Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൻഡീസിനെ വിജയിപ്പിച്ച ബ്രാവോയുടെ പാട്ട്

windies

ഇന്നലെ കുട്ടിക്രിക്കറ്റിൽ നമ്മുടെ നീലപ്പടയെ ഒരു ത്രില്ലിങ് ജയത്തിലൂടെ ഓടിച്ച് വിൻഡീസ് ചരിത്രം കുറിച്ചു. അവസാന കളിയ്ക്കുള്ള, കിരീടത്തിനായുള്ള കളിക്ക്, സ്ഥാനം പിടിച്ചപ്പോഴും ആഘോഷത്തിന് അവർക്കീ പാട്ടുമതി. ഏത് വിജയം നേടിയാലും ഇവർക്കീ താളം മതി...ആ ചുവടുകൾ മതി. കുറേ നാളായി അങ്ങനെയാണ്. ഇന്ത്യയെ തോൽപ്പിച്ചതിനു ശേഷം പുലരുവോളം അവർ നൃത്തം ചെയ്തത് ഈ പാട്ടിനൊപ്പമാണ്. ചാമ്പ്യനെന്ന പാട്ടു പാടി വിൻഡീസ് ടീം ചുവടുവയ്ക്കുന്ന വിഡിയോ ലോകത്തെ ത്രസിപ്പിക്കുകയാണ്. നമ്മൾ ഇന്ത്യക്കാരുടെ പോലും മനം കവർന്നു കരീബിയൻ പടയുടെ ഈ പാട്ടും ആ നൃത്തവും. ആഘോഷത്തിന്റെ ചിത്രക്കൂട്ടങ്ങളും വിഡിയോയും ഔദ്യോഗിക എഫ്ബി പേജിലൂടെ പുറത്തുവിട്ടതു മുതൽ വൈറലാണ്.

ഡായെൻ ബ്രാവോ പാടിയ പാട്ടാണിത്. ക്രിക്കറ്റുകാരനിലെ പാട്ടുകാരന്റെ രണ്ടാമത്തെ പാട്ടാണ് ചാമ്പ്യൻ. ഇത്തവണത്തെ ടി20 ലോകകപ്പിന് മുൻപാണ് ഈ സിംഗിൾ പുറത്തിറക്കിയത്. ഗെയിൽ, നെൽസൺ മണ്ടേല, ബ്രയാൻ ലാറ, ബരാക് ഒബാമ എന്നിവരെ കുറിച്ചെല്ലാം പാട്ടിന്റെ വരികളിലുണ്ട്. അവരുടെ സ്വന്തം ബ്രാവോ പാടിയ പാട്ടായതുകൊണ്ടു മാത്രമായിരിക്കുമോ വിൻഡീസ് ഈ പാട്ടിനെ ഇങ്ങനെ നെഞ്ചേറ്റുന്നത്. അതോ ചാമ്പ്യനെന്നാണ് പാട്ടിന്റെ വരികൾ എന്നതുകൊണ്ടോ. ആയിരിക്കില്ല. കാരണം, ആ പാട്ടു പങ്കുവയ്ക്കുന്ന ഊർജ്ജം അത്രയേറെ ഹരം പിടിപ്പിക്കുന്നതാണ്. ലോകവും ഇപ്പോൾ ആ ഗാനത്തിന് താളം പിടിച്ചു തുടങ്ങിയിരിക്കുന്നു.

ഈ ടൂർണമെന്റിനിടെ എല്ലാവരേയും അമ്പരപ്പിച്ച് വിന്‍ഡീസിനെ തോൽപ്പിച്ചപ്പോൾ അഫ്ഗാൻ ടീം ചുവടുവയ്ച്ചത് ഈ പാട്ടിനൊപ്പമാണ്. അവര്‍ക്കൊപ്പം മറ്റെല്ലാം മറന്ന് അന്നവിടെ കളിക്കാൻ ഒരാൾ കൂടിയെത്തി. സാക്ഷാൽ ഗെയിൽ. ഐസിസി അന്ന് ലോകത്തിന് പങ്കുവച്ച വിഡിയോ ഇനിയും കണ്ട് കൊതിതീർന്നിട്ടില്ല ലോകത്തിന്. ചാമ്പ്യൻ ചാമ്പ്യൻ...എന്ന വാക്ക് നിറഞ്ഞു നിൽക്കുന്ന വരികളിൽ ലോകത്തിന്റെ കായികാവേശത്തിന്റെ ആത്മാവുണ്ട്. ഓരോ വിജയങ്ങളേയും പിന്തുടരുവാൻ ഈ പാട്ടിന് കഴിയും. കണ്ണീരിറ്റു വീഴുമ്പോഴും വിൻഡീസ് ഈ പാട്ടിനൊത്ത് ചുവടുവയ്ച്ചപ്പോൾ നമ്മൾ ഇന്ത്യക്കാർ പോലും താളം പിടിച്ചുവെങ്കിൽ അത് തന്നെയാണ് ഈ പാട്ടിന്റെ വിജയവും. കളിയുടെ ആവേശത്തുടിപ്പ് മനസിൽ നിറയ്ക്കുവാനും....അവസാനം സ്റ്റംപൂരി വിജയച്ചിരി ഗാലറിയിലേക്ക് പായിക്കുന്ന ടീമിനൊപ്പം മറ്റെല്ലാം മറന്ന് മനസുകളെ ഒന്നിപ്പിച്ചു നിർത്തുവാനും മാത്രം എന്തോ ഒരു മാന്ത്രികത ഈ പാട്ടിലുണ്ട്.

മാർച്ച് പതിനാലാണ് ബ്രാവോയുടെ വിഡിയോ യുട്യൂബിലെത്തിയത്. ഇതുവരെ ആറ് ലക്ഷത്തിലധികം തവണയാണ് ഈ വിഡിയോ ലോകം കണ്ടത്. പക്ഷേ ഇന്നലെ എഫ്ബിയിൽ വിൻ‍ഡീസ് ടീം മനസുകൊണ്ട് ഈ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന ദൃശ്യങ്ങൾക്ക് കിട്ടിയ കാഴ്ചക്കാരോ ഇരുപത്തിയഞ്ച് ലക്ഷത്തിന് മേലെയാണ്....