Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ സംഭാവന സ്വർണമോതിരം, പിന്നെ പാട്ടും

chithra-at-devalokam-10 നിർധനരായ കാൻസർ രോഗികൾക്കു ചികിൽസ ഉറപ്പാക്കുന്ന ഓർത്തഡോക്സ് സഭയുടെ സ്നേഹ സ്പർശം പദ്ധതിയിലേക്ക് സംഭാവനയായി ഗായിക കെ.എസ്. ചിത്ര തന്റെ സ്വർണമോതിരം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് നൽകുന്നു. ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫാ. സി. ജോൺ ചിറത്തലാട്ട് എന്നിവർ സമീപം. ചിത്രം: റോക്കി ജോർജ്

സംഗീതാർച്ചനയുമായി മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര കോട്ടയത്ത്. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്വപ്നപദ്ധതി ‘സ്നേഹസ്പർശം' പദ്ധതിയുടെ ചൊവ്വാഴ്ചത്തെ ഉദ്ഘാടന ചടങ്ങിലാണ് ചിത്രയുടെ സംഗീത സന്ധ്യ. സപ്തതി ആഘോഷങ്ങൾ ഒഴിവാക്കി സ്വരൂപിച്ച തുക അർബുദ രോഗികൾക്ക് ഉപയോഗിക്കുന്നതാണു പദ്ധതി. അഞ്ചു മണിക്ക് കെ.സി.മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇത്യോപ്യൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ആബൂനാ മത്ഥ്യാസ് പാത്രിയർക്കീസ് ബാവാ പദ്ധതി ഉദ്ഘാടനം ചെയ്യും. ഡോ.വി.പി.ഗംഗാധരനെയും ഗായിക കെ.എസ്.ചിത്രയെയും സ്നേഹസ്പർശം പുരസ്കാരം നൽകി ആദരിക്കും. കാതോലിക്കാ ബാവാ അധ്യക്ഷതവഹിക്കും. തുടർന്നാണു ചിത്രയുടെ സംഗീതസന്ധ്യ.

സ്‌നേഹസ്പർശം‌ പദ്ധതിയിലേക്ക് ആദ്യ സംഭാവന നൽകിയതും ഗായികയാണ് . തന്റെ കയ്യിൽ കിടന്ന സ്വർണമോതിരം സഭയ്ക്കു സംഭാവനയായി നൽകിയാണു ചിത്ര പദ്ധതിയുടെ ഭാഗമായത്. ഇന്നു കെ.സി.മാമ്മൻ‌ മാപ്പിള ഹാളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയ ചിത്ര പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ തന്റെ പിന്തുണ അറിയിക്കുന്നതിനായാണ് ഇന്നലെ ദേവലോകം അരമനയിൽ എത്തിയത്. തന്റെ അച്ചനും അമ്മയും കാൻസർ ബാധിതരായാണു മരിച്ചതെന്നും പദ്ധതിയെപ്പറ്റി അറിഞ്ഞപ്പോൾ തന്നെ, പദ്ധതിയുടെ ഭാഗമാകണമെന്നാണ് ആഗ്രഹിച്ചതെന്നും ചിത്ര പറഞ്ഞു. നെൽസൺ പിറവം, നിഷാദ്, രൂപ എന്നിവരാണ് ചിത്രയ്ക്കൊപ്പം പാടുന്നത്. പ്രത്യേകം തിരഞ്ഞെടുത്ത ഗാനങ്ങളാണ് ആലപിക്കുക. 

പണമില്ലാത്തതുമൂലം ചികിൽസ നടത്താൻ കഴിയാത്ത രോഗികളുണ്ട് ഈ നാട്ടിൽ. അവർക്കു തീർച്ചയായും സഹായകമാകുന്നതാണ് ഓർത്തഡോക്സ് സഭയുടെ കാരുണ്യ പദ്ധതി. സ്നേഹസ്പർശം പദ്ധതി വേദന അനുഭവിക്കുന്ന ഒട്ടേറെ രോഗികൾക്കു പ്രതീക്ഷയുടെ വെളിച്ചം പകരും. പലർക്കും പുതുജീവിതം തന്നെ ലഭിക്കും. കാതോലിക്കാ ബാവാ തിരുമേനി ഇക്കാര്യത്തെപ്പറ്റി എന്നോടു പറഞ്ഞപ്പോൾ ഇതുമായി സഹകരിക്കാനും ഇവിടെ വരാനും എനിക്കു കൂടുതൽ ആലോചിക്കേണ്ടി വന്നില്ല-ചിത്ര പറഞ്ഞു.

നിർധനരായ രോഗികൾക്കു ചികിൽസ ഉറപ്പാക്കുന്ന പദ്ധതിക്കായി അഞ്ചുകോടിയോളം രൂപയാണു സഭ മാറ്റിവയ്ക്കുന്നത്. സഭ ആരംഭിച്ച സ്നേഹസ്പർശം പരിപാടിക്കു ഗായകൻ കെ.ജെ.േയശുദാസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന വിശിഷ്ടാതിഥികളെ 4.30ന് മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിൽ നിന്നു മാമ്മൻ മാപ്പിള ഹാളിലേക്കു സ്വീകരിക്കും. അഞ്ചു മണിയോടെ പൊതുസമ്മേളനം ആരംഭിക്കും.

അർബുദരോഗ വിദഗ്ധൻ ഡോ.വി.പി.ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തും. ഡോ.ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്റർ ബിഷപ് തോമസ് കെ.ഉമ്മൻ തുടങ്ങിയവർ പങ്കെടുക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.