Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടു ദുരിതത്തെ കുറിച്ചു പാടിയ വിഡിയോ വൈറൽ

q-song

സമൂഹം നേരിടുന്ന പ്രശ്നങ്ങളുടെ യഥാർഥ മുഖം പലപ്പോഴും ഏറ്റവും ലളിതമായി, കുറിക്കു കൊള്ളുന്ന തലത്തിൽ  വെളിപ്പെടുന്നത് ഹാസ്യാവതരണങ്ങളിലൂടെയാണ്.  നർമം ഏറ്റവും നല്ലൊരു സംവേദന മാധ്യമമാണെന്ന് കാലം എത്രയോ വട്ടം തെളിയിച്ചിരിക്കുന്നു. നാസര്‍ മാലികിന്റെ മനസിലുള്ളതും ഇതു തന്നെയാണ്. ഒപ്പം അൽ‌പം സംഗീതവുമുണ്ട്. സർക്കാരിന്റെ നോട്ടു പിൻവലിക്കലും അതേ തുടർന്നുള്ള പ്രശ്നങ്ങളും  അതുകൊണ്ടാണ് നർമം കലർത്തി അവതരിപ്പിച്ചത്. Q എന്നു പേരിട്ട വിഡിയോ സൂപ്പർ ഹിറ്റ് ആകുകയും ചെയ്തു. അനൂപിന്റേതാണു വരികൾ. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശസ്തമായ, എന്ന മലയാളം സംഭാഷണത്തോടെയാണ് വിഡിയോ തുടങ്ങുന്നതും അവസാനിക്കുന്നതും. ഉപയോഗിക്കാൻ കൊള്ളാവുന്ന കറൻസികൾക്കായി ബാങ്കുകൾക്കു മുൻപില്‍ ക്യൂ നിന്ന് ഗതികെടുന്ന ജനങ്ങൾക്കാണ് വി‍ഡിയോ സമർപ്പിച്ചിരിക്കുന്നത്. വിഡിയോ ചെയ്യാൻ പറ്റിയൊരു വിഷയം വന്നു എന്നതു മാത്രമല്ല നാസറിനെ ഇങ്ങനെയൊരു വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ചത്. സംഗീതത്തിനൊപ്പമാണ് ജീവിതം. ബാങ്കിൽ നിന്ന് പണം മാറ്റിക്കിട്ടാനുള്ള കാല താമസം നാസറിന്റെ  സ്റ്റുഡിയോ വർക്കുകളെയെല്ലാം അവതാളത്തിലാക്കി. ഒപ്പം എങ്ങോട്ടു തിരിഞ്ഞാലും ആളുകളുടെ നെട്ടോട്ടവും. 

സംഗീതം പഠിച്ചിട്ടൊന്നുമില്ല നാസർ. പക്ഷേ ഉള്ളുനിറയെ അതേയുള്ളൂ. ഒപ്പം ഇങ്ങനെ രസകരമായി സംസാരിക്കാനുള്ള കഴിവും. ഓരോരുത്തരും ഓരോ രീതിയിലാണല്ലോ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്നത്. എന്റെ വഴി ഇതാണ്. നാസർ പറയുന്നു. പതിനായിരത്തോളം പ്രാവശ്യമാണ് നാസറിന്റെ പുതിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടത്. 

ആർ ബാലകൃഷ്ണ പിള്ളയുടെ ബാങ്ക് വിളി വിവാദവും ഭോപ്പാലിലെ ജയിൽ ചാടലിനെ സംബന്ധിച്ച പൊലീസ് റിപ്പോർട്ടുമായിരുന്നു നാസർ മാലികിന്റെ ഇതിനു മുൻപുള്ള വിഡിയോകൾ. അന്നും ഇതേ ആവേശ പ്രതികരണമാണു പ്രേക്ഷകരിൽ നിന്നും നാസറിനു ലഭിച്ചതും. കുറിക്കു കൊള്ളുന്ന വിധത്തിലുള്ള വിമർശനങ്ങൾ ഒരിക്കലും ഭീഷണിയോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നും നാസർ നേരിടേണ്ടി വന്നിട്ടില്ല. കയ്യടിച്ചു സ്വീകരിച്ചിട്ടേയുള്ള പ്രേക്ഷകർ എപ്പോഴും.

പാലക്കാട് തൃത്താല സ്വദേശിയായ നാസർ ബി12 എന്ന സിനിമയ്ക്കു സംഗീതമൊരുക്കിയിട്ടുമുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.