Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീപ് സോങ് വിവാദം: ചിമ്പുവിന് ജാമ്യം

Simbu

ബീപ് സോങ് വിവാദത്തിൽ ചിമ്പുവിന് മുൻകൂർ ജാമ്യം. മദ്രാസ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ചിമ്പുവിനെതിരെ കോയമ്പത്തൂർ പൊലീസും സൈബർ സെല്ലും രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിൽ നിന്നും ഇതോടെ ചിമ്പുവിന് ജാമ്യം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് ചിമ്പു പൊലീസുമായി സഹകരിക്കണം. ശബ്ദജം തിരിച്ചറിയുന്നതിനുള്ള പരിശോധനകളിലും മറ്റും ചിമ്പു കൃത്യമായി പൊലീസിൽ ഹാജരാകണം. ഈ വരുന്ന പതിനൊന്നിന് കോയമ്പത്തൂർ റേസ് കോഴ്സ് പൊലീസ് സ്റ്റേഷനിൽ ചിമ്പു ഹാജരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പദങ്ങൾക്ക് പകരം ബീപ് എന്ന ശബ്ദമുപയോഗിച്ച് ചിമ്പുവെഴുതിയ പാട്ടാണ് വൻ വിവാദമായത്. അനിരുദ്ധ് രവിചന്ദറിന്റെ ഈണത്തിൽ ചിമ്പു തന്നെയാണ് പാടിയതും. ഇരുവര്‍ക്കുമെതിരെ പന്ത്രണ്ടോളം കേസുകളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. യുട്യൂബിൽ പ്രസിദ്ധീകരിച്ച പാട്ടിനെതിരെ വനിതാ സംഘടനകളും സ്ത്രീ സമൂഹവും ശക്തമായി പ്രതികരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.

താൻ മോശം അർഥത്തിലല്ല പാട്ടെഴുതിയതെന്നും തന്നെ കുടുക്കാൻ മനപൂർവം ആരോ യുട്യൂബിൽ പാട്ട് അപ്‌ലോ‍ഡ് ചെയ്തുവെന്നുമാണ് ചിമ്പുവിന്റെ വാദം. അനിരുദ്ധ് രവിചന്ദറും കൃത്യമായ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമായിട്ടില്ല. എന്തിരുന്നാലും ചിമ്പുവിനെ സംബന്ധിച്ച് ഇത് ആശ്വാസ വിധിയാണ്. ഗൗതം മേനോൻ ചിത്രം അച്ഛം എൻബദ് മടമയ്യദ എന്ന ചിത്രമാണ് ചിമ്പുവിന്റെ ഏറ്റവും പുതിയ ചിത്രം. പുറത്തിറങ്ങിയ ട്രെയിലർ വൻ ഹിറ്റായിരുന്നു.