Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും റഹ്മാൻ പാട്ടിൽ മാജിക്കൊരുക്കി അമേരിക്കയിലെ സംഗീത വിദ്യാലയം

berklee-rahman

റഹ്മാൻ ഗീതങ്ങൾക്ക് അമേരിക്കയിലെ ബേക്‌ലീ കോളെജ് ഓഫ് മ്യൂസിക് തയ്യാറാക്കിയ കവർ വേർഷനുകൾ എപ്പോഴും ശ്രദ്ധ നേടിയിരുന്നു. റഹ്മാന്റെ മാജികൽ ഓർക്കസ്ട്രയ്ക്കൊപ്പം ബെക്‌ലീ തങ്ങളുടെ ശൈലിയും കൂട്ടിച്ചേർത്ത് തയ്യാറാക്കിയ പാട്ടുകളായിരുന്നു അവയെല്ലാം. ദിൽസേയിലെ ജിയാ ചലേ എന്ന ഗാനം ഇപ്പോഴുമുണ്ട് പോപുലർ യുട്യൂബ് വിഡിയോകളുടെ കൂട്ടത്തിൽ. ഇപ്പോഴിതാ അങ്ങനെയൊരു തരംഗമുണ്ടാക്കാൻ കുൻ ഫയാ കുൻ എന്ന ഗാനത്തിനൊരു പുനരാവിഷ്കാരവുമായെത്തിയിരിക്കുകയാണ് ഈ സംഗീത സംഘം. ബോസ്റ്റണിലെ സിംഫണി ഹാളിൽ അവതരിപ്പിച്ച പരിപാടിയുടെ വിഡിയോ ഒറ്റ ദിവസം കൊണ്ട് രണ്ടു ലക്ഷത്തോളം പേരാണ് കണ്ടത്. 

സൂഫി സംഗീതത്തിന്റ വശ്യത നിറഞ്ഞു നിൽക്കുന്ന ഗാനം റോക്ക്സ്റ്റാർ എന്ന ചിത്രത്തിലേതാണ്. ഇർഷാദ് കമീലിന്റെ എഴുത്തും. റഹ്മാനൊപ്പം ജാവേദ് അലിയും മോഹിത് ചൗഹാനും ചേർന്നാലപിച്ച പാട്ടാണിത്. കച്ചേരി അണിയിച്ചൊരുക്കിയത് ആനെറ്റ് ഫിലിപ് ആണ്. ലോകമെമ്പാടും നിന്നുള്ളവർ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. ഇന്ത്യാക്കാരും വിദേശികളുമടങ്ങുന്ന വലിയ സംഘമാണ് പാട്ട് പാടിയത്. ധ്രുവ് ഗോയൽ, രോഹിത് ജയരാമൻ, സഞ്ജീത ഭട്ടാചാര്യ, ഹരിണി ശ്രീനിവാസ രാഘവൻ, ലത് അൽ റുബായേ, മാളവികാ ദാസ്, അന്നലീസ ലൊമ്പാർഡോ എന്നിവരുടേതാണ് പ്രധാന ശബ്ദം. ചുവപ്പിലും വെളുപ്പിലും തീർത്ത വസ്ത്രങ്ങളണിഞ്ഞ് ഒന്നിച്ചിരുന്നു പാടുന്നത് കാണാനും കേൾക്കാനും സുന്ദരും. ഒരു പുഴ പോലെയൊഴുകുന്ന പാട്ട് പാടുന്നതിനിടയിൽ പലയിടത്തും കാണികളുടെ ഹൃദയം കവർന്നു. 

അച്ചം എൻബദ് മടമൈയെടാ എന്ന ചിത്രത്തിലെ പ്രശസ്ത ഗാനം തള്ളി പോഗാതെ പാടിയ സിദ് ശ്രീറാം ബെക്‌ലീയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഗീത കോളെജുകളിലൊന്നാണിത്. ബെക്‌ലീയിലെ ഈ വർഷത്തെ സ്കോളർഷിപ്പ് വിതരണം ചെയ്തതും റഹ്മാനായിരുന്നു. ഇതിനു മുൻപ് ബെക്‌ലീ സംഗീത സംഘം പാടിയ ചില റഹ്മാൻ ഗാനങ്ങളിലേക്ക്...