Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂർ പൂരം: പഴയ തലമുറയുടെ ഡീജെ

thrissur-pooram-784

എന്റെ മനസ്സിലേക്കു താളത്തിന്റെ ആദ്യ കോലുവീണത് എപ്പോഴാണെന്നു ഞാൻ ഈ പൂരപ്പറമ്പിൽവച്ചു തിരിച്ചറിയുകയാണ്. ഇവിടെ വച്ചുതന്നെയായിരുന്നു. അല്ലെങ്കിലും ഒരു തൃശൂരുകാരന്റെ മനസ്സിൽ ഇവിടെവച്ചല്ലാതെ എവിടെ വച്ചാണു താളവും സംഗീതവും വിത്തിടുക. കുട്ടിക്കാലത്ത് അച്ഛനോടൊപ്പം ഈ പറമ്പിലെവിടെയോ നടന്നപ്പോൾ താളം മനസ്സിൽ കയറിക്കൂടി. അന്നുമുതൽ ജീവിതത്തിൽ‌ അതു കൂടെയുണ്ട്. ഇനിയും അതുണ്ടാകണേ എന്ന പ്രാർഥനയോടെയാണു പൂര ദിവസം രാവിലെ കണിമംഗലം ശാസ്താവിന്റെ വരവു കാണാൻ പോയത്.

thrissur-madathil-varav-cro

ഒരാനപ്പുറത്ത് എഴുന്നള്ളുകയും കുളശ്ശേരി ക്ഷേത്രത്തിലെ ഇറക്കി പൂജയ്ക്കു ശേഷം വീണ്ടും പുറത്തേക്കെഴുന്നള്ളുകയും ചെയ്യുന്ന ശാസ്താവാണ് പൂര നഗരയിലേക്ക് ആദ്യമെത്തുന്നത്. വഴികളിലൂടെ വരുന്ന എല്ലാവരോടും പൂരമെത്തി എന്നു പറയുന്നതുപോലെ തോന്നി. സ്വരാജ് റൗണ്ടിൽ ഏഴാന നിരന്നപ്പോഴാണു ഈ വലിയ പ്രദക്ഷിണ വഴിയുടെ ചന്തം ബോധ്യമായത്. പണ്ടു കാലത്ത് എന്തൊരു ഉൾക്കാഴ്ചയോടെയാണ് ഈ നഗരം പണിതിരിക്കുന്നത്.

സത്യത്തിൽ ഇതു പൂരം നടത്താൻ വേണ്ടി നിർമിച്ച നഗരമാണെന്നു തോന്നും. വടക്കുന്നാഥനിലേക്കു വിവിധ വഴികളിലൂടെ വന്നു കയറുന്ന പൂരങ്ങൾ. അതു തേക്കിൻകാടിനെ രാവിലെ തന്നെ സ്വപ്നലോകമാക്കിയിരിക്കുന്നു. പലയിടത്തും മേളങ്ങൾ, ആനകൾ, വാദ്യക്കാർ, കച്ചവടക്കാർ, കാഴ്ചക്കാർ. ഞാൻ സിനിമയുടെ പിന്നണിക്കുവേണ്ടി ചെണ്ട ഏറെ ഉപയോഗിച്ചിട്ടുണ്ട്. കലി എന്ന സിനിമയിൽ കലി വരുന്ന സമയത്തെല്ലാം ഉപയോഗിച്ചതു ചെണ്ടയാണ്.

ചെണ്ടയുടെ രൗദ്രഭാവം പൂരപ്പറമ്പിൽ നിന്നാണ് എനിക്കു കിട്ടിയത്. ചാർലിയിൽ പൂരവും ചെണ്ടയുമുണ്ട്. പാറമേക്കാവു ഭഗവതി പുറത്തേക്കെഴുന്നള്ളുന്നതു കാണാൻ എത്തുമ്പോൾ മനസ്സിൽ നിറയെ ചെണ്ടയുടെ രൗദ്രഭാവമായിരുന്നു. വെയിലിൽ സ്വർണവർണമുള്ള നെറ്റിപ്പട്ടം തിളങ്ങി നിൽക്കെ അതിനു നടുവിലേക്കു ഭഗവതിയുടെ കോലവും വഹിച്ചു പാറമേക്കാവു ശ്രീ പത്മനാഭൻ എത്തുന്നതിനു പറഞ്ഞറിയിക്കാനാകാത്ത പ്രൗഢിയാണ്.

gopi-sundar

കണ്ടു നിന്ന സർവരും കൈകൂപ്പി. മേളം തുടങ്ങുന്നതിനു മുന്നോടിയായുള്ള നടപ്പാണ്ടിയുടെ ശബ്ദം കേൾക്കാമായിരുന്നു. പാറമേക്കാവിനു മുന്നിലെ ചെമ്പട കേരളത്തിലെ ഏറ്റവും മനോഹരമായ വാദ്യസമ്മേളനമാണെന്നു കേട്ടിട്ടുണ്ട്. പെരുവനം കുട്ടൻ മാരാരുടെ കണ്ണുകൾ വാദ്യക്കാരിൽനിന്നു വാദ്യക്കാരിലേക്കു പോകുന്നതു കണ്ടു. അവരെ ശാസിക്കുകയും സ്ഥാനം മാറ്റി നിർത്തുകയും ചെയ്യുന്നു. ഇതാണ് ഓർക്കസ്ട്രയിലെ മാസ്റ്റർ.

