Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസിനുള്ളിലേക്കു പാടിക്കയറി ഗായത്രി

gayathri-asokan-singer-album-songs

തിരക്കുകളിൽ നിന്നു മാറി ഒറ്റയ്ക്കൊരു യാത്ര പോകണമെന്നു തോന്നിയിട്ടില്ലേ...മഞ്ഞുപെയ്യുന്നൊരു താഴ്‍വാരത്തേയ്ക്ക്. മൗനമായി നിന്നു ആ മഞ്ഞിനെ അനുഭവിക്കുന്ന ഒറ്റയാൻ മരങ്ങളുള്ള വഴികൾക്കിടയിലൂടെ പോകണമെന്ന്...നിശബ്ദതതയിലൂടെ ആശ്വസിപ്പിക്കുന്ന കാടിൻ നടുവിൽ ചെന്നൊന്നിരിക്കണമെന്ന്...കൊലുസുമണി പോലെ ചിരിക്കുന്ന പുഴയിൽ കാലു നീട്ടി വെറുതെയിരിക്കണമെന്നു...കൊതിച്ചിട്ടില്ലേ...മനസിലെ കനലിനെ അടക്കി, പ്രകൃതിയുടെ വശ്യതയിലേക്കു,  സ്വയമലിഞ്ഞിറങ്ങുവാൻ വെമ്പുന്ന ആ നിമിഷത്തെയാണീ ഗാനം പാടുന്നത്. മനസിന്റെ ഉൾത്തലങ്ങളെ അഭിസംബോധന ചെയ്യുകയാണീ പാട്ട്. 

ഗായത്രി അശോകന്റേതാണ് ആലാപനം. ഷൈലാ തോമസിന്റേതാണ് എഴുത്ത്. രമേഷ് കൃഷ്ണനും സംഗീതം ചേർന്നു സംഗീതം നൽകിയ പാട്ടിന്റെ പേര്, ഇവിടെയൊന്നീ മരത്തണലിൽ. രാമഴയുടെ രാത്രി, അകലെ നിന്നെത്തിയൊരു രാഗത്തിനൊപ്പം, പുലർകാലത്തോടൊപ്പം യാത്ര പറഞ്ഞു പോകുന്ന കാണുന്ന അനുഭൂതിയാണീ ഗാനം പങ്കുവയ്ക്കുന്നത്. ഷൈല തോമസിന്റേതാണു വരികള്‍. എന്നിലെ എന്നോടു മാത്രമായി കുറേ നേരം വെറുതെ വർത്തമാനം പറഞ്ഞിരിക്കുവാന്‍ കൊതിക്കുന്നവരുടെ ആത്മഗീതം, ആത്മാവിനെ തൊട്ടുണർത്തുന്ന പോലെയാണു ഗായത്രി പാടിയിരിക്കുന്നതും. 

ഓർമകളുറങ്ങുന്ന ക്യാംപസിനൊരറ്റത്തെ ആ മരത്തണലിലേക്ക്, കൗമാരങ്ങളിൽ കൂട്ടുനിന്ന, മട്ടുപ്പാവിനോട് മിണ്ടിനിൽക്കുന്നൊരു മൂവാണ്ടൻ മാവിന്റെ തണലിലേക്കു, പിന്നെ ഒറ്റയ്ക്കിരുന്ന് കരയുകയും ചിരിക്കുകയും സ്വപ്നം കാണുകയും ചെയ്ത് പലയിടങ്ങളിലേക്ക് മനസിനെ കൈപിടിക്കുന്ന പാട്ടെഴുത്ത്. മനസു നിറയ്ക്കുന്ന വരികൾ മനസിനോടു മാത്രമാണ് സംവദിക്കുന്നത്. അതിനു മാത്രം, സ്വന്തമായ, പേരറിയാത്ത വികാരങ്ങളോട്. പുതിയ പുലരികളെ തേടാൻ നമ്മെ കൊതിപ്പിക്കുന്ന ഈണവും ദൃശ്യങ്ങളും. 

ജീവിതത്തിൽ എല്ലാമുള്ളപ്പോഴും ഒറ്റയ്ക്കായി പോകുന്നവർക്ക്, ഒറ്റയ്ക്കിരിക്കുവാൻ കൊതിക്കുന്നവർക്കായുള്ളതാണീ പാട്ട്. അവരുടെ മനസുകൾക്കുള്ള ഉണർത്തുപാട്ട്. അടുത്തിടെ മലയാളത്തിലിറങ്ങിയ സ്വച്ഛ സുന്ദരമായ ആവിഷ്കാരമാണീ പാട്ടിന് എന്നതിൽ തർക്കമില്ല.‌