Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ സര്‍വകലാശാലകളിലെ ഏറ്റവും മികച്ച സ്വരം ഈ കോട്ടയംകാരി

jameema

മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നടന്ന 32–മത് ഒാള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി നാഷനല്‍ യൂത്ത് ഫെസ്റ്റിവലില്‍ കോട്ടയം എം.ജി. സര്‍വകാലാശാലയെ പ്രതിനിധീകരിച്ച് കോട്ടയം സി.എം.എസ് കോളജ് വിദ്യാര്‍ഥിനി ജമീമ പോള്‍ വെസ്റ്റേണ്‍ സോളോയില്‍ ഒന്നാം സ്ഥാനം നേടി.

എം.ജി. സര്‍വകലാശാലയിലെ വിജയത്തിന് ശേഷം ബംഗളൂരില്‍ നടന്ന സൗത്ത് സോണ്‍ മത്സരത്തില്‍ വിജയിച്ചു. അതിനുശേഷമാണ് വിവിധ സോണുകളിലെ മല്‍സരാര്‍ഥികളുമായി മല്‍സരിച്ച് നാഷനല്‍ യൂത്ത് ഫെസ്റ്റിവലില്‍ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയയായത്. വര്‍ഷങ്ങള്‍ നീണ്ട ചിട്ടയായ പരിശീലനത്തിലൂടെ ആര്‍ജിച്ചെടുത്തതാണ് ഈ ഒന്നാം സ്ഥാനം.

Jemima Rejoice

കളത്തിപ്പടി ചിറക്കരോട്ടുവീട്ടില്‍ അധ്യാപക ദമ്പതികളായ ജോണ്‍സണ്‍ പോളിന്റെയും ജാന്‍സിയുടേയും പുത്രിയാണ് ജമീമ. ചാലുകുന്നിലുള്ള സി.എം.എസ് കോളജ് എല്‍.പി. സ്കൂളില്‍ മലയാളം മീഡിയത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. തുടര്‍ന്ന് പിതാവ് പഠിപ്പിക്കുന്ന സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും. ഇപ്പോള്‍ സി.എം.എസ് കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്.

പിതാവ് ജോണ്‍സണ്‍ പോളിന്റെ വാക്കുകളില്‍ – വീട്ടില്‍ അറിയപ്പെടുന്ന ഗായകരായി ആരുമില്ലായിരുന്നു. എങ്കിലും പാശ്ചാത്യ സംഗീതത്തോടുള്ള അമിതമായ ഭ്രമം മൂലം ദൈവത്തോട് അപേക്ഷിച്ച് മക്കള്‍ക്ക് കിട്ടിയ ദാനമാണ് പാടാനുള്ള കഴിവ്. സി.എസ്.ഐ അസന്‍ഷന്‍ ചര്‍ച്ചിലെ ഗായകസംഘാഗങ്ങളാണ് കുടുംബാംഗങ്ങളെല്ലാം. ഗായകസംഘത്തിലെ പരിശീലനമാണ് പാശ്ചാത്യ സംഗിതത്തിലേക്കുള്ള തുടക്കവും പ്രേരണയുമായത്. തുടര്‍ന്ന് ഡോ. അശ്വിന്‍ തോമസ് ഏലിയാസിന്റെ സ്ഥാപനമായ ‘ഹാര്‍പ്പണ്‍ ലയറി’ ല്‍ പരിശീലനത്തിനു ചേര്‍ന്നു.

2007 ല്‍ ഇവിടെ സന്ദര്‍ശിച്ച ഇന്ത്യയിലെ പ്രസിദ്ധ പാശ്ചാത്യ സംഗീത പരിശീലക നീസിയ മജോളിയാണ് ക്ളാസ്സിക് സംഗീതത്തിലെ പാടവം കണ്ടെത്തിയത്. ബംഗളൂരില്‍ വരികയാണെങ്കില്‍ തുടര്‍ന്നുള്ള പരിശീലനം നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. മാസത്തില്‍ ഒന്നോ രണ്ടോ തവണ ബംഗളൂരില്‍ യാത്ര ചെയ്ത് തുടര്‍ച്ചയായി ഏഴു വര്‍ഷം അവിടെ ചിട്ടയായി പരിശീലനം നടത്തി. ഒരു മണിക്കൂറോ അല്ലെങ്കില്‍ രണ്ടു മണിക്കൂറോ നീളുന്ന ക്ളാസ്സുകള്‍ക്കുവേണ്ടിയാണ് മകളേയും കൊണ്ട് പിതാവ് ഈ കഠിനയാത്രകള്‍ നടത്തിയത്. പിതാവിന്റെ വെസ്റ്റേണ്‍ ക്ളാസ്സിക് സംഗീതത്തിലെ താല്‍പര്യമാണ് ഈ ഏഴു വര്‍ഷവും ബംഗളൂരുവില്‍ കൊണ്ടുപോകാന്‍ പ്രേരിപ്പിച്ചത്. അവിടുത്തെ പരിശീലനം വഴി ലണ്ടന്‍ കോളജ് ഒാഫ് മ്യൂസിക്കില്‍ നിന്ന് 5 മുതല്‍ 8 വരെയുള്ള ഗ്രേഡൂം തു‌ടര്‍ന്ന് ക്ളാസ്സിക്കല്‍ സിംഗിംഗില്‍ ഡിസ്റ്റിംഗ്ഷനോടെ ഡിപ്ളോമയും നേടുകയുണ്ടായി.

സഹോദരന്‍ ജോവാന്‍ പോളും സംഗീത പാതയിലാണ്. പിയാനോയില്‍ റോയല്‍ സ്കൂള്‍ ഒാഫ് മ്യൂസിക്കില്‍ നിന്നും ഡിപ്ളോമ നേടുകയുണ്ടായി. ഇപ്പോള്‍ ഡെറാഡൂണ്‍ തിയോളോജിക്കല്‍ കോളജില്‍ മ്യൂസിക്ക് അധ്യാപകനായി ജോലി ചെയ്യുന്നു.

ദൈവാനുഗ്രഹവും, സമര്‍പ്പണത്തോടെയുള്ള ചിട്ടയായ പരിശീലനവുമാണ് തന്റെ വിജയങ്ങള്‍ക്കാധാരമെന്ന് ജമീമ. വിദേശ സര്‍വ്വകാലാശാലയില്‍ മ്യൂസിക് പഠനം എന്ന സ്വപ്നത്തിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചു മിടുക്കി.