ഒരുമിച്ചു പരിശീലിക്കുകപോലും ചെയ്യാതെ ആദ്യം കണ്ടുമുട്ടുന്നവർ പോലും നിരക്കുന്ന ഓർക്കസ്ട്രയെ നിയന്ത്രിക്കുന്ന മാസ്റ്റർ. ചെമ്പടയിൽ കൊമ്പും കുഴലും ചേർന്നൊരുക്കിയ വാദ്യ സംഗീതം ചെണ്ടമേളത്തെ സംഗീതമാക്കി മാറ്റുകയായിരുന്നു. ഇതേ മേളമാണ് ഇലഞ്ഞിത്തറയിൽ രൗദ്രസംഗീതമായി ആടിയുലഞ്ഞതെന്നു വിശ്വസിക്കാനാകുന്നില്ല.

തിരുവമ്പാടി ശിവസുന്ദർ കോലവുമായി മഠത്തിലേക്കു വരുന്ന നിമിഷം മനസ്സിൽ വല്ലാത്ത സന്തോഷമാണു നിറയുക. തിക്കിത്തിരക്കി നിൽക്കുന്നവർക്കിടയിലൂടെ ഒറ്റച്ചെണ്ടയുടെ ശബ്ദത്തിന്റെ ചന്തവുമായി കടന്നുവരുന്ന ആനകൾ. പെട്ടെന്നു ആർപ്പുവിളിയോടെ ജനം ഭഗവതിയെ എതിരേൽക്കുന്നു. അന്നമനട പരമേശ്വര മാരാരെ കണ്ടു. ആ വിരലുകളിൽ തൊടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തിരക്കിൽ അകത്തേക്കു കടക്കാനായില്ല. ആലിലകളിലൂടെ കാറ്റു കടന്നുപോകുന്ന ശബ്ദത്തിനിടയിൽ പെട്ടെന്നു തിമലയിൽ കൈ വീശുന്ന നിമിഷം ആയിരം കണ്ഠങ്ങളിലെ ആർപ്പുവിളിയായി മാറി.

പരമേശ്വര മാരാർ അവിടേക്കു കടന്നു വരുന്നതു കണ്ടു. എന്തുമാത്രം ആരാധകരാണ് ഈ കലാകാരനുള്ളത്. പരമേശ്വര മാരാരുടെ കലാശം പതുക്കെ പതുക്കെ കയറിപ്പോയി ആരാധകരെ ആട്ടി ഉലയ്ക്കുന്നതു ഞാൻ കണ്ടു. ആയിരക്കണക്കിനു കൈകളാണു താളത്തിനായി വാനിലേക്കുയരുന്നത്. എല്ലാവരുടെ മനസ്സിലുമൊരു താളമുണ്ടെന്നു ഈ കൈകൾ ഉയരുന്നതു കാണുമ്പോൾ മനസ്സിലാകും. പലരും അറിയാതെ കൈകൾ ഉയർത്തിപ്പോകുകയാണ്.

എന്തൊരു അദ്ഭുതമാണിത്. പൂരം പഴയ തലമുറയുടെ ഡീജെയാണ്. എല്ലാ പിരിമുറുക്കവും മറന്നു ശരീരത്തെയും മനസ്സിനെയും ഉണർത്താനുള്ള ഡീജെ. ഇവിടെയെത്തിയാൽ പൂരമല്ലാതെ മറ്റൊന്നും മനസ്സിലില്ല. പുതിയ തലമുറ ഇവിടെ വന്ന് അലഞ്ഞു നടന്നു പൂരം കാണണം. ആയിരക്കണക്കിനു വാട്ട്സിൽ ശബ്ദവും വെളിച്ചവും നിറച്ച ഡീജെ പാർട്ടിയുടെ നൂറിരട്ടി ഊർജമാണു ഈ പൂരം എനിക്കു തന്നത്.

എന്റെ ഓർമയിൽ ഇത്തരമൊരു ഡീജെ വേറെയില്ല. നടന്നു നടന്നു തളരുമ്പോൾ നമുക്കു വേറെ എവിടെയായാലും ശപിക്കാൻ തോന്നും. ഇവിടെ തളർച്ചയിൽപ്പോലും ഒരു സുഖകരമായ അനുഭവം നിറയുകയാണ്. അതാണല്ലോ പൂരം. എന്റെ കുട്ടിക്കാലം സമ്മാനിച്ച ഊർജം തിരിച്ചുകിട്ടിയ സന്തോഷത്തോടെയാണു ഞാൻ മടങ്ങുന്നത്.

Your Rating: