Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്ത്രണ്ടേക്കറിലെ സ്വിഫ്റ്റ്

taylor-swift-corn-maze

പുറത്തിറക്കുന്ന ഗാനങ്ങളുടെ വിജയം കൊണ്ടും ആരാധകരുടെ എണ്ണം കൊണ്ടും മുന്നേറുന്ന ടെയ്​ലർ സ്വിഫ്റ്റിന് സ്നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണൊരു ആരാധകൻ. പന്ത്രണ്ടേക്കർ വരുന്ന തന്റെ ചോളപ്പാടത്തില്‍ ടെയ്​ലർ സ്വിഫ്റ്റിന്റെ മുഖം വരച്ചാണ് ആരാധകൻ സ്വിഫ്റ്റിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്. തന്റെ മുഖത്തിന്റെ ആകാശചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഗതി വൈറലാകുന്നത്. അമേരിക്കയിലെ മേരിലാൻഡിലെ സമ്മർഫാമിലാണ് സ്വിഫ്റ്റിന്റെ മുഖവും ഡെയർ ടു ബി ഡിഫ്രന്റ് എന്ന വാചകവുമുള്ളത്. മറ്റ് പോപ്പ് താരങ്ങളിൽ നിന്ന് വളരെ വ്യസ്ത്യസ്തയാണ് സ്വിഫ്റ്റെന്നും അതുകൊണ്ടാണ് ടെയ്​ലർ സ്വിഫ്റ്റിന്റെ മുഖം തന്റെ ഫാമിലുണ്ടാക്കിയതെന്നാണ് സമ്മർഫാമിന്റെ ഉടമ ജെഫ് ഗ്രീൻഫീൽഡ് പറയുന്നത്.

farm-creates-giant-corn-maze-featuring-taylor-swifts-face പന്ത്രണ്ടേക്കർ ചോളപ്പാടത്തില്‍ ടെയ്​ലർ സ്വിഫ്റ്റിന്റെ മുഖം

അമേരിക്കന്‍ സംഗീതറാണി ടെയ്‌ലര്‍ തന്റെ നിലപാടുകള്‍കൊണ്ടും മനുഷത്വപരമായ പ്രവര്‍ത്തികള്‍ കൊണ്ടും ശ്രദ്ധ നേടിയ താരമാണ്. നഗ്‌നയാവാന്‍ തന്നെ കിട്ടില്ല എന്നുള്ള ഒറ്റ പ്രഖ്യാപനം കൊണ്ട് തന്നെ തന്റെ സമകാലികരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് താന്‍ എന്ന് ടെയ്‌ലര്‍ തെളിയിച്ചിരുന്നു. കൂടാതെ തന്റെ ആരാധകയുടെ വിവാഹച്ചങ്ങില്‍ പങ്കെടുത്തും, ലുക്കീമിയ പിടിപെട്ട് മരണത്തോട് മല്ലടിക്കുന്ന കുട്ടിക്കായി പാട്ടുപാടിയുമെല്ലാം സ്വിഫ്റ്റ് ആരാധകരുടെ ബഹുമാനം പിടിച്ചു പറ്റിയിരുന്നു. ഇരുപത്തിനാലുകാരിയായ സ്വിഫ്റ്റ് നിരവധി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സ്വിഫ്റ്റ് തന്റെ പുതിയ ഗാനം വൈഡസ്റ്റ് ഡ്രീംസ് പുറത്തിറക്കിയത്. താരത്തിന്റെ ആദ്യ പോപ്പ് ആൽബമായ 1989 ലെ ഏഴാമത്തെ ഗാനമായ വൈഡസ്റ്റ് ഡ്രീംസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2006 ൽ പുറത്തിറക്കിയ ടിം മക്‌ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്‌ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്(2008), സ്പീക്ക് നൗ(2010), റെഡ്(2012), 1989 (2014) എന്നീ ആൽബങ്ങൾ ടെയ്‌ലറുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഏഴ് ഗ്രാമി പുരസ്‌കാരങ്ങൾ, ഇരുപത്തിയൊന്ന് ബിൽബോർഡ് പുരസ്‌കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ടെയ്‌ലർ സ്വിഫ്റ്റ് നേടിയിട്ടുണ്ട്.