Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനലിനിടയിൽ കുളിർമഴ പോലുള്ള പാട്ടുകളുമായി ചിത്രയും സുജാതയും

edavapathy ഇടവപ്പാതിയെന്ന ചിത്രത്തിലെ പോസ്റ്റർ ദൃശ്യങ്ങളിലൊന്ന്

ഇടവപ്പാതി പോലെ രാഗാർദ്രമാണീ പാട്ടുകളും. ആ രാഗങ്ങളുടെ വഴിയിൽ വരികളും പിന്നെ മലയാളത്തിലെ നാലു സുന്ദരമായ പെൺസ്വരങ്ങളും ഒന്നുചേർന്നപ്പോൾ പിറന്ന ഇടവപ്പാതി മഴയുടെ താളലയം പോലുള്ള നാലു പാട്ടുകൾ. രമേശ് നാരായണനും മോഹൻ സിത്താരയും ചേർന്ന് ചിട്ടപ്പെടുത്തിയ പാട്ടുകൾ‌ ആലപിച്ചിരിക്കുന്നത് ചിത്രയും സുജാതയും മഞ്ജരിയും മധുശ്രീ നാരായണനും ചേർന്നാണ്.

വേനലിന്റെ ചിറകിലേറി...

വേനലിന്റെ ചിറകിലേറി മീനം വിരുന്നുവരും മുൻപ് നീയെന്നെ....അകലങ്ങളിലേക്ക് കൊണ്ടുപോകുക...റോസ് മേരിയാണ് വരികൾ തീർത്തത്. കെ എസ് ചിത്രയുടേതാണ് ആലാപനം. പ്രണയത്തിന്റെ ശംഖുപുഷ്പങ്ങൾ പൊഴിഞ്ഞു വീണൊരു വഴിത്താരയിലേക്ക്...ഇലക്കൂട്ടങ്ങളെ ചികഞ്ഞു മാറ്റി നിഴൽ തീർക്കാൻ വെമ്പുന്നൊരു വേനൽച്ചീളു പോലെ മനസിലെന്തൊക്കെയോ കോറിയിട്ടാണ് വാനമ്പാടി പാടിയകലുന്നത്. മനുഷ്യർക്കിടയിലുള്ളതല്ല, പ്രകൃതിയും പ്രണയവും തമ്മിലാണ് യഥാർഥ പ്രണയമെന്ന് ആരെങ്കിലും ചിന്തിച്ചു പോയാലും അതിശയിക്കണ്ട...ഈ പാട്ട് അങ്ങനെയാണ്...മോഹൻ സിത്താര ടച്ചുള്ള നല്ല അസല് മെലഡി.

പശ്യതി ദിശി ദിശി

സംസ്ഥാന അവാർഡിന്റെ പകിട്ടുള്ള പാട്ട്. ഈ പാട്ടിന്റെയും കൂടി ആലാപനത്തിനാണ് മധുശ്രീ മികച്ച ഗായികയായത്. പിതാവ് രമേശ് നാരായണൻ മികച്ച സംഗീത സംവിധായകനായതും ഈ പാട്ടിനും കൂടി ഈണമിട്ടതുകൊണ്ടാണ്. ഉയർന്നും താഴ്ന്നും ഒരു പുഴപോലെ ഒഴുകുന്ന പാട്ട്. ജയദേവ് കുറിച്ച വരികളുടെ അർഥം ഭൂരിപക്ഷം കേഴ്‌‍വിക്കാരനും മനസിലാകില്ലായിരിക്കും. പക്ഷേ ആലാപനവും പാട്ടിന്റെ ഈണവും നിങ്ങളെ ഈ പാട്ടിലേക്കു ചേർക്കും.

ഞാൻ അറിയും

സംവിധായകനായ ലെനിൻ രാജേന്ദ്രനാണ് ഈ പാട്ടെഴുതിയതെന്നത് ആദ്യ പ്രത്യേകത. ഞാൻ അറിയും ചൈത്ര നിലാവേ...നോവുണരും പ്രണയം....എന്നു തുടങ്ങുന്ന ഈരടികൾ മഞ്ജരി പാടുമ്പോൾ അത് മെലഡിയുടെ നവ്യാനുഭവമാകുന്നു. ആലാപന ശൈലിയും ആലാപനവും ആലസ്യത്തിലാടുന്ന നിലാവ് പോലെ അതൊരുക്കുന്ന നിഴൽ പോലെ ആ നിഴലിൽ പ്രണയാർദ്രമായി നടന്നു നീങ്ങുന്ന ആണിനെയും പെണ്ണിനേയും പോലെ...വയലിന്റെയും ഗിത്താറിന്റെയും നാദം നിറഞ്ഞു നിൽക്കുന്ന കുഞ്ഞു പാട്ടാണിത്.

രതിസുഖ സാരേ...

പ്രണയം നമുക്ക് അന്യമാണ് നീ അതിനെ വെറുക്കുക...എനിക്കറിയാം നിന്റെ ഉള്ളു നിറയെ മറ്റൊരാളാണെന്ന്...അയാളുടെ മനസിലേക്കല്ല നീ ആഴ്ന്നിറങ്ങേണ്ടത് ശരീരത്തിലേക്കാണ് ..മോ നീ നിന്റെ യൗവനത്തെ സ്നേഹിക്കുക പ്രണയമുറങ്ങുന്ന നിന്റെ ശരീരത്തെ സ്നേഹിക്കുക...പുരുഷനെ രസിപ്പിക്കുക...അതായിരിക്കണം നിന്റെ മതം അയാൾക്കായി പാടുക അയാൾക്കായി ആടുക നിന്റെ മായിക വലയത്തിൽ അയാളെ മയക്കിക്കിടത്തുക. അതാണ് നമ്മുടെ കുലധർമ്മം....പാട്ടിനിടയിൽ ഗദ്യശകലം കടന്നുവരിക അല്ലെങ്കിൽ അതിൽ നിന്ന് തുടങ്ങുകയെന്നത് കേഴ്‌വിക്ക് ഒരു പ്രത്യേക സുഖം പകരുന്ന കാര്യമാണ്. രതി സുഖ സാരേ എന്ന ഗാനം അങ്ങനെയാണ് ആരംഭിക്കുന്നത്. സുജാതയുടെയും മധുശ്രീയുടെയും സ്വരഭംഗിയിലൂടെയെത്തിയ ഗാനം. ജയദേവിന്റെയാണ് വരികൾ.

ലെനിൻ രാജേന്ദ്രന്റെ ഈ ചിത്രത്തിലെ ഏത് ഗാനമാണ് ഏറ്റവും സുന്ദരമെന്ന് പറയുക അസാധ്യമാണ്. മലയാള ചലച്ചിത്രത്തിൽ എന്തെങ്കിലുമൊരു ചലനമുണ്ടാക്കിയ ഒട്ടേറെ ചിത്രങ്ങളിൽ ഈണക്കൂട്ടൊരുക്കിയിട്ടുണ്ട് രമേശ് നാരായണന്‍. രാഗങ്ങൾ കൊണ്ട് ചിത്രത്തെ പ്രൗഡമാക്കുവാൻ അദ്ദേഹത്തിന് എപ്പോഴും സാധിച്ചിട്ടുമുണ്ട്. ഇടവപ്പാതിയിലെ ഗാനങ്ങളും അങ്ങനെ തന്നെ. ലളിതവും സുന്ദരവുമായ പാട്ടുകളൊരുക്കിയാണ ് മോഹൻ സിത്താര, ഒരു മഞ്ഞുതുള്ളി പോലെ മലയാളികളുടെ മനസിന്റെ ഇഷ്ടമായത്. ചിത്രയുടെ സ്വരത്തിലെ ഏറ്റവും വശ്യമായ ഭാവത്തെ ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം തന്റെ പാട്ട് പൂർത്തിയാക്കിയത് ഇവിടെ. ഒരിക്കലും മറക്കാനാകാത്ത മെലഡിയൊരുക്കിയത്.

Your Rating: