Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോപി സുന്ദറിൻെറ ബാൻഡ് ദുബായിൽ അരങ്ങേറും  

gopi-sundar ഗോപീ സുന്ദർ

പുത്തൻ ഇൗണങ്ങളുമായി മലയാള ചലച്ചിത്ര സംഗീത രംഗത്ത് തേന്മഴയാകുന്ന സംഗീതസംവിധായകൻ ഗോപി സുന്ദർ ഒരുക്കുന്ന ബാൻഡ് ബിഗ് ജിക്ക് ​ദുബായിൽ അരങ്ങേറ്റം. നാളെ രാത്രി എട്ടിന് ദുബായ് അൽ നാസർ ലീഷർലാൻഡിലാണ് ആദ്യ പരിപാടി. അഫ്സൽ, ഹരിചരൺ, നജീം അർഷാദ്, എന്ന് നിൻെറ മൊയ്തീനിലെ മുക്കത്തെ പെണ്ണെ ഫെയിം മഖ്ബൂൽ മൻസൂർ, ദുബായിൽ നിന്ന് കണ്ടെത്തിയ യുവ ഗായകൻ റംഷി, അർജുൻ, ശ്രേയ, ദിവ്യ, ശ്രുതിലക്ഷ്മി, നിമ്മി, മീനാക്ഷി തുടങ്ങിയ പ്രശസ്തരും അപ്രശസ്തരുമായ ഗായകരാണ് മൂന്നര മണിക്കൂറിലേറെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഗോപീസുന്ദറിനൊപ്പം  അണിനിരക്കുക. ​ഗോപി സുന്ദറിൻെറ ഗാനങ്ങൾക്കൊപ്പം മറ്റു സംഗീത സംവിധായകരുടെ ഹിറ്റ് മലയാള ഗാനങ്ങളും ഹിന്ദി ഗാനങ്ങളും ആലപിക്കും.

ഇടയ്ക്ക് പൊന്തിവരുന്ന സംഗീത ബാൻ‍ഡുകൾ വളരെ പെട്ടെന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കേരളത്തിലേത്. അതുകൊണ്ടുതന്നെ ബാൻ‍ഡ് ബിഗ് ജി വളരെ പുതുമകളോടെയാണ് അവതരിപ്പിക്കുക.  ഒാരോ സ്ഥലത്തെ പരിപാടിയിലും സംഗീത സംവിധായകരും ഗായകരും മാറിക്കൊണ്ടിരിക്കും എന്ന പ്രത്യേകതയും ബാൻഡ് ബിഗ് ജിക്കുണ്ട്. ശ്രോതാക്കളുമായി അടുത്ത് ഇടപെഴകിയുള്ള വ്യത്യസ്തമാർന്ന രീതിയിലാണ് പരിപാടി ഒരുക്കിയിട്ടുള്ളത്. സ്റ്റേജിൽ പാടുമ്പോഴുണ്ടാകുന്ന ചില മാറ്റങ്ങളും പരീക്ഷണങ്ങളും എല്ലാ ഗാനങ്ങളിലുമുണ്ടാകും. എന്നാൽ, റെക്കോർഡ് ഗാനത്തിനൊപ്പം ചുണ്ടനക്കി പ്രേക്ഷകരെ കബളിപ്പിക്കാനൊന്നും ശ്രമിക്കില്ല. ഇത്തരത്തിൽ കബളിപ്പിക്കാൻ ശ്രമിച്ചാൽ ഏത് സംഗീതവും ഏത് ഇസവും പരാജയപ്പെടും. ഇവർക്കെതിരെ ആസ്വാദകർ ഉടൻ പ്രതികരിക്കും. ആസ്വാദകരോട് കള്ളം പറയേണ്ട ആവശ്യമില്ല. തൻറെ കൈയിൽ ഇത്രയേയുള്ളൂ എന്ന് തുറന്നു സമ്മതിച്ചാൽ മലയാളികൾ ക്ഷമിക്കാനും പൊറുക്കാനും തയ്യാറാവുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വേഗത്തിൻെറ കാലമാണിത്. പാട്ടുകൾ പലതും ആളുകളുടെ ഹൃദയത്തിൽ ഏറെ കാലം തങ്ങിനിൽക്കാത്തതിൽ പരിഭവത്തിന് ഇടമില്ല. പണ്ട് സിനിമകൾക്കും പാട്ടുക്കുമിടയിൽ ഇടവേളകളുണ്ടായിരുന്നു. പാട്ട് ഹൃദയത്തിലേറ്റാൻ എല്ലാവർക്കും ഇഷ്ടംപോലെ സമയം. എന്നാലിന്ന് നിത്യേന പുതിയ പാട്ടുകളിറങ്ങുന്നു. ഒന്ന് ശരിക്ക് ആസ്വദിക്കുന്നതിന് മുൻപേ അടുത്തത് വരുന്നു. അതേസമയം, പാട്ട് കേൾക്കാൻ സൗകര്യങ്ങളും സംവിധാനങ്ങളുമേറി എന്നത് സന്തോഷം പകരുന്നു. ഗാനാലാപന രംഗത്തേയ്ക്ക് ജയസൂര്യ, ദുൽഖർ സൽമാൻ തുടങ്ങിയ നടന്മാർ കടന്നുവരുന്നതിൽ തെറ്റില്ല. അവർ മികച്ച ഗായകർ കൂടിയാണെന്നത് മലയാളികളുടെ ഭാഗ്യമാണെന്നും ഗോപി സുന്ദർ പറഞ്ഞു.                                             

ഒരു ദശാബ്ദമായി സംഗീതരംഗത്ത് പ്രവർത്തിക്കുന്ന ഗോപി സുന്ദറിൽ നിന്ന് ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ​കിഴക്കു പൂക്കും(അൻവർ), വാതിലിൽ ആ വാതിലിൽ(ഉസ്താദ് ഹോട്ടൽ), ഏതു കരിരാവിലും(ബാംഗ്ലൂർ ഡേയ്സ്), മുക്കത്തെ പെണ്ണെ(എന്ന് നിൻെറ മൊയ്തീൻ) തുടങ്ങിയവ മലയാളികളുടെ ചുണ്ടുകളിൽ ഇന്നും തത്തിക്കളിക്കുന്നു. അമൽ നീരദിൻെറ പുതിയ ചിത്രത്തിൽ മികച്ച ഗാനങ്ങളൊരുക്കിയ സംതൃപ്തിയോടെയാണ് ഗോപി സുന്ദർ ദുബായിലെത്തിയത്.

Your Rating: