Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിന്ന ചിന്ന ആശൈ...കേട്ടുമതിവരാതെ ഈ ആലാപനം

chinna-chinna-aasai-iyoutube

കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിനിടയിൽ ചിന്ന ചിന്ന ആശ എന്ന പാട്ട് പല വേദികളിൽ പല ഗായികമാർ ഈ പാട്ടു പാടിയിട്ടുണ്ടെങ്കിലും ഒറിജിനലിനോളം അവ ഇഷ്ടമായ വേളകൾ ചുരുക്കമാണ്. പക്ഷേ കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു കുഞ്ഞു ഗായിക ഈ പാട്ട് പാടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. 

ഈ തമിഴ് പാട്ടിന്റെ ഹിന്ദി വേര്‍ഷനാണ് ഈ പാട്ടുകാരി പാടുന്നത്. ആ സ്വരത്തിന്റെ കുസൃതിയും നിഷ്കളങ്കതയും പാട്ടിന്റെ ഈണത്തോടും ഈരടികളോടും അതിമനോഹരമായി ചേർന്നുനിൽക്കുന്നു. ഉച്ഛാരണ ശുദ്ധിയൊന്നും അവിടെ പ്രശ്നമല്ലാതാകുന്നു. ഈ ഏ ആർ റഹ്മാൻ ഗാനം എന്തുകൊണ്ട് കാലാതീതമാകുന്നു എന്നതിനൊരു നല്ല ഉദാഹരണം കൂടിയാണ് ഈ ആലാപനം. കുഞ്ഞു ഗായിക ആരെന്നൊന്നും വ്യക്തമല്ല. 25 ലക്ഷത്തോളം പ്രാവശ്യമാണ് ഈ പാട്ട് ആളുകൾ ഫെയ്സുബുക്കിലൂടെ മാത്രം വീക്ഷിച്ചത്.

ചിന്ന ആശ ചിന്ന ആശ...ഈ പാട്ട് െചന്നെത്താത്ത ഒരിടവുമുണ്ടാകില്ല ഇന്ത്യയിൽ. ഓരോ കേൾവിയിലും മനസ് ഒരു അപ്പുപ്പൻ താടി പോലെ ഓർമകളിലേക്ക് കുസൃതികളോടെ പാറിപ്പോകും. ഏ ആർ റഹ്മാൻ ഈണമിട്ട ഈ പാട്ട് എപ്പോൾ കേൾക്കാനും നമുക്കിഷ്ടമാണ്. മിൻമിനി എന്ന മലയാളി ഗായികയാണ് ഈ പാട്ടു പാടിയത്. വൈരമുത്തുവിന്റേതായിരുന്നു വരികൾ. റോജ എന്ന തമിഴ് ചിത്രത്തിലെ ഈ പാട്ടിലൂടെയാണ് ഏ ആർ റഹ്മാൻ എന്ന വിസ്മയത്തെ നമ്മൾ പരിചയപ്പെടുന്നത്. ആദ്യ ചിത്രത്തിലെ ഗാനങ്ങളിലൂടെ തന്നെ ദേശീയപുരസ്കാരം റഹ്മാൻ സ്വന്തമാക്കി. 

ഏ ആർ റഹ്മാൻ ചലച്ചിത്ര സംഗീതരംഗത്ത് സജീവമായിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടു. ഇക്കാലയളവിനിടയിൽ ഓസ്കർ അടക്കം സംഗീത രംഗത്തെ എല്ലാ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ആയിരത്തോളം പാട്ടുകൾക്ക് ഈണമിട്ടു. എന്നാലും ഇന്നും ഏ ആർ റഹ്മാൻ എന്ന പേര് കേൾക്കുമ്പോൾ മനസിൽ നിന്നുയർന്നു വരുന്നത് ചിന്ന ചിന്ന ആശൈ എന്ന പാട്ടു തന്നെ.