Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്കിൾ ജാക്സണിന്റെ സഹോദരി ഇസ്ലാം മതം സ്വീകരിച്ചു?

Janet Jackson

മൈക്കിൾ ജാക്സണിന്റെ സഹോദരി ജാനറ്റ് ജാക്സൺ ഇസ്ലാം മതം സ്വീകരിച്ചു. ബ്രിട്ടീഷ് പത്രമായ ദ സണ്ണിന്റെ റിപ്പോർട്ടുകള്‍ പ്രകാരം ജാനറ്റ് 2012 മുതൽ ഇസ്ലാം മതത്തിന്റെ പാതയിലാണ്. ഖത്തർ ശതകോടീശ്വരൻ വിസാം അൽ മനയുമായുള്ള ജാനറ്റിന്റെ വിവാഹത്തിന് ശേഷമാണ് താരം ഇസ്ലാമിലേക്ക് കൂടുതൽ അടുക്കുന്നതെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ജാനറ്റിന്റെ കുടുംബാംഗങ്ങള്‍ക്ക് താരത്തിന്റെ മതംമാറ്റത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ദ സൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ജാനറ്റ് ജാക്‌സണ് കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ ഗാനം നോ സ്ലീപ്പ് പുറത്തിറക്കിയത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജാനറ്റ് ഒരു ഗാനം പുറത്തിറക്കുന്നത്. 2010 ൽ വൈ ഡിഡ് ഐ ഗെറ്റ് മാരിഡ് റ്റൂ? എന്ന ചിത്രത്തിന് വേണ്ടി പുറത്തിറക്കിയ നത്തിങ് എന്ന ഗാനമായിരുന്നു ജാനറ്റ് അവസാനമായി പുറത്തിറക്കിയ സിംഗിൾ. ജാനറ്റ് ജാക്‌സൺ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറക്കുന്ന ആൽബത്തിലെയാണ് നോ സ്ലീപ്പ് എന്ന ഗാനമെന്നും, പേരിട്ടില്ലാത്ത ആൽബം ഈ വർഷം അവസാനം പുറത്തിറങ്ങുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2008 ൽ പുറത്തിറക്കിയ ഡിസ്പ്ലിനായിരുന്നു ജാനറ്റിന്റെ അവസാന ആൽബം.

മൈക്കിൾ ജാക്‌സണിന്റെ ഇളയ സഹോദരിയായ ജാനറ്റ് ജാക്‌സൺ, ദ ജാക്‌സൺ 5 എന്ന സംഘത്തിലൂടെയാണ് സംഗീതത്തിലേക്ക് എത്തുന്നത്. എഴുപതുകളിലെ പ്രശസ്ത ടീവി പരമ്പരയായ ദ ജാക്‌സൺസിലൂടെ പ്രശസ്തയായ ജാനറ്റ് 1982 ൽ ആദ്യ ആൽബം ജാനറ്റ് ജാക്‌സൺ പുറത്തിറക്കി. ആദ്യ ആൽബം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചതോടെ പോപ്പ് താരമായി വളർന്ന ജാനറ്റ്, തുടർന്ന് 1984 ൽ ഡ്രീം സ്ട്രീറ്റ്, 1986 ൽ കൺട്രോൾ, 1989 ൽ ജാനറ്റ് ജാക്‌സൺസ് റിഥം നേഷൻ, 1993 ൽ ജാനറ്റ്, 1997 ൽ ദ വെൽവെറ്റ് റോപ്പ്, 2001 ൽ ഓൾ എബൗട്ട് യു, 2004 ൽ ഡാമിറ്റ ജോ, 2006 ൽ 20 വൈ. ഒ, 2008 ൽ ഡിസ്പ്ലിൻ തുടങ്ങിയ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

പീഢനങ്ങൾക്കെതിരേയും, സാമൂഹിക അസമത്വങ്ങൾക്കെതിരെയുമെല്ലാമുള്ള വരികളുടെ പേരിൽ പ്രശസ്തയാണ് ജാനറ്റ്. ലോകത്താകമാനം 160 ദശലക്ഷം ഗാനങ്ങൾ ജാനറ്റിന്റേതായി വിറ്റിട്ടുണ്ട്. ഏറ്റവുമധികം തവണ അടുപ്പിച്ച് ബിൽബോർഡ് ഹോട്ട്100 ലിസ്റ്റിന്റെ ടോപ്പ് 10 ൽ ഗാനങ്ങൾ എത്തിച്ചിട്ടുള്ള റിക്കോർഡും ജാനറ്റിന്റെ പേരിലാണ്. ലോകത്ത് ഏറ്റവും അധികം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള പോപ്പ് ഗായികമാരിൽ ഒരാളായ ജാനറ്റിന് അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരം 12 പ്രാവശ്യവും, ബിൽബോർഡ് പുരസ്‌കാരം 33 പ്രാവശ്യവും, ഗ്രാമി പുരസ്‌കാരം 6 പ്രാവശ്യവും ലഭിച്ചിട്ടുണ്ട്.