Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിവരാസനം പുരസ്‌ക്കാരം ഇന്ന് സമർപ്പിച്ചു

S P Balasubramaniam

സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്‌ക്കാരം എസ് പി ബാലസുബ്രഹ്മണ്യത്തിന് സമർപ്പിച്ചു. രാവിലെ എട്ടിന് ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങിൽ മന്ത്രി വി എസ് ശിവകുമാറാണ് പുരസ്‌ക്കാരം എസ് പി ബിയ്ക്ക് സമർപ്പിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഇത് ആദ്യമായാണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാളെ ഹരിവരാസനം പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. 2012 മുതൽ നൽകി വരുന്ന അവാർഡ് ആദ്യം ലഭിച്ചത് ഗാന ഗന്ധർവ്വൻ യേശുദാസിനായിരുന്നു. പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞരായിരുന്ന ജയവിജയൻമാരിലെ ജയൻ, പി ജയചന്ദ്രൻ തുടങ്ങിയവർക്കും ഹരിവരാസന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ശബരിമല ഉന്നതാധികാരസമിതി ചെയർമാൻ കെ ജയകുമാർ ചെയർമാനായുള്ള സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അഞ്ച് പതിറ്റാണ്ടുകൾ നീണ്ട സംഗീത ഉപാസനയിലൂടെ ദേശ ഭാഷാദി വ്യത്യാസങ്ങൾക്കതീതമായി ഇന്ത്യയിലെ സംഗീത പ്രേമികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ എസ് പി ബാലസുബ്രഹ്മണ്യം തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ അയ്യപ്പഭക്തിഗാനങ്ങൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

സംഗീത സംവിധായകൻ, നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച എസ്പിബി 1946 ജൂൺ 4ന് ആന്ധ്രയിലെ െനല്ലൂരിനടുത്തുള്ള കൊനട്ടെമ്മപട്ടേ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. 1966 ൽ എസ്പിബിയുടെ മാനസഗുരു കോദണ്ഡപാണി സംഗീതം പകർന്ന തെലുങ്ക് ചിത്രം ‘ശ്രീ ശ്രീ മരയത രാമണ്ണ‘ യിൽ പാടിക്കൊണ്ടാണ് അദ്ദേഹം പിന്നണി ഗാനരംഗത്ത് അരങ്ങറ്റേം കുറിച്ചത്. അടിമപ്പെൺ എന്ന ചിത്രത്തിൽ കെ വി മഹാദേവന്റെ സംഗീതത്തിൽ എംജിആറിന് വേണ്ടി പാടിയ ആയിരം നലവേ വാ എന്ന ഗാനമാണ് ബാലസുബ്രഹ്മണ്യനെ തമിഴിന്റെ പ്രിയ ഗായകനാക്കി മാറ്റിയത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങളാണ് അദ്ദേഹം പാടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലെ ഗാനങ്ങളിലൂടെ ആറ് ദേശീയ പുരസ്‌കാരങ്ങൾ എസ്പിബിയെ തേടി എത്തിയിട്ടുണ്ട്. കർണ്ണാടക സർക്കാറിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരം മൂന്ന് പ്രാവശ്യവും തമിഴ്‌നാട് സർക്കാറിന്റെ പുരസ്‌കാരം നാല് പ്രാവശ്യവും എസ്പിബിയെ തേടി എത്തിയിട്ടുണ്ട്. കൂടാതെ പത്മശ്രീ, പത്മഭൂഷൺ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.