന്ന് ഏറ്റവും അധികം പണം മുടക്കി നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് മുഹമ്മദ്. എ ആർ റഹ്മാന്റേയും ഹോളീവുഡിലെ പ്രശസ്ത സാങ്കേതിക വിദഗ്ദരുടേയും സാന്നിധ്യമുള്ള ചിത്രത്തിന്റെ ട്രെയ്ലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയൽ ഫജർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ ചിത്രം പ്രദർശിപ്പിക്കാനിരുന്നതാണെങ്കിലും സാങ്കേതിക കാരണങ്ങളാൽ പ്രദർശനം നടന്നിരുന്നില്ല. പിന്നീട് തിരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകർക്കായി പ്രദർശനം നടത്തിയ ചിത്രം ഈ വർഷം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

ഗായകൻ, സംഗീതസംവിധായകൻ, നിർമ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളിൽ ലോകപ്രശസ്തനായ ബ്രിട്ടീഷ് ഇസ്ലാമിക് ഗായകനാണ് സമി യുസഫ്. ഇസ്ലാമിക ലോകത്ത് പ്രശസ്തനായ സംഗീതജ്ഞനായ സമി നിരവധി സാമൂഹിക, മാനുഷിക പ്രശ്നങ്ങൾ തന്റെ പാട്ടുകളുടെ വിഷയമാക്കിയിട്ടുണ്ട്. ‘ലോകത്തിൽ ഏറ്റവും പ്രസിദ്ധനായ ബ്രിട്ടീഷ് മുസ്ലിം‘ എന്ന് ദ ഗാർഡിയൻ പത്രവും, ‘ഇസ്ലാമിന്റെ ഏറ്റവും വലിയ റോക്ക് താരം‘ എന്ന് ടൈം മാഗസിനും, ‘കിങ് ഓഫ് ഇസ്ലാമിക്ക് പോപ്പ്‘ എന്ന് അൽജെസീറയും വിശേഷിപ്പിച്ച താരമാണ് സമി യൂസഫ്. 2003 ൽ പുറത്തിറങ്ങിയ അൽ മുഅല്ലിം എന്ന ആദ്യ ആൽബത്തിലൂടെ തന്നെ പ്രശസ്തിയുടെ അതിരുകൾ ഭേദിച്ച സമി ഇതുവരെ അഞ്ച് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മുമ്പ് പ്രഗത്ഭരായ കലാകാരൻമാരുടെ കൂടെ റഹ്മാൻ ഒന്നിച്ചപ്പോൾ മനോഹരമായ ഗാനങ്ങളായിരുന്നു പിറന്നത്. സമി യൂസഫുമായി ഒന്നിക്കുമ്പോഴും അതിമനോഹരമായ ഒരുഗാനമാണ് ലഭിക്കുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.