Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിത തന്ത്രികളുടെ സ്വരം നിലയ്ക്കുമ്പോൾ...

aymanam-pradeep

വയലിനിന്റെ നാദം നിലച്ചപ്പോൾ തകർന്നതു പ്രദീപിന്റെ ഹൃദയത്തിന്റെ തന്ത്രികളായിരുന്നു..! മൂന്നരപ്പതിറ്റാണ്ട് വേദികളിൽ നാദപ്രപഞ്ചം തീർത്ത അയ്മനം പ്രദീപിന്റെ ഹൃദയത്തിൽ ഇന്നു നിറയുന്നതു വേദനയാണ്. വർഷങ്ങളുടെ കലാ സപര്യയ്‌ക്കൊപ്പം ലഭിച്ച നട്ടെല്ലിന്റെ തകരാറും, അപ്രതീക്ഷിതമായെത്തിയ ഹൃദ്രോഗവും ആ കലാകാരന്റെയും കുടുംബത്തിന്റെയും ജീവിതം തന്നെ തകർത്തിരിക്കുന്നു. കേരളത്തിലും വിദേശത്തുമായി പതിനായിരത്തോളം വേദികളിൽ പ്രമുഖ കലാകാരന്മാരുടെയെല്ലാം ശബ്ദത്തിനൊപ്പം ചലിച്ചിരുന്ന കുടമാളൂർ ശ്രുതിയിൽ അയ്മനം പ്രദീപിന്റെ വയലിൻ ഇന്നു നിശ്ശബ്ദമാണ്.

കഴിഞ്ഞ വർഷം ജനുവരി 23നു മള്ളിയൂർ ക്ഷേത്രത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ കച്ചേരിക്കൊപ്പം വയലിനിൽ നാദപ്രപഞ്ചം തീർത്തശേഷം വീ ട്ടിലെത്തിയ പ്രദീപിന്റെ ജീവിതം ആ ഒറ്റ ദിവസം കൊണ്ടു മാറിമറിയുകയായിരുന്നു. മണിക്കൂറുകളോളം വേദിയിൽ മണിക്കൂറുകളോളം വേദിയിൽ തിളങ്ങിയ പ്രകടനത്തിന്റെ ബാക്കിപത്രമായി അദ്ദേഹത്തിനു ലഭിച്ചത് നടുവിനു ഗുരുതരമായ രോഗമായിരുന്നു. മള്ളിയൂർക്ഷേത്രത്തിലെ പരിപാടിക്കുശേഷം പിറ്റേന്നു വീട്ടിലെത്തിയ പ്രദീപ് ശുചിമുറിയിൽ പ്രദീപ് ശുചിമുറിയിൽ തലകറങ്ങി വീഴുകയായിരുന്നു. ഭാര്യ സുശീലയും, മക്കളായ മക്കളായ സച്ചിനും സംഗീതും ചേർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. നട്ടെല്ലിനെ ബാധിച്ച ഗുരുതരമായ രോഗമായിരുന്നു അദ്ദേഹത്തെ പിന്നീടുള്ള ഒരുവർഷം കട്ടിലിൽ തന്നെ തളച്ചിട്ടത്.

ഇതിനിടെ ഹൃദയ ഭിത്തികളിൽ അത്യപൂർവമായ ഹൃദ്രോഗം കൂടി ബാധിച്ചതായി കണ്ടെത്തി. ഇതോടെ പ്രദീപിന്റെ കുടുംബത്തിന്റെ വരുമാനം പോലും ഇല്ലാത്ത അവസ്ഥയായി. അച്ഛന്റെ ഈ രോഗം മൂത്ത മകനും ഇരുപത്തൊന്നുകാരനുമായ സച്ചിനെയും ബാധിച്ചു. മൂന്നാം വയസ്സിൽ സച്ചിനൊപ്പം കൂടിയ ബ്ലഡ് കാൻസറിന്റെ ചികിത്സ നേരത്തെ തന്നെ ഈ കുടുംബത്തെ സാമ്പത്തികമായി തകർത്തിരുന്നു. ഒൻപതാം വയസ്സിൽ കാൻസർ ഭേദമായെങ്കിലും അച്ഛനെ ബാധിച്ചിരിക്കുന്ന രോഗം സച്ചിനെ വല്ലാതെ ഉലച്ചു. മാനസ്സികമായി വെല്ലുവിളി നേരിടുന്ന സച്ചിൻ ഇപ്പോൾ ചികിത്സയിലാണ്.

സഹോദരൻ അയ്മനം സജീവിനൊപ്പം വയലിൻ - മൃദംഗം സോളോയുമായാണ് പ്രദീപ് കേരളത്തിലെ ഉത്സവ വേദിയിൽ തരംഗം തീർത്തത്. അയ്മനം ബ്രദേഴ്സ് എന്ന പേരിൽ കേരളത്തിലെമ്പാടുമുള്ള ക്ഷേത്രങ്ങളിലും ചാനലുകളിലും വിദേശ വേദിയിലും വരെ പ്രദീപും, സഹോദരൻ സജീവും വയലിൻ മൃദംഗം ഫ്യൂഷൻ കച്ചേരി നടത്തിയിട്ടുണ്ട്.കൈതപ്രം ദാമോദരൻ നമ്പൂതിരി, ജയവിജയൻമാർ, വിജയ് യേശുദാസ്, നെയ്യാറ്റിൻകര വാസുദേവൻ തുടങ്ങിയവർക്കൊപ്പം കച്ചേരിയിൽ വയലിൻ വായിച്ചിട്ടുണ്ട് പ്രദീപ്.

നവജീവൻ ട്രസ്റ്റി പി.യു. തോമസിന്റെ കരുണയിലാണ് പ്രദീപും കുടുംബവും ഇന്നു കഴിയുന്നത്. ഹൃദ്രോഗത്തിനും നട്ടെല്ലിന്റെ ചികിത്സയ്ക്കുമായി വൻ തുക വേണ്ടിവരുമെന്നതിനാൽ പ്രദീപിന്റെ ജീവിതം തന്നെ വഴിമുട്ടി നിൽക്കുകയാണ്. കെ.കെ. പ്രദീപിന്റെയും സുശീലയുടെയും പേരിൽ ഫെഡറൽ ബാങ്ക് ഗാന്ധിനഗർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 106701000 60399. ഐഎഫ്എസ്‌സി: എഫ്ഡിആർഎൽ 0001067. ഫോൺ: 94965 43447