Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെബ്രുവരിയുടെ നഷ്ടങ്ങൾ!

onv-112

ഫെബ്രുവരി മലയാള സംഗീതത്തിന് നഷ്ടങ്ങളുടെ മാസമായിരുന്നു. മലയാള ചലച്ചിത്രത്തെ കവിത പോലുള്ള ഗാനങ്ങൾക്ക് കൊണ്ട് അലങ്കരിച്ച ഒഎൻവി പിന്നീടിപ്പോൾ പശ്ചാത്തല സംഗീതത്തിൽ രാജഗീതങ്ങളൊരുക്കിയ രാജാമണി. പറന്നുയരാൻ തുടങ്ങവേ പാതിവഴിയിൽ ചിറകറ്റു പോയ വെള്ളരി പ്രാവിനെ പോലെ ഷാൻ ജോൺസൺ.

ഒഎൻവി

ഒഎൻവി എന്നാൽ മലയാളത്തെ കൊണ്ട് കവിത ചൊല്ലിച്ച കവി എന്ന് ആദ്യം പറയാം. കാലത്തിനൊപ്പം മാത്രമല്ല, പിന്നിലേക്കും മുന്നിലേക്കും നോക്കി സംവദിച്ച കാവ്യവിസ്മയം. ഒരിക്കലുമുണരാത്ത നിദ്രയിലേക്ക് കവി നടന്നുപോയത് ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയാണ്. പ്രണയത്തെ കുറിച്ച് വറ്റിവരണ്ടു പോയ നിളയെ കുറിച്ച് പിച്ചിച്ചീന്തിയെറിയപ്പെട്ട പൂക്കളെ കുറിച്ച് പറിച്ചുകീറിയ മണ്ണിനെ കുറിച്ച് കവിതയും ചലച്ചിത്ര ഗീതങ്ങളുമെഴുതിയ ഒഎന്‍വി. ഭൂമിക്ക് ചരമ ഗീതമെഴുതിയ കാലാതിവർത്തിത്വം.

ഇനിയും മരിക്കാത്ത ഭൂമി നിൻ ആസന്നമൃതിയിൽ

നിനക്കാത്മശാന്തി

*ഇതു നിന്റെ എന്റെയും *

ചരമശുശ്രൂഷക്ക് ഹൃദയത്തിലിന്നേ

കുറിച്ച ഗീതം

ചലച്ചിത്രത്തിന്റെ സ്വഭാവ ഗതിക്കനുസരിച്ച് തൂലിക ചലിപ്പിച്ചപ്പോഴും പിറന്നത് സംഗീതത്തിന്റെ തന്ത്രികൾ തൊട്ട വരികൾ. യാഥാർഥ്യങ്ങളെ സൈദ്ധാന്തികമായി സംവദിച്ചതും ലളിതമായ വാക്കുകളിലൂടെ. ചലച്ചിത്രത്തിലും സാഹിത്യ ലോകത്തും സാമൂഹിക രംഗത്തും അധ്യാപന രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച ഒഎൻവി ബാക്കിയാക്കുന്നത് വലിയ ശൂന്യതയാണ്. ആത്മാവിൽ മുട്ടി വിളിക്കുന്ന വരികളുമായി മുൻപേ നടക്കുവാൻ, നമ്മെ നയിക്കുവാൻ ചിന്തിപ്പിക്കുവാൻ ഇനിയില്ല ഇങ്ങനൊരാള്‍.

രാജാമണി

പശ്ചാത്ത സംഗീതത്തിന്റെ രാജാവ് തന്നെയായിരുന്നു രാജാമണി. അഭ്രപാളികളിലൂടെ കിടിലം കൊള്ളിച്ച നായക കഥാപാത്രങ്ങളെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്നത് രാജാമണി സൃഷ്ടിച്ച പശ്ചാത്തല സംഗീതം തന്നെ. കമ്മീഷണർ, ദി കിങ്, ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങി ഷാജി കൈലാസിന്റെ ഒട്ടുമുക്കാല്‍ ചിത്രങ്ങളിലും നായകന്റെ തലയെടുപ്പിനനുസരിച്ച് ഈണങ്ങൾ തീർത്ത, ജനങ്ങളുെട മനസില്‍ തമ്പുരാൻ കഥാപാത്രങ്ങളാക്കി അവരെ മാറ്റിയ സംഗീതം.

