പാട്ടിൽ നിറയെ അശ്ലീലമെന്ന്, ചിമ്പു വിവാദത്തിൽ

അനിരുദ്ധ് ഈണമിട്ട് ചിലമ്പരശന്‍ പാടിയ "ദ ബീപ് സോങ് ' വിവാദത്തില്‍. ഗാനത്തിലെ മിക്കവാറും വരികളെല്ലാം അസഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ജനാധ്യപത്യ മഹിളാ അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇതിന് ഉത്തരവാദി താനല്ലെന്നാണ് ചിലമ്പരശന്‍റെ വാദം. തമിഴകത്തെ യുവ നടന്മാരില്‍ ശ്രദ്ധേയനായ ചിലമ്പരശന്‍ വിവാദങ്ങളില്‍ അകപ്പെടുന്നത് ഒരു പതിവായിരിക്കുകയാണ്. ദ് ബിപ് സോങ് എന്ന പേരില്‍ ചിലന്പരശന്‍ പാടിയ പാട്ടാണ് ഇപ്പോള്‍ വിവാദമായത്. യുവ സംഗീത സംവിധായകരില്‍ പ്രമുഖനായ അനിരുദ്ധാണ് സംഗീതം. ഗാനം അശ്ലീല പദപ്രയോഗങ്ങളാല്‍ നിറഞ്ഞു നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ജനാധിപത്യ മഹിളാ അസോസിയേഷനാണ് കോയന്പത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്യാനായി കോയന്പത്തൂര്‍ പൊലീസ് ചെന്നൈയിലെത്തി

സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ ഇതിനുത്തരവാധി താനല്ലെന്നാണ് ചിലന്പരശന്‍റെ വാദം. സുഹൃത്തുക്കളുമായി ചേര്‍ന്നുണ്ടാക്കിയതാണ് ഈ പാട്ട്. സിനിമക്കോ ആല്‍ബത്തിനോ വേണ്ടി സൃഷ്ടിച്ചതല്ല. ഇത്പുറത്ത് വിടുകയായിരുന്നു. അതിനാല്‍ താനെങ്ങനെ ഇതിന് ഉത്തരവാധിയാകുമെന്നാണ് ചിന്പുവിന്‍റെ ചോദ്യം. അതേസമയം സംഗീത സംവിധായകന്‍ അനിരുദ്ധ് ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.