Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്പിടിയെ പോലെ ഷാരുഖിന്റെ ഫാനിലെ പാട്ടുകൾ

sharukh-in-fan

ഷാരുഖ് ഖാൻ ഇരുപത്തിയഞ്ചുകാരന്റെ മേക്ക് ഓവറിൽ എത്തുന്നുവെന്നറിഞ്ഞപ്പോഴേ കൗതുകമായിരുന്നു. കിങ് ഖാന്റെ മാജിക് പ്രകടനം കാണാനുള്ള കാത്തിരിപ്പ് വെറുതെയായില്ല. ചിത്രത്തിൽ ആകെ ഒരൊറ്റ പാട്ടേയുള്ളൂ. പക്ഷേ ഏഴ് ഭാഷകളിലായി ഈ പാട്ട് മൊഴിമാറ്റം നടത്തി ചിത്രീകരിച്ച് ചിത്രത്തിൽ ചേർത്തു. ഏഴു ദിവസം മുൻപ് ഹിന്ദി വരികളുള്ള ജബ്രാ ഫാൻ എന്ന പാട്ടായിരുന്നു ആദ്യമെത്തിയത്. രണ്ട് ദിവസം പിന്നിട്ടപ്പോഴേ പാട്ട് കണ്ടവരുടെ അറുപത് ലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മുഴുവന്‍ പാട്ടുകളും റിലീസ് ചെയ്തത്. യാഷ് രാജ് ഫിലിംസ് പുറത്തിറക്കിയ വിഡിയോകൾ യുട്യൂബിൽ വൻ ഹിറ്റായിക്കഴിഞ്ഞു. മനീഷ് ശർമ സംവിധാനം ചെയ്ത് ആദിത്യ ചോപ്ര നിർമിക്കുന്ന ചിത്രമാണ് ഫാന്‍. വിശാലും ശേഖറും ചേർന്നാണ് പാട്ടുകൾക്ക് ഈണമിട്ടത്.വരുൺ ഗ്രോവറാണ് ഹിന്ദി പാട്ട് എഴുതിയത്.

ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ഷാരുഖിന്റെ ഇരുപത്തിയഞ്ചുകാരൻ ലുക് തന്നെ. പക്ഷേ ഏഴു ഭാഷകളിലായി തയ്യാറാക്കിയ ഒറ്റ പാട്ട് തരുന്ന കൗതുകം ചെറുതല്ല. നകാഷ് അസീസ് ആണ് തമിഴ് പാട്ട് പാടിയത്. ഹിന്ദിയിൽ പാട്ടിനെ തമിഴിലേക്ക് മാറ്റിയെഴുതിയത് ബി വിജയ്‌യും.

ഭോജ്പുരിയിലെ പാട്ടിന് രഞ്ജു സിൻഹയാണ് വരികളെഴുതിയത്. മനോജ് തിവാരിയാണ് പാടിയത്.

ഗുജറാത്തി പാട്ടുകളുടെ താളം ഇന്ത്യയൊട്ടാകെ ഇഷ്ടമാണ്. ഫാനിലെ പാട്ടിന്റെ ഈണം ഗുജറാത്തി ഭാഷയോട് ചേർത്തുവച്ചപ്പോൾ പിറന്ന പാട്ടിനൊപ്പം മനസ് അറിയാതെ താളം പിടിച്ചു പോകുന്നു. അരവിന്ദ് വെഗ്‍‌ദയാണ് ഈ പാട്ട് പാടിയത്. റോഷൻ തകാറാണ് വരികൾക്ക് പിന്നിൽ.‌

പഞ്ചാബി ഭാഷയിലേക്ക് വരികളെ മൊഴിമാറ്റം ചെയ്തത് ശൈലേന്ദർ സോധിയാണ്. ഹർഭജൻ മൻ ആണ് പാട്ട് പാടിയത്. പഞ്ചാബിയുടെ നാടൻ ചേലുള്ള താളത്തോട് സാമ്യമുള്ള സംഗീതം തന്നെയാണ് ഹിന്ദിയിലേതും. വരികളും അതുപോലെ തന്നെ.

പികുവിലെ പാട്ടുകൾക്ക് മാന്ത്രിക സ്വരത്തിന്റെ ഭംഗി പകർന്ന അനുപം റോയ് ആണ് ഫാൻ സോങിന്റെ ബംഗാളി പകർപ്പിനും ശബ്ദമായത്. പ്രിയോ ഛത്തോപാധ്യായയാണ് വരികൾ തീര്‍ത്തത്.

അവധൂത് ഗുപ്തയാണ് മറാത്തിയിലെ ഫാൻ സോങ് പാടിയത്. ഗുരു താക്കൂറാണ് മറാത്തിയിലേക്ക് വരികള്‍ കുറിച്ചത്.

ആദ്യം പുറത്തുവന്ന ഹിന്ദി പാട്ടു പോലെ മറ്റ് ഭാഷകളിലെ ഗാനങ്ങളും ഹൃദയങ്ങളിലേക്ക് ചേക്കേറുകയാണ്. ഏതാണ് ഏറ്റവും മനോഹരമെന്ന് ചോദിച്ചാൽ പറയുക അസാധ്യം തന്നെ. വരുൺ ഗ്രോവറിനും വിശാല്‍-ശേഖർ കൂട്ടുകെട്ടിനും പ്രത്യേകം അഭിനന്ദനം പറയണം. ഏത് ഭാഷയിലേക്കും മാറ്റിയെഴുതാന്‍ സാധിക്കുന്ന ലളിതമായ പദങ്ങൾ കുറിച്ച് പാട്ടെഴുതിയതിനും കാതുകളോട് ആദ്യ കേഴ്‌വിയില്‍ തന്നെ ചങ്ങാത്തം കൂടുന്ന ഈണം അതിന് പകർന്നതിനും.