മലയാളത്തില്‍ മാത്രം 190 ചിത്രങ്ങളിലാണ് രാജാമണി സംഗീതമൊരുക്കിയത്. പത്ത് ഭാഷകളിലായി 700 ചിത്രങ്ങൾക്കും. ചിദംബരനാഥെന്ന സംഗീത പ്രതിഭയുടെ മകൻ, മെലഡികളുടെ രാജാവ് ജോൺസൺ മാഷിന്റെ അസിസ്റ്റന്റ് കീരവാണി അടക്കമുള്ള തെന്നിന്ത്യയിലെ അതികായൻമാരായ സംഗീത സംവിധായകരുടെ ഗുരു. ചടലുമായ ഗീതങ്ങളിലൂടെ സംഗീതത്തിന്റെ വിജയ ഗാഥ തീർത്ത സംഗീതജ്ഞൻ അപ്രതീക്ഷിതമായി കടന്നുവന്ന ഒരു നെഞ്ചുവേദനയുടെ കൈപിടിച്ച് ഇന്നലെയാണ് മരണത്തിലേക്ക് നടന്നത്.

ഷാൻ ജോൺസൺ

നമ്മുടെ പ്രിയ സംഗീതജ്ഞൻ ജോൺസൺ മാസ്റ്ററിന്റെ മകൾ. ലളിത സംഗീതംകൊണ്ട് മെലഡികളുടെ പൊന്നുരുകും പൂക്കാലം തീർത്ത ജോൺസൺ മാസ്റ്റര്‍ 2011 ഓഗസ്റ്റ് ലാണ് വിടപറയുന്നത്. ആറു മാസങ്ങൾക്കപ്പുറം അദ്ദേഹത്തിന്റെ മകൻ ഒരു അപകടത്തിൽ മരിച്ചു. പിന്നീടിപ്പോള്‍ ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചാം തീയതി മകൾ ഷാൻ ജോൺസണും. അച്ഛനെ പോലെ സംഗീത സംവിധാനമായിരുന്നു ഷാനിന്റെയും പ്രിയപ്പെട്ടത്.

മാർക്കറ്റിങ് മേഖലയിലായിരുന്നു ജോലിയെങ്കിലും അച്ഛന്റെ പാത പിന്തുടർന്ന മകൾ. പകൽ ജോലി. രാത്രി ദി സൗണ്ട് ബൾബ് എന്ന തന്റെ ട്രൂപ്പിനായി പാട്ടെഴുത്തും സംഗീത സംവിധാനവും ആലാപനവും. അച്ഛന്റെ പാട്ടുകളിലൂടെ അനിയന് സമ്മാനിച്ചുകൊണ്ട് ഷാൻ തീർത്ത ആൽബം ഏറെ ഹൃദ്യമായിരുന്നു. കുറച്ച് ചിത്രങ്ങളിൽ പാട്ടുകളുമെഴുതി. ജോൺസൺ മാസ്റ്ററിന്റെ ഗീതങ്ങൾ മുഴങ്ങിയ വേദികളിലെല്ലാം പാട്ടുമായി ഷാനുമുണ്ടായിരുന്നു. ചലച്ചിത്ര സംഗീത ലോകത്ത് ചുവടുറപ്പിക്കുന്നതേയുണ്ടായിരുന്നുള്ളൂ ഷാൻ. കർണാടികും പാശ്ചാത്യ സംഗീതവും ഒരുപോലെ വഴങ്ങുന്ന സ്വരമാധുരി അമ്മയെ തനിച്ചാക്കി പാതിമുറിഞ്ഞ മെലഡി പോലെ കടന്നുപോയി. ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഷാനിനെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.