Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകൃതിസുരക്ഷയ്ക്കായി ചിത്രയുടെ പാട്ട്

Green Symphony

ദ ഗ്രീൻ സിംഫണി... ലോക സംഗീതത്തിന് മലയാള സംഗീതജ്ഞരുടെ മികച്ച സംഭാവനകളിൽ ഒന്നായി മാറിയേക്കാവുന്ന സംഗീത ആൽബം. സംഗീത സംവിധായകൻ ശരത്തിന്റെയും മലയാളത്തിന്റെ സ്വന്തം വാനമ്പാടിയുടെയും സംയുക്ത സംരംഭത്തിൽ ഉരുത്തിരിഞ്ഞ ഗ്രീൻ സിംഫണി സംഗീത പ്രേമികൾക്ക് ഒരു പുത്തൻ അനുഭവം നൽകുമെന്നതിൽ സംശയമില്ല. ആഗോള താപനവും ഭൂമി നേരിടാൻ പോകുന്ന ഭവിഷത്തുകൾക്കുമെതിരെയുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഗ്രീൻ സിംഫണി എന്ന ആൽബത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.

ആഗോളതാപനത്തെക്കുറിച്ച് ദുബായിൽ നടന്ന ഒരു കോൺഫറൻസിൽ നിന്നാണ് ഇതിനെ സംബന്ധിക്കുന്ന വിഷയത്തിൽ ഒരു സംഗീത ആൽബമുണ്ടാക്കണമെന്ന ചിന്തയുണ്ടാകുന്നത്. ഇതിന്റെ അടിസ്ഥാന ആശയം ആദ്യം വന്നത് വിജയശങ്കറിന്റെ (കെ എസ് ചിത്രയുടെ ഭർത്താവ്) മനസ്സിലാണ്. അത് സംഗീത സംവിധായകൻ ശരത്തിനോട് പറയുകയും അദ്ദേഹം അതിന്റെ ജോലികളിൽ ഏർപ്പെടുകയുമായിരുന്നു. ഒറ്റ ദിവസം കൊണ്ടാണ് ശരത് ഇതിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. റെക്കോർഡിങിന് ഒരാഴ്ചയിലധികമെടുത്തു.

ഭാവിയെക്കുറിച്ച് ഭയം തോന്നിയിട്ടുണ്ട് 

നിലവിലെ കാലാവസ്ഥയെക്കുറിച്ച് ആലോചിക്കുമ്പോൾ അതിന്റെ ഭവിഷ്യത്തുക്കൾ അനുഭവിക്കുമ്പോൾ ഭയം തോന്നിയിട്ടുണ്ടെന്ന് ചിത്ര പറയുന്നു. ആഗോളതാപനത്തെക്കുറിച്ചെല്ലാം നിരവധി പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും വർഷംതോറും ചൂട് കൂടിവരുന്നതിനെക്കുറിച്ചും ഇങ്ങനെ പോയാൽ എന്താകുമെന്നതിനെക്കുറിച്ചും ചിന്തിക്കാറുണ്ട്.

Green Symphony

അതുല്യ കലാകാരന്മാർ ഒന്നിക്കുന്നു 

ഗ്രീന് സിംഫണിയെന്ന ആൽബത്തിന്റെ പ്രത്യേകത അതിന്റെ പെർഫെക്ഷൻ തന്നെയാണ്. മികച്ച കുറേ കലാകാരന്മാരെ ഒന്നിപ്പിച്ച് മികച്ച സംഗീത ആൽബം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നത് ഒരു വിജയം തന്നെയാണ്. ആൽബത്തിനായി കീബോർഡ് വായിച്ചിരിക്കുന്നത് ശരത് തന്നെയാണ്. ബാലസായ്,ബാലഭാസ്കർ, ഡി എ ശ്രീനിവാസ്, വിക്രം, ചന്ദ്രജിത്ത് എന്നീ കലാകാരന്മാരാണ് ഇതിന്റെ വാദ്യോപകരണ സംഗീതത്തെ ഗംഭീരമാക്കിയിരിക്കുന്നത്. വോക്കലിന് നൽകുന്ന അതേ പ്രാധാന്യം തന്നെ വാദ്യോപകരണ സംഗീതത്തിനും ഇതിൽ നൽകുന്നുവെന്നതാണ് മുഖ്യ പ്രത്യേകത. 

ഇതുപോലൊരു ആൽബം ഇതാദ്യം 

നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു പാരിസ്ഥിതിക പ്രാധാന്യമുള്ള ആൽബത്തിൽ പാടുന്നത് ആദ്യമാണ്. അതും ലോകോത്തര നിലവാരത്തിലുള്ള ആൽബത്തിൽ. അമേരിക്കൻ കോമേഴ്‌സ്യൽ മാർക്കറ്റിൽ ഈ ആൽബം റിലീസ് ചെയ്യാനും അതിനൊപ്പം ഗ്രാമി പോലുള്ള മ്യൂസിക്കൽ ഇവന്റുകളിലേക്ക് ഇത് എത്തിക്കാനുമുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ലോക ശ്രദ്ധ പിടിച്ചു പറ്റിയാൽ പ്രകൃതിസംരക്ഷണത്തിനുള്ള പ്രചരണങ്ങൾക്കുള്ള ആൽബമായി ഇത് മാറിയേക്കാമെന്നും ചിത്ര വ്യക്തമാക്കുന്നു.

Green Symphony

ആൽബം സംസ്‌കൃതത്തിൽ

നാല് ട്രാക്കുകളുള്ള ആൽബം ചിട്ടപ്പെടുത്തിയിരിക്കുന്നത് സംസ്കൃതത്തിലാണ്. നേരത്തെ സംസ്‌കൃതത്തിലുള്ള വർക്കുകൾ ചെയ്തിട്ടുള്ളതിനാൽ ഇതും ആലപിക്കാൻ അധികം പ്രയാസപ്പെടേണ്ടി വന്നില്ലെന്ന് ചിത്ര പറയുന്നു. എന്നാൽ ഇതിന്റെ അസാധ്യമായ കോമ്പോസിഷനെക്കുറിച്ച് പറയാൻ വാക്കുകളുമില്ല. സംഗീതം ആസ്വദിക്കുന്നവർക്ക് എല്ലാവർക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന തരത്തിലാണ് ഇതിന്റെ വർക്ക് ചെയ്‌തിരിക്കുന്നത്. എന്തായാലും ഇതൊരു വൻ വിജയമായി തീരുമെന്നും ഒരു ഉദാത്തമായി വർക്കായി ലോകം മുഴുവൻ അറിയപ്പെടുമെന്നും പ്രത്യാശിക്കാം.