Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബ്ദലേഖകൻ ഇ. കരുണാകരൻ അന്തരിച്ചു

ഇ. കരുണാകരൻ ഇ. കരുണാകരൻ

തിരുവനന്തപുരം ∙ പ്രശസ്ത ശബ്ദലേഖകൻ ഇ. കരുണാകരൻ (59) അന്തരിച്ചു. തരംഗിണി സ്റ്റുഡിയോയിലെ മുൻനിര ശബ്ദലേഖകരിൽ ഒരാളായിരുന്നു. മലപ്പുറം മഞ്ചേരി പന്തല്ലൂർ സ്വദേശിയാണ്. സംസ്കാരം ഇന്നു രാവിലെ എട്ടിനു നടക്കും. പരേതരായ എള്ളാത്ത് ബാലകൃഷ്ണമേനോന്റെയും ജാനകിയമ്മയുടെയും മകനാണ്. അസുഖത്തെത്തുടർന്നു തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം.

1979 മുതൽ 2005 വരെ തരംഗിണിയിൽ ജോലി നോക്കവേ യേശുദാസിന്റെ അനശ്വര ഗാനങ്ങളിൽ നല്ലൊരു പങ്കും ശബ്ദലേഖനം ചെയ്തത് ഇദ്ദേഹമായിരുന്നു.1980ൽ തരംഗിണി തിരുവനന്തപുരത്തു പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ചെന്നൈയിൽനിന്ന് ഇവിടേക്ക് മാറി. തരംഗിണിയുടെ പ്രവർത്തനം നിലയ്ക്കുന്നതുവരെ മാനേജരായിരുന്നു. ജി. ദേവരാജൻ, ദക്ഷിണാമൂർത്തി, കെ. രാഘവൻ, എം.എസ്. വിശ്വനാഥൻ, എം.കെ. അർജുനൻ, രവീന്ദ്രൻ, എം.ബി. ശ്രീനിവാസൻ, ഉഷാ ഖന്ന, രവീന്ദ്ര ജെയിൻ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. തരംഗനിസരി സ്കൂളിന്റെ മാനേജരും പ്രിൻസിപ്പലുമായും സേവനം അനുഷ്ഠിച്ചിരുന്നു.

എള്ളാത്ത് കരുണാകരൻ എന്ന ഇ. കരുണാകരൻ, ‘നീയെത്ര ധന്യ’യിലെ ക്ലാസിക് ഗാനമായ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ... ഉൾപ്പെടെ യേശുദാസിന്റെ നൂറു കണക്കിനു ഹിറ്റുകൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. താൻ റെക്കോർഡ് ചെയ്ത ഒരു ഗാനമെങ്കിലും കാതിൽ വന്നു വീഴാതെ ഒരു ദിവസവും കടന്നുപോകാറില്ലെന്ന് കരുണാകരൻ പറയുമായിരുന്നു. തരംഗിണിയിൽ റെക്കോർഡിങ് അസിസ്റ്റന്റ് ആയിരിക്കെ മുഖ്യ റെക്കോർഡിസ്റ്റ് ബാലകൃഷ്ണൻ അവധി എടുത്തതുമൂലമാണ് ദേവരാജന്റെ സൂപ്പർ ഹിറ്റായ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ റെക്കോർഡ് ചെയ്യാൻ കരുണാകരനു ഭാഗ്യം ലഭിച്ചത്. അതാണ് അദ്ദേഹം ആദ്യമായി സ്വതന്ത്ര ചുമതലയിൽ റെക്കോർഡ് ചെയ്ത ഗാനം.

യേശുദാസിനു പുറമേ, ബാലമുരളികൃഷ്ണ, എസ്. ജാനകി, പി. സുശീല, െക.എസ്. ചിത്ര തുടങ്ങിയവരുടെ ഹിറ്റുകളും കരുണാകരൻ റെക്കോർഡ് ചെയ്തിട്ടുണ്ട്.

രവീന്ദ്രൻ ഈണമിട്ട ‘മാമാങ്കം പലകുറി കൊണ്ടാടി’ എന്ന പ്രശസ്ത ഗാനത്തിന്റെ റെക്കോർഡിങ് രാവിലെ തുടങ്ങി അവസാനിപ്പിച്ചത് പിറ്റേന്നു പുലർച്ചെയായിരുന്നു. എൺപതുകളുടെ അവസാനം രവീന്ദ്രന്റെ സംഗീതത്തിനു കീ ബോർഡ് വായിക്കാൻ എ.ആർ. റഹ്മാൻ തരംഗിണിയിലെത്തുമ്പോൾ കരുണാകരനായിരുന്നു റെക്കോർഡിസ്റ്റ്. ഒരു വട്ടം കൂടിയെൻ, ഇല കൊഴിയും ശിശിരത്തിൽ, പൂമുഖ വാതിൽക്കൽ, ഒരു നറു പുഷ്പമായ്, ഒരു ദലം മാത്രം, ഹൃദയവനിയിലെ, പുലരിത്തൂ മഞ്ഞു തുള്ളിയിൽ, ചന്ദന മണി വാതിൽ, ഉത്രാടപ്പൂനിലാവേ വാ തുടങ്ങിയവ കരുണാകരൻ റെക്കോർഡ് ചെയ്ത ഏതാനും ഹിറ്റുകളാണ്. 2005ൽ റെക്കോർഡിസ്റ്റ് ജോലിയിൽനിന്നു വിരമിച്ചു. തിരുമല ശാസ്താനഗർ എസ്.ആർ.എ 232ൽ ആയിരുന്നു താമസം. ഭാര്യ ഹൈമ. മകൻ: അർജുൻ (എൻജിനീയർ, ഹൈദരാബാദ്).