Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്യാസി വേഷത്തിൽ നിന്ന് റോക്ക് സ്റ്റാറിലേക്ക്

സന്യാസി വേഷത്തിലൂടെ മലകൾ ചവിട്ടി ഈ സംഗീത പ്രതിഭ നടന്നിറങ്ങിയത് റോക്ക് സ്റ്റാറിലേക്ക്. കേൾക്കുമ്പോൾ അവിശ്വസനീയത തോന്നാം ഒരു വിപ്ലവം മണക്കാം. ശരിക്കും അങ്ങനെ തന്നെയാണ് ഇദ്ദേഹത്തെ ജീവിതം. സന്യാസ ജീവിതത്തിൽ നിന്ന് പുറത്തുകടക്കാൻ മനസിനുള്ളിലെ സംഗീതം ലോകത്തിന് പാടിത്തരാൻ ഈ യുവാവ് നടന്നു നീങ്ങിയ വഴികൾ കഠിനമായിരുന്നു.

പത്തു വർഷം മുൻപായിരുന്നു ടിബറ്റിൽ നിന്ന് ഗവാങ് പ്രയാണം നടത്തിയത്. പതിനെട്ടു ദിവസം ട്രെക്കിങ് 250 മൈൽ വീണ്ടും യാത്ര. അങ്ങനെ ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച ഒന്നിനായി നടത്തിയ യാത്ര ഇംഗ്ലണ്ടിലാണ് അവസാനിച്ചത്. അവിടെയുള്ള ബുദ്ധമത വിശ്വാസികൾക്കിടയിലൂടെ പാട്ടുമായി കടന്നുചെന്ന ഗവാങിപ്പോൾ ബിബിസി വരെയെത്തി. ഗവാങിനെ കുറിച്ച് ബിബിസി ഡോക്യുമെന്ററിയും തയ്യാറാക്കിയിരിക്കയാണ്. ബിബിസി റേഡിയോ3 യിൽ കഴിഞ്ഞ ഏപ്രിലിൽ ഗവാങിന്റെ ഗാനം പ്രക്ഷേപണം ചെയ്തിരുന്നു. സ്വന്തം നാടിനെ കുറിച്ച് ഗവാങ് എഴുതി സംവിധാനം ചെയ്ത് പാടിയ പാട്ടും ബിബിസിയിലുണ്ടായിരുന്നു.

gawang-music

ജീവിതത്തെയും കൈവഴികൾ പോലെ ഒഴുകി ഒടുവിലൊന്നിച്ചു ചേർന്ന തന്റെ സംഗീത ജീവിതത്തെയും കുറിച്ചാണ് ഗവാങ് ഡോക്യുമെന്ററിയിലൂടെ സംവദിക്കുന്നത്. രാജ്യത്തു നിന്നും കുടുംബത്തിൽ നിന്നും സംഗീതത്തിനു വേണ്ടി ഒളിച്ചോട്ടം നടത്തേണ്ടി വന്നപ്പോഴുള്ള വേദനയും പാട്ടുലോകം തന്റെ ജീവിതത്തിൽ എത്ര വലുതാണെന്നും ഗവാങ് പങ്കുവയ്ക്കുന്നുണ്ട്.

ബിബിസിയുടെ ശ്രദ്ധയിൽപ്പെട്ടതിനു ശേഷം പിന്നീടൊരിക്കലും ഗവാങിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ നിമിഷം മുതൽ o2 സംഗീത വേദിയില്‍ ദലൈലാമയ്ക്ക് മുൻപിൽ നടത്തിയ പ്രകടനം വരെയുള്ള ഗവാങിന്റെ ജീവിതത്തെ അതുല്യമെന്ന് വിളിക്കുന്നതിൽ തെറ്റുകാണില്ല. മനസിനുള്ളിൽ നിന്ന് നുള്ളിക്കളയാനാകാത്ത തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ അത് കെടാതെ സൂക്ഷിക്കുകയാണെങ്കിൽ ഒരിക്കൽ നിങ്ങളെ തേടി വേദികൾ വരുമെന്നും വഴിയിൽ അതിനു സഹായമൊരുക്കുവാൻ ഒരുപാട് കൈകളുണ്ടാകുമെന്നും പറഞ്ഞു തരികയാണ് ഗവാങിന്റെ ജീവിതം.