Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനും ആ കുഞ്ഞു വയലിനും

Bijibal ബിജിബാല്‍

അറബിക്കഥ എന്ന ചിത്രത്തിലെ സുന്ദരങ്ങളായ പാട്ടുകൾ മലയാളസിനിമയ്ക്കു സമ്മാനിച്ചത് മികവുറ്റ ഒരു സംഗീതസംവിധായകനെയാണ്. കേൾവിക്കാരന്റെ ആത്മാവിൽ സ്പർശിക്കുന്ന ഈണങ്ങളാണ് ബിജിബാലിന്റേത്.ലോകം അച്ഛന്‍മാര്‍ക്കായി നീക്കി വച്ച ഈ ദിനത്തില്‍ ബിജിബാല്‍ തന്റെ അച്ഛനെപ്പറ്റി പറയുകയാണ്. തന്റെ സംഗീത ജീവിതത്തില്‍ അച്ഛന്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച്, ആദ്യമായി സമ്മാനിച്ച കുഞ്ഞു വയലിനെക്കുറിച്ച്.

റേഡിയോ ആയിരുന്നു ചെറുപ്പത്തില്‍ സംഗീതം പഠിക്കാനും കേള്‍ക്കാനുമൊക്കെയുള്ള ഏക ആശ്രയം. ശാസ്ത്രീയ സംഗീതത്തില്‍ ഒരു പഠനമോ അതിനെ കുറിച്ച് കൂടുതല്‍ അറിവോ ഒന്നുമുണ്ടായിരുന്നില്ല. ആ സമയത്താണ്, നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനൊരു കുഞ്ഞു വയലിന്‍ വാങ്ങിത്തരുന്നത്. ഉണ്ണികൃഷ്ണൻ എന്ന ഒരു അധ്യാപകന്റെ അടുത്ത് പഠിക്കാന്‍ കൊണ്ടുചെന്നാക്കുകയും ചെയ്തു. അന്നു തുടങ്ങിയ പഠനമാണ് സംഗീതത്തെ കൂടുതല്‍ ചിട്ടയോടെ സമീപിക്കാനും ഒരു അടിത്തറ കിട്ടാനുമൊക്കെ കാരണമായത്. പാട്ടു പഠനത്തിന്റെ കാര്യത്തില്‍ അചഛന്‍ കര്‍ശനക്കാരനായിരുന്നു. രാവിലെ എഴുന്നേറ്റ് പ്രാക്ടീസ് ചെയ്യണമെന്ന കാര്യത്തിലൊക്കെ നിര്‍ബന്ധമായിരുന്നു. പക്ഷേ ജീവിതത്തില്‍ എന്തു പഠിക്കണം, എതു ജോലിക്കു പോകണം എന്ന കാര്യത്തിലൊന്നും അച്ഛനൊന്നും പറഞ്ഞിട്ടില്ല. അതൊന്നും ചര്‍ച്ച ചെയ്യുന്നയാളുമല്ല. അതെല്ലാം എന്റെ തീരുമാനമായിരുന്നു.

അച്ഛന്റെ പേര് ബാലചന്ദ്രനെന്നാണ്. അദ്ദേഹം ശാസ്ത്രീയമായി പാട്ടു പഠിച്ചയാളാണ്. ഭജനയ്‌ക്കൊക്കെ പോകുമായിരുന്നു. ഞാന്‍ സിനിമാ സംഗീതത്തിലേക്കെത്തിയതിലൊക്കെ അച്ഛനൊരുപാട് സന്തോഷിക്കുന്നുണ്ടാകാം. പക്ഷേ പുറമേ ഒരിക്കലും ആ ആകാംക്ഷയോ സന്തോഷമോ കാണിക്കാറില്ല. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലായിരുന്നു അച്ഛനു ജോലി.

എന്റെ ഓര്‍മയില്‍ ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്തുതന്നെ തീയറ്ററില്‍ പോയി സിനിമ കാണുന്ന ശീലമൊക്കെ അച്ഛന്‍ നിര്‍ത്തിയതാണ്. ഞാനാദ്യമായി സംഗീത സംവിധായകനായ സിനിമ പോലും ടിവിയില്‍ വന്നപ്പോഴാണ് അച്ഛൻ കണ്ടത്. ഇന്നത്തെ അച്ഛന്‍മാരെ പോലെ ഒരുപാട് സംസാരിക്കുന്നയാളൊന്നുമല്ല അദ്ദേഹം. ഒരു മൂന്നടി മാറി നിന്നേ ഇന്നും ഞാൻ അച്ഛനോടു സംസാരിക്കാറുള്ളൂ. എങ്കിലും ഉള്ളില്‍ അദ്ദേഹം ഒരുപാട് സന്തോഷിക്കുന്നുണ്ടാകും. അച്ഛനെപ്പോഴും മൂളാറുള്ള ഒരു പാട്ടുണ്ട്. ‘ഊഞ്ഞാലാ...ഊഞ്ഞാലാ...’ പി. ഭാസ്‌കരന്‍ മാഷ് എഴുതി ദക്ഷിണാമൂര്‍ത്തി സ്വാമി ഈണമിട്ട പാട്ട്. അച്ഛനായി ഈ ദിനത്തില്‍ ഞാന്‍ ആ പാട്ടാണ് സമര്‍പ്പിക്കുന്നത്.