Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈണങ്ങളുടെ ഗുരുക്കൻ‌മാർക്ക് ഇളംതലമുറയുടെ ആദരം

Gurupoornima പ്രമുഖ സംഗീത സംവിധായകരെ ആദരിക്കുന്നതിനായി ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ കൊച്ചിയിൽ സംഘടിപ്പിച്ച ഗുരുപൗർണമി ചടങ്ങിൽ സംഗീത സംവിധായകൻ എം.കെ. അർജുനന്റെ അനുഗ്രഹം തേടുന്ന ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി. സംവിധായകൻ മേജർ രവി, സംഗീത‍ജ്ഞൻ ജയൻ (ജയവിജയ) എന്നിവർ സമീപം. . ചിത്രം: റോബർട്ട് വിനോദ്

തലമുറകൾ ഏറ്റുപാടിയ മധുരഗാനങ്ങൾ കൈരളിക്കു കാഴ്ചവച്ച ഗുരുക്കൻമാർക്ക് ഇളംതലമുറയുടെ ആദരം. മലയാള സിനിമയിലെ സംഗീത സംവിധായകരുടെ കൂട്ടായ്മയായ ഫെമുവിന്റെ (ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ) വാർഷികത്തോടനുബന്ധിച്ചാണ് ഗുരുപൗർണമി എന്ന പേരിൽ അതുല്യ സംഗീതപ്രതിഭകളെ ആദരിച്ചത്.

മലയാളികളുടെ സംഗീത സ്വപ്നങ്ങളെ താലോലിച്ച എം.കെ. അർജുനൻ, ജയൻ (ജയവിജയ), കൈതപ്രം ദാമോദരൻ നമ്പൂതിരി, ശ്യാം, ഔസേപ്പച്ചൻ, മോഹൻ സിതാര, രമേഷ്് നാരായണൻ, എം.ജെ. ജോസഫ്, ആലപ്പി രംഗനാഥ്, വിദ്യാധരൻ, ആർ. സോമശേഖരൻ, രാജാമണി, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ഒ.വി. റാഫേൽ, എസ്. ബാലകൃഷ്ണൻ, ദർശൻ രാമൻ, കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി.

മലയാള സംഗീതശാഖയിലൂടെ ഭാരതീയ സിനിമാ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയവരാണ് മലയാളത്തിലെ സംഗീത സംവിധായകരെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ചീഫ് സെക്രട്ടറി ജിജി തോംസൺ പറഞ്ഞു. സംവിധായകരായ ജോഷി, കെ. മധു, ലാൽ ജോസ്, മേജർ രവി, ഗാനരചയിതാവ് ഷിബു ചക്രവർത്തി, നടൻ രവീന്ദ്രൻ, സോനാ നായർ, രാമചന്ദ്രബാബു, ജി.എസ്. വിജയൻ, മാർത്താണ്ഡൻ, ഡോ. കെ.സി. എബ്രഹാം, റോബിൻ തിരുമല, ഫെമു പ്രസിഡന്റ് രാഹുൽ രാജ്, ജനറൽ സെക്രട്ടറി അജിത് സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, എ.ആർ. റഹ്മാന്റെ സഹോദരിയും പാട്ടുകാരിയുമായ എ.ആർ. െറയ്ഹാന എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ആദ്യകാല സംഗീത സംവിധായകരുടെ നിത്യഹരിതഗാനങ്ങൾ യുവസംഗീത സംവിധായകർ ഒന്നിച്ചാലപിച്ചു. തെന്നിന്ത്യയിലെ പ്രമുഖ ഗായകർ പങ്കെടുത്ത സംഗീതസന്ധ്യയും അരങ്ങേറി.