Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയെ പോലെ കളിക്കാം: കാണൂ ഈ വിഡിയോ

deepika-padukone-music-video

വിഷാദ രോഗിയായിരുന്നു താനും എന്ന ദീപിക പദുക്കോണിന്റെ വെളിപ്പെടുത്തൽ നമ്മെ ഞെട്ടിച്ചിരുന്നു. കായിക വിനോദങ്ങളെ കൂട്ടുപിടിച്ചാണ് വിഷാദത്തിൽനിന്നു കരകയറിയതെന്ന നടിയുടെ വെളിപ്പെടുത്തല്‍ ഒരുപാടാളുകൾക്കു പ്രചോദനം നൽകുന്നതുമായിരുന്നു. ഇപ്പോഴിതാ പെൺകുട്ടികളെ കായിക രംഗത്തേക്കു സ്വാഗതം ചെയ്തുകൊണ്ട് ദീപികയുടെ  വിഡിയോയുമെത്തിയിരിക്കുന്നു. 

പാദരക്ഷാ, കായികോപകരണ നിർമാതാക്കളായ നൈക്കിയുടെ സ്പോർട്സ് ക്യാംപെയ്നാണ് ഡാ ഡാ ഡിങ് എന്ന ഈ പാട്ട്. ഇന്ത്യ കണ്ട മികച്ച വനിതാ കായിക താരങ്ങളിൽ ചിലരുമുണ്ട് ദീപികയ്ക്കൊപ്പം. റാണി റാംപാൽ, ജോഷ്ന ചിന്നപ്പ, ജ്യോതി ആൻ ബറെറ്റ്, ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, ശുഭലക്ഷ്മി ശർമ എന്നിവരാണു വിഡിയോയിലുള്ളത്. കായിക ജീവിതം ഒരു പെൺകുട്ടിയെ മാനസികമായും ശാരീരികമായും എത്രമാത്രം ശക്തയാക്കുന്നുവെന്നു പറയുന്ന വിഡിയോ ഇന്നോളം കണ്ടവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. വേറിട്ട ഈണവും പ്രചോദനാത്മകമായ ദൃശ്യങ്ങളും മറ്റു പ്രചാരണ വിഡിയോകളില്‍നിന്ന് ഇതിനെ വേറിട്ടുനിർത്തുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെ ദീപിക പങ്കുവച്ച വിഡിയോ മണിക്കൂറുകൾക്കുള്ളൽ ഇരുപതു ലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്. നൈക്കിയുടെ അംബാസിഡർ കൂടിയാണ് ദീപിക. 

‘തോൽവികളെ മാത്രമല്ല, വിജയങ്ങളേയും എങ്ങനെ കൈകാര്യം ചെയ്യണമെന്നു പഠിപ്പിച്ചതു കായിക ഇനങ്ങൾക്കൊപ്പമുള്ള നിമിഷങ്ങളാണ്. ജീവിതത്തിലെ അസ്ഥിരത മാറ്റിയതും ചിട്ടയോടെ മുന്നോട്ടു പോകാനായതും അതുകൊണ്ടാണ്. രണ്ടു വർഷം മുൻപ് വിഷാദ രോഗത്തിനടിമയായി ജീവിതത്തോടു തോറ്റുമടങ്ങുന്ന സാഹചര്യം വന്നപ്പോൾ‌ അതിനെയൊക്കെ അതിജീവിക്കാനായത് എനിക്കുള്ളിലൊരു അത്‍ലറ്റ് ഉണ്ടായിരുന്നതുകൊണ്ടാണ്. ജീവിതത്തോടു പോരടിച്ചു മുന്നേറാനുള്ള ശക്തി പകർന്നതും അതുതന്നെ. അതുകൊണ്ട്  എല്ലാ പെൺകുട്ടികളോടും സ്ത്രീകളോടും പുരുഷൻമാരോടും പറയുവാനുള്ളത്, ഏതെങ്കിലുമൊരു കായിക ഇനം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നാണ്. അതിനൊപ്പം കുറച്ചു നേരം ചെലവിടണം. എന്റെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾക്കു‌ വഴിവച്ചത് സ്പോർട്സ് ആണ്. നിങ്ങളുടെ ജീവിതത്തിലും മാറ്റമുണ്ടാകും...’- ദീപിക ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാഡ്മിന്റൻ താരം പ്രകാശ് പദുക്കോണിന്റെ മകളാണ് ദീപിക. 1980ൽ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയിരുന്നു അദ്ദേഹം.