Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 പ്രശസ്ത പാട്ടുകാരുടെ ശബ്ദത്തിൽ പാടുന്ന മിടുക്കൻ

Joel Roomie

പാട്ടുകാരനാവാൻ കഴിയാത്തതിന്റെ ദു:ഖം മുഴുവൻ കുളിമുറിയിൽ കയറി പാടിത്തീർക്കുന്നവരാണു നമ്മളിൽ പലരും. കുളിമുറിയിലെത്തിയാൽ പിന്നെ പേരെടുത്ത പാട്ടുകാരെയൊക്കെ 'ഇങ്ങനെയും പാടാം' എന്നു പഠിപ്പിക്കുകയാണു നമ്മുടെ പണി. പാവങ്ങൾ അറിയുന്നില്ലെന്നേയുള്ളു. അവർ പാടി മനോഹരമാക്കിയ പാട്ടുകൾ നമ്മുടെയൊക്കെ സ്വര മാധുരിയിൽ പാടിക്കേൾക്കേണ്ടി വന്നാൽ അവരുടെ സ്ഥിതിയെന്നു പറയാനാവില്ല.

ഒരു വിധം നന്നായി പാടുന്നവര്‍ക്കു പോലും മറ്റു പാട്ടുകാരെ അനുകരിക്കാന്‍ സാധിച്ചെന്നു വരില്ല. കാരണം ഇങ്ങനെ ചെയ്യുന്നതിനു മികച്ചൊരു മിമിക്രി കലാകാരനും പാട്ടുകാരനും ആവണം. രണ്ടു കഴിവുകളും ഒരു പോലെ ലഭിച്ചിട്ടുള്ള ചിലരെ ഇതുവരെ ഭൂമിയില്‍ ഉണ്ടായിട്ടുള്ളു. പാട്ടുകാരെ നന്നായി അനുകരിക്കുന്ന മിമിക്രിക്കാരുണ്ടാവാം. പക്ഷേ പാട്ടുകാരായിത്തീർന്ന മിമിക്രിക്കാർ കുറവാണ്. ഇനി മികച്ച മിമിക്രിക്കാർക്കും ഒരു പാട്ടുകാരന്‍ പാടിയ എല്ലാ പാട്ടുകളും അയാളുടെ ശബ്ദത്തിൽ അനുകരിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

എന്നാല്‍ സ്വീഡനിൽ ജനിച്ചു ലണ്ടനിൽ സ്ഥിരതാമസമാക്കിയ ജോയൽ റൂമി ബെർഗാൾട്ടിന് പാട്ടുകാരെ അനുകരിക്കുന്നതു ഒരു ചെറു വിനോദം മാത്രം. ഒന്നും രണ്ടുമല്ല പ്രശസ്തരായ 15 പാട്ടുകാരു‌ടെ പാട്ടുകൾ അവരുടെ ശബ്ദത്തിൽ വളരെ തനിമയോടെ പാടുവാൻ ഈ മിടുക്കനു കഴിയും. ഗ്രീൻ ഡേയിലെ ബില്ലി ജോയ് ആംസ്ട്രോങ്, ബ്രൂണോ മാർസ്, റിക്ക് ആസ്‌ലി, സാം സ്മിത്ത്, ആഡം ലെവ്‌ലിന്‍, ലിൽ ജോൺ, ബ്രൂസ് സ്പ്രിംങ്സ്റ്റീൻ തുടങ്ങിയവർ ഇവരിൽ ഏതാനും ചിലർ മാത്രം. ട്രെയിൻ സംഗീതട്രൂപ്പിലെ പ്രമുഖ പാട്ടുകാരനായ പാട്രിക് മോൺഹെന്‍ ആണു റൂമിയുടെ മറ്റൊരു മാസ്റ്റർപീസ്.

പാട്ടു പാടാൻ കഴിവുള്ളവർ തന്നെ കുറവാണ്. അപ്പോഴാണു പല ശബ്ദത്തിൽ പാടുക എന്നു പറയുന്നത്. എന്തായാലും ഇവരുടെ ശബ്ദത്തിൽ റൂമി പാടിയ പാട്ടുകൾ ഇപ്പോള്‍ യൂടൂബിൽ ഹിറ്റാണ്. റൂമി ഒഫിഷ്യൽ എന്ന പേരിൽ സ്വന്തമായി ഒരു വെരിഫൈഡ് യൂടൂബ് ചാനലും റൂമിയ്ക്കുണ്ട്. ഏഴേമുക്കാൽ ലക്ഷത്തോളം ആൾക്കാരാണു റൂമിയെ യൂടൂബിൽ പിന്തുടരുന്നത